കൊച്ചി: ഇന്‍ഫോപാര്‍ക്കിന് സമീപം ഫ്ളാറ്റില്‍ മൃതദേഹം തുണിയില്‍ കെട്ടി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകമാണെന്നാണ് പോലീസ് നിഗമനം.[www.malabarflash.com]
എടച്ചിറ സോണിയാ ഫ്‌ളാറ്റിലെ എഫ് 16-ല്‍ ആണ് കൊലപാതകം നടന്നത്. അഞ്ചുപേരായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഇതില്‍ നാല് പേരില്‍ ചിലര്‍ നാട്ടിലേക്കും മറ്റ് ചിലര്‍ യാത്രപോവുകയും ചെയ്ത സമയത്താണ് കൊലപാതകം നടന്നത്. രണ്ട് ദിവസമായി സജീവ് കൃഷ്ണയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മറ്റൊരു താക്കോലെടുത്ത് മുറി തുറന്നപ്പോഴാണ് സജീവ് കൃഷ്ണയെ മരിച്ചനിലയില്‍ കണ്ടത്.
മറ്റുള്ളവര്‍ സ്ഥലത്തില്ലാത്ത സമയത്ത് ഇവരുടെ വേറൊരു സുഹൃത്തായ അര്‍ഷാദ് ഇങ്ങോട്ട് താമസം മാറ്റിയിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇയാളാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. ബെഡ്ഷീറ്റിലും തുണിയിലും പൊതിഞ്ഞ് അനാവശ്യ സാധനങ്ങള്‍ താഴേക്കിടുന്ന വലിയ പൈപ്പിനുള്ളിലേക്ക് മറിച്ചിട്ടനിലയിലായിരുന്നു മൃതദേഹം.
സജീവിന്റെ മൃതദേഹത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സജീവിന്റെ ഫോണ്‍ സംഭവ സ്ഥലത്ത് നിന്നും കാണാതായിട്ടുണ്ട്. ഇത് അര്‍ഷാദിന്റെ കൈയ്യിലായിരിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഇയാളുടെ ഫോണും സ്വിച്ച് ഓഫാണ്.
ഫ്‌ളാറ്റില്‍ നിന്ന് സ്ഥിരമായി മദ്യപാനവും മറ്റും നടക്കുന്നതിനാല്‍ ഇവരോട് റൂം മാറാന്‍ ആവശ്യപ്പെട്ടിരുന്നതായി ഫ്‌ളാറ്റ് ഉടമ പറഞ്ഞു. കോട്ടയം സ്വദേശിയുടെ പേരിലുള്ളതാണ് ഫ്‌ളാറ്റ്.
0 Comments