NEWS UPDATE

6/recent/ticker-posts

റോഡിലെ സ്ലാബിൽ തട്ടിവീണ് കൈയൊടിഞ്ഞ വയോധികക്ക് 10.12 ലക്ഷം നഷ്ടപരിഹാരം

കൊച്ചി: എം.ജി റോഡിലൂടെ നടക്കവേ ഓടയുടെ മൂടിയായ സ്ലാബിൽ തട്ടി വീണ് കൈയൊടിഞ്ഞ വയോധികക്ക് കൊച്ചി കോർപറേഷൻ 10.12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഓംബുഡ്സ്മാൻ. അഞ്ചു ലക്ഷം നഷ്ടപരിഹാരവും അന്നുമുതൽ ഇതുവരെ ആറുശതമാനം പലിശയും ചേർത്ത് നൽകാനാണ് ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍റെ ഉത്തരവ്.[www.malabarflash.com]

തുക രണ്ടുമാസത്തിനകം നൽകണമെന്നും വീഴ്ച വരുത്തിയാൽ ഉത്തരവ് തീയതി മുതൽ 12 ശതമാനം പലിശസഹിതം നൽകണമെന്നും നിർദേശിച്ചു. 2004 ഒക്ടോബർ 18നാണ് സംഭവം. എം.ജി റോഡിൽ രവിപുരം ശ്രീ ശാരദാമഠം ഓൾഡ് ഏജ് ഹോമിലെ ടി.കെ. രമണി നൽകിയ പരാതിയിലാണ് നഷ്ടപരിഹാരം വിധിച്ചത്. എം.ജി റോഡിൽ കൊച്ചിൻ ഹോസ്പിറ്റലിന് മുന്നിലാണ് അന്ന് 66 വയസ്സുണ്ടായിരുന്ന ഇവർ വീണത്.

ചികിത്സാരേഖകൾ സഹിതം 2004 നവംബർ 24നാണ് പരാതി നൽകിയത്. പരാതിയിൽ കോർപറേഷന് ഓംബുഡ്സ്മാൻ നോട്ടീസ് അയച്ചിരുന്നെങ്കിലും നോട്ടീസ് കാണാതായിരുന്നു. വീണ്ടും കഴിഞ്ഞമാസം ഓംബുഡ്സമാൻ കോർപറേഷന് നോട്ടീസ് അയച്ച് വാദം കേട്ടശേഷമാണ് വിധി പ്രസ്താവിച്ചത്.

എം.ജി റോഡ് പൊതുമരാമത്ത് വകയാണെന്നും കോർപറേഷന് ബാധ്യതയില്ലെന്നുമുള്ള വാദം ഉന്നയിച്ചെങ്കിലും കോർപറേഷനാണ് ഓടകൾ വൃത്തിയാക്കുന്നതെന്ന് സമ്മതിച്ചു. വൃത്തിയാക്കിയശേഷം മൂടികൾ യഥാവിധി പുനഃസ്ഥാപിച്ചുവെന്നതിന് തെളിവ് ഹാജരാക്കാനുമായില്ല. ഇതിൽനിന്ന് നിരത്തുകൾ പരിപാലിക്കുന്നതിൽ കോർപറേഷൻ വരുത്തിയ വീഴ്ച കൊണ്ടാണ് പരാതിക്കാരി വീഴാൻ ഇടയാക്കിയതെന്ന അനുമാനത്തിൽ എത്തിച്ചേർന്ന ഓംബുഡ്സ്മാൻ കോർപറേഷൻ നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു.

Post a Comment

0 Comments