NEWS UPDATE

6/recent/ticker-posts

മോദിയുടെ സഹോദരൻ സമരവുമായി ഡൽഹിയിൽ: 'ജീവിതച്ചെലവ് താങ്ങാനാകുന്നില്ല; അരി, ഗോതമ്പ്, പഞ്ചസാര എന്നിവക്ക് നഷ്ടപരിഹാരം നൽകണം'

ന്യൂഡൽഹി: വർധിച്ച ജീവിതച്ചെലവ് താങ്ങാനാവാത്തതിനാൽ പൊതുവിതരണ കേന്ദ്രങ്ങളായ ന്യായവില ഷോപ്പുടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ധർണ നടത്തി. ഇദ്ദേഹം വൈസ് പ്രസിഡന്റായ ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്‌സ് ഫെഡറേഷന്റെ (എ.ഐ.എഫ്.പി.എസ്.ഡി.എഫ്) നേതൃത്വത്തിലാണ് ചൊവ്വാഴ്ച വിവിധ ആവശ്യങ്ങളുന്നയിച്ച് ജന്തർമന്തറിൽ സമരം നടത്തിയത്.[www.malabarflash.com]

അരി, ഗോതമ്പ്, പഞ്ചസാര എന്നിവ വിൽപന നടത്തിയതിലൂടെ ന്യായവില ഷോപ്പുടമകൾ നേരിട്ട സാമ്പത്തിക ബാധ്യതക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന് ഇവർ ആവശ്യ​​പ്പെട്ടു. "നമ്മുടെ നിലനിൽപ്പിന് വേണ്ടി ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ നിരത്തി സംഘടനയുടെ പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നൽകും. 

നിലവിലെ ജീവിതച്ചെലവും കട നടത്താനുള്ള ഭാരിച്ച ചെലവുകളും താങ്ങാനാവുന്നതല്ല. എന്നിട്ടും തങ്ങൾക്ക് കമ്മീഷൻ ഇനത്തിൽ കിലോയ്ക്ക് 20 പൈസ മാത്രം വർധിപ്പിച്ചത് ക്രൂരമായ തമാശയാണ്. വ്യാപാരികൾ നേരിടുന്ന സാമ്പത്തിക ദുരിതങ്ങൾ അവസാനിപ്പിക്കാനും ആശ്വാസം നൽകാനും ഞങ്ങൾ കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കുന്നു' - പ്രഹ്ലാദ് മോദി പറഞ്ഞു. എ.ഐ.എഫ്.പി.എസ്.ഡി.എഫ് ദേശീയ എക്‌സിക്യൂട്ടീവ് യോഗം ബുധനാഴ്ച ചേരുമെന്നും അതിന്റെ അടിസ്ഥാനത്തിൽ അടുത്ത നടപടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ കാണുമെന്ന് സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറി ബിശ്വംഭർ ബസു പി.ടി.ഐയോട് പറഞ്ഞു. അരി, ഗോതമ്പ്, പഞ്ചസാര എന്നിവയുടെ വിൽപന വഴി ഉണ്ടായ അധികബാധ്യതക്ക് സർക്കാർ നഷ്ടപരിഹാരം നൽകുക, ഭക്ഷ്യ എണ്ണയും പയറുവർഗ്ഗങ്ങളും പാചകവാതകവും ന്യായവില ഷോപ്പുകളിലൂടെ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളും എ.ഐ.എഫ്.പി.എസ്.ഡി.എഫ് ഉന്നയിച്ചു.

പശ്ചിമ ബംഗാൾ മോഡൽ സൗജന്യ റേഷൻ വിതരണം രാജ്യത്തുടനീളം നടപ്പാക്കുക, ജമ്മു-കശ്മീർ ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും കുടിശികയായ കമീഷൻ ഉടൻ നൽകുക, ഗ്രാമീണ മേഖലയിലെ ന്യായവില ഷോപ്പ് ഡീലർമാരെ അരിയുടെയും ഗോതമ്പിന്റെയും നേരിട്ടുള്ള സംഭരണ ​​ഏജന്റുമാരായി പ്രവർത്തിക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ബിശ്വംഭർ ബസു കൂട്ടിച്ചേർത്തു.

Post a Comment

0 Comments