NEWS UPDATE

6/recent/ticker-posts

ഹൃദയം നുറുങ്ങുന്ന വേദനയോടെ അവർ ''ഇർഷാദിനെ'' ഏറ്റുവാങ്ങി

പേരാമ്പ്ര: തങ്ങൾ ജീവിച്ചിരിക്കുന്ന കാലത്ത് മക്കൾ മരിക്കരുതെന്നാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. നിർഭാഗ്യവശാൽ മക്കൾക്ക് മരണം സംഭവിച്ചാൽ അവരുടെ മൃതദ്ദേഹം അവസാനമായി കാണാനും മതാചാരപ്രകാരം സംസ്ക്കരിക്കാനും എല്ലാവരും ആഗ്രഹിക്കും.[www.malabarflash.com] 

എന്നാൽ ഇവിടെ പന്തിരിക്കരയിലെ കോഴിക്കുന്നുമ്മൽ നാസർ - നഫീസ ദമ്പതികളോട് വിധി കാണിച്ചത് വലിയ ക്രൂരതയാണ്. മകനെ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയപ്പോൾ ആ മൃതദ്ദേഹം പോലും ഒന്നു കാണാൻ ഈ കുടുംബത്തിനു ലഭിച്ചില്ല.

മറ്റൊരാളാണെന്ന് കരുതി ആ വീട്ടുകാർ അവരുടെ മതാചാരപ്രകാരം ചിതയൊരുക്കി സംസ്ക്കരിക്കുകയാണ് ചെയ്തത്. മകന്റെ അസ്ഥിയെങ്കിലും കൊണ്ടുവന്ന് കബറടക്കണമെന്ന ആ പിതാവിന്റെ ആഗ്രഹം ഞായറാഴ്ച സഫലമായി. മേപ്പയ്യൂരിലെ കൂനം വെള്ളിക്കാവ് വടക്കേടത്തുക്കണ്ടി ദീപക്കിന്റെ മൃതദ്ദേഹമാണെന്ന് കരുതിയാണ് കുടുംബം ആ വീട്ടുവളപ്പിൽ ചിതയൊരുക്കിയത്. ഡി.എൻ.എ പരിശോധനയിലൂടെ അത് ഇർഷാദാണെന്ന് കഴിഞ്ഞ ദിവസമാണ് തെളിഞ്ഞത്.

വടകര ആർ.ഡി.ഒ സി. ബിജു ദീപകിന്റെ വീട്ടിൽ നിന്നും ഏറ്റുവാങ്ങിയ അസ്ഥി പോലീസാണ് ബന്ധുക്കൾക്ക് കൈമാറിയത്. പെരുവണ്ണാമൂഴി എസ്.എച്ച്.ഒ കെ. സുഷീറിൽ നിന്നും ഇർഷാദിന്റെ മാതൃസഹോദരീ പുത്രൻ റഷീദ് ഏറ്റുവാങ്ങി. ഉച്ചക്ക് 2 മണിയോടെ ആവടുക്ക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ആവടുക്ക ജുമാ മസ്ജിദ് ഖാസി ബഷീർ ബാഖഫിയുടെ നേതൃത്വത്തിലാണ് സംസ്ക്കാര ചടങ്ങുകൾ നടന്നത്.

Post a Comment

0 Comments