NEWS UPDATE

6/recent/ticker-posts

തോളിൽ കൈയിട്ട്, വാക്കു പാലിച്ച് ഷെയ്ഖ് ഹംദാൻ; ‘വൈറൽ ഡെലിവറി ബോയി’യെ നേരിൽ കണ്ടു

ദുബൈ: പറഞ്ഞ വാക്കു പാലിച്ച് ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വൈറലായ വീഡിയോയിലെ പാക്കിസ്ഥാനി ഡെലിവറി ബോയ് അബ്ദുൽ ഗഫൂറിനെ ഒടുവിൽ അദ്ദേഹം നേരിൽ കണ്ടു. ദുബൈയിലെ റോഡിൽ കിടന്ന രണ്ടു കോൺക്രീറ്റ് കട്ടകൾ നീക്കം ചെയ്താണ് അബ്ദുൽ ഗഫൂർ സമൂഹമാധ്യമങ്ങളിൽ വൈറലായത്.[www.malabarflash.com]


ഈ വീഡിയോ കണ്ട് ഷെയ്ഖ് ഹംദാൻ ട്വിറ്ററിലൂടെ യുവാവിനെ അഭിനന്ദിച്ചത് വാർത്തയായിരുന്നു. ഇപ്പോൾ നാട്ടില്‍ ഇല്ലെന്നും തിരികെ എത്തിയാൽ ഉടൻ നേരിൽ കാണാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. യുകെയിലായിരുന്ന ഷെയ്ഖ് ഹംദാൻ തിരിച്ചെത്തിയ ശേഷം ആദ്യം നടത്തിയത് യുവാവുമായുള്ള കൂടിക്കാഴ്ചയായിരുന്നു.

തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലും ട്വിറ്ററിലും അബ്ദുൽ ഗഫൂറിന്റെ തോളത്ത് കൈയിട്ട് നിൽക്കുന്ന ചിത്രം ഷെയ്ഖ് ഹംദാൻ പോസ്റ്റ് ചെയ്തു. ചിത്രത്തിന്റെ അടിക്കുറിപ്പ് ഇങ്ങനെയാണ്: ‘അബ്ദുൾ ഗഫൂറിനെ കണ്ടതിൽ അഭിമാനമുണ്ട്, പിന്തുടരേണ്ട ഒരു യഥാർഥ മാതൃക’. ടി ഷർട്ടും നീല ജീൻസുമാണ് യുവാവ് ധരിച്ചിരുന്നത്. കഴിഞ്ഞ മാസം ഷെയ്ഖ് ഹംദാൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ അബ്ദുൽ ഗഫൂറിനെ ഹീറോ ആക്കി പോസ്റ്റ് ചെയ്തിരുന്നു.

അന്ന് വൈറലായ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ഷെയ്ഖ് ഹംദാൻ പറഞ്ഞതിങ്ങനെ: ‘ദുബൈയില്‍ നടന്ന നന്മയുള്ള ഒരു പ്രവൃത്തി പ്രശംസനീയമാണ്. ആർക്കെങ്കിലും ഇദ്ദേഹമാരാണെന്ന് ചൂണ്ടിക്കാണിക്കാൻ കഴിയുമോ?’. വൈകാതെ, ‘ആ നല്ല മനുഷ്യനെ കണ്ടെത്തി’ എന്ന് അദ്ദേഹം പോസ്റ്റ് ചെയ്തു. ‘നന്ദി അബ്ദുൾ ഗഫൂർ. താങ്കൾ നന്മനിറഞ്ഞ വ്യക്തിയാണ്. നമ്മൾ ഉടൻ നേരിൽ കാണും’– ഷെയ്ഖ് ഹംദാൻ കുറിച്ചു. പിന്നീട്, യുവാവിനെ ഫോൺ വിളിച്ച് അഭിനന്ദിക്കുകയും താനിപ്പോൾ രാജ്യത്ത് ഇല്ലെന്നും തിരിച്ചുവന്നാലുടൻ കാണാമെന്നും അറിയിച്ചു. നാട്ടിൽ പോകാനൊരുങ്ങിയിരുന്ന അബ്ദുൽ ഗഫൂർ ഇതേ തുടർന്ന് തന്റെ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

അൽഖൂസിലായിരുന്നു വൈറലായ വീഡിയോയിൽ കാണുന്ന സംഭവം അരങ്ങേറിയത്. തലാബാത്തിൽ ഡെലിവറി ബോയിയായ അബ്ദുൽ ഗഫൂർ ബൈക്കിൽ അൽഖൂസ് ഇന്റർസെക്ഷനിലെ ട്രാഫിക്കിൽ കാത്തിരിക്കുകയായിരുന്നു. നേരത്തെ ഏതോ ട്രക്കിൽ നിന്ന് റോഡിൽ വീണ രണ്ടു കോൺക്രീറ്റ് ബ്ലോക്കുകൾ വാഹനങ്ങൾ നീങ്ങിയ ശേഷം എടുത്ത് സുരക്ഷിതമായ സ്ഥലത്ത് ഒതുക്കിവച്ചു. ഇത് ആരോ വീഡിയോയിൽ പകർത്തിയതായി അറിഞ്ഞത് രണ്ടാഴ്ചയ്ക്ക് ശേഷം അത് വൈറലായപ്പോഴാണ്.

ആളുകൾ അഭിനന്ദനങ്ങൾ ചൊരിയുകയും തലാബാത്ത് അധികൃതർ സമ്മാനവും നാട്ടിലേയ്ക്ക് പോയി വരാനുള്ള വിമാന ടിക്കറ്റും നൽകുകയും ചെയ്തു. ആദ്യം ഷെയ്ഖ് ഹംദാനുമായി കൂടിക്കാഴ്ച, അതു കഴിഞ്ഞു മതി യാത്രയെന്നായിരുന്നു ഈ യുവാവിന്റെ തീരുമാനം. രണ്ടു വയസുള്ള മകനെയും ഭാര്യയെയും കാണാൻ വൈകാതെ നാട്ടിലേയ്ക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ് ഭരണാധികാരികൾക്ക് പ്രിയങ്കരനായിത്തീർന്ന ഈ യുവാവ്.

കഴിഞ്ഞ വർഷം, കെട്ടിടത്തിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചതിന് മലയാളികളടക്കമുള്ളവരെ ദുബൈയ് ഭരണാധികാരികൾ അഭിനന്ദിക്കുകയും റിവാർഡ് നൽകുകയും ചെയ്തിരുന്നു.

Post a Comment

0 Comments