NEWS UPDATE

6/recent/ticker-posts

പോപ്പുലർ ഫ്രണ്ട് ഹര്‍ത്താല്‍; 157 കേസ്, 170 അറസ്റ്റ്, 368 പേര്‍ കരുതല്‍ തടങ്കലില്‍

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ സ്ഥലങ്ങളിലെ ആക്രമണങ്ങളിൽ 170 പേര്‍ അറസ്റ്റിലായി. 368 പേരെ കരുതല്‍ തടങ്കലിലുമാക്കി. വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ പോലീസ് ഉദ്യോ​ഗസ്ഥർ, കെഎസ്ആർടിസി ജീവനക്കാർ, യാത്രക്കാർ തുടങ്ങിയവർക്ക് പരുക്കേറ്റിരുന്നു.[www.malabarflash.com]

തിരുവനന്തപുരം സിറ്റിയിൽ മാത്രമായി 12 കേസുകളും 11 അറസ്റ്റും, മൂന്ന് പേരെ കരുതൽ തടങ്കലിലുമാക്കി. കോട്ടയം ജില്ലയിൽ 11 കേസുകളും 87 പേരുടെ അറസ്റ്റും രേഖപ്പെടുത്തി. എട്ട് പേരെയാണ് കോട്ടയത്ത് കരുതൽ തടങ്കലിലാക്കിയത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആളുകളെ കരുതൽ തടങ്കലിലാക്കിയത്. 118 പേരാണ് മലപ്പുറത്ത് മാത്രം കരുതൽ തടങ്കലിലുളളത്.

ഹര്‍ത്താലില്‍ തെക്കന്‍ ജില്ലകളില്‍ വ്യാപക അക്രമമാണ് നടന്നത്. കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസുകാരെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊല്ലം ഇരവിപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ആന്റണി, കൊല്ലം എ.ആര്‍ ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ നിഖില്‍ എന്നിവര്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നു. ഇരുവരേയും കൊല്ലം എന്‍.എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഹര്‍ത്താല്‍ ദിനത്തില്‍ നിരത്തിലിറങ്ങിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയും വ്യാപക അക്രമം നടന്നിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് 70 കെഎസ്ആർടിസി ബസുകളാണ് സംസ്ഥാനത്ത് തകര്‍ന്നത്. സൗത്ത് സോണില്‍ 30, സെന്‍ട്രല്‍ സോണില്‍ 25, നോര്‍ത്ത് സോണില്‍ 15 ബസുകളുമാണ് കല്ലേറില്‍ തകര്‍ന്നത്. അക്രമസംഭവങ്ങളില്‍ 11 പേര്‍ക്കും പരുക്കേറ്റു. സൗത്ത് സോണിലെ മൂന്ന് ഡ്രൈവര്‍മാര്‍ക്കും രണ്ട് കണ്ടക്ടര്‍മാര്‍ക്കും സെന്‍ട്രല്‍ സോണില്‍ മൂന്നു ഡ്രൈവര്‍മാര്‍ക്കും ഒരു യാത്രക്കാരിക്കും നോര്‍ത്ത് സോണില്‍ രണ്ട് ഡ്രൈവര്‍മാക്കുമാണ് പരുക്കേറ്റത്.

പത്തനംതിട്ടയില്‍ നാലിടങ്ങളിലാണ് അക്രമം. പന്തളം, പത്തനംതിട്ട, കോന്നി, ഇളകൊള്ളൂര്‍ എന്നിവിടങ്ങളിലാണ് ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. പന്തളത്ത് കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ കണ്ണിന് പരുക്കേറ്റു. പത്തനംതിട്ട കുമ്പഴ റോഡില്‍ ആനപ്പാറയിലും ബസിന് നേരെ കല്ലേറുണ്ടായി. കോന്നിയിലും കല്ലേറില്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരത്ത് കുമരിച്ചന്തയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. കാറിനും ഓട്ടോയ്ക്കും നേരെ ആയിരുന്നു കല്ലേറ്. കിള്ളിപ്പാലം ബണ്ട് റോഡ്, കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂട്, ബാലരാമപുരം കല്ലമ്പലം, മണക്കാട് എന്നിവിടങ്ങളിലും ബസ്സുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായി.

ആക്രമണങ്ങളിൽ 50 ലക്ഷത്തില്‍ കൂടുതൽ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍. നഷ്ടങ്ങള്‍ സംഭവിച്ചാലും പൊതുഗതാഗതം തടസപ്പെടാതിരിക്കാന്‍ സര്‍വ്വീസ് നടത്തുവാന്‍ പ്രതിജ്ഞാബദ്ധമാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. ബസുകള്‍ക്ക് നേരെ കല്ലേറ് ആരംഭിച്ചപ്പോഴും അക്രമങ്ങള്‍ നടത്തരുതെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ആര്‍ടിസി രംഗത്തെത്തിയിരുന്നു. പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാന്‍ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവര്‍ തകര്‍ക്കുന്നത് നിങ്ങളെത്തന്നെയാണ്. സാധാരണക്കാരന്റെ സഞ്ചാര മാര്‍ഗത്തെയാണ്. ആനവണ്ടിയെ തകര്‍ത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മ്മികമായി വിജയിക്കില്ലെന്നും കെഎസ്ആര്‍ടിസി പറഞ്ഞിരുന്നു.

(ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍) 
തിരുവനന്തപുരം സിറ്റി- (12, 11, 3), തിരുവനന്തപുരം റൂറല്‍- (10, 2, 15), കൊല്ലം സിറ്റി- (9, 0, 6),കൊല്ലം റൂറല്‍- (10, 8, 2), പത്തനംതിട്ട- (11, 2, 3), ആലപ്പുഴ- (4, 0, 9), കോട്ടയം- (11, 87, 8), ഇടുക്കി- (3, 0, 3),എറണാകുളം സിറ്റി- (6, 4, 16), എറണാകുളം റൂറല്‍- (10, 3, 3), തൃശൂര്‍ സിറ്റി- (6, 0, 2), തൃശൂര്‍ റൂറല്‍- (2, 0, 5),പാലക്കാട്- (2, 0, 34), മലപ്പുറം- (9, 19, 118), കോഴിക്കോട് സിറ്റി- (7, 0, 20), കോഴിക്കോട് റൂറല്‍- (5, 4, 23), വയനാട്- (4, 22, 19), കണ്ണൂര്‍ സിറ്റി- (28, 1, 49), കണ്ണൂര്‍ റൂറല്‍- (2, 1, 2), കാസറകോട് - (6, 6, 28)

Post a Comment

0 Comments