മുംബൈ: മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ ഗണേശ വിഗ്രഹ നിമജ്ജന പരിപാടികളുമായി ബന്ധപ്പെട്ട് ഉണ്ടായ വ്യത്യസ്ത സംഭവങ്ങളിൽ 19 പേർ മരിച്ചു. അവരിൽ 14 പേർ മുങ്ങിമരിച്ചുവെന്ന് പോലീസ് അറിയിച്ചു. താനെയിൽ, മഴയ്ക്കിടെ കോൽബാദ് പ്രദേശത്തെ ഗണേഷ് പന്തലിൽ മരം വീണ് 55 കാരിയായ സ്ത്രീ മ
രിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് സിവിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.[www.malabarflash.com]
ഗണേശ വിഗ്രഹ നിമജ്ജനത്തിന്റെ ഭാഗമായി ആരതി നടക്കുന്നതിനിടെയാണ് പന്തലിലേക്ക് കൂറ്റൻ മരം വീണത്. അപകടത്തിൽ രാജശ്രീ വലവൽക്കർ എന്ന സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും. രാജശ്രീ വലവൽക്കർ ആശുപത്രിയില്‍ എത്തും മുന്‍പേ മരണപ്പെട്ടതായി പോലീസ് അറിയിച്ചു.
അതിനിടെ, റായ്ഗഡ് ജില്ലയിലെ പൻവേലിൽ ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് ഒമ്പത് വയസ്സുകാരി ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം വാദ്ഘർ കോളിവാഡയിൽ ഇലക്ട്രിക് ജനറേറ്ററിന്റെ കേബിൾ പൊട്ടിയതിനെ തുടർന്നാണ് സംഭവം.
ഇവരിൽ ചിലരെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ പൻവേലിലെ സർക്കാർ ആശുപത്രിയിലും എത്തിച്ചു, എല്ലാവരും ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർധ ജില്ലയിൽ സാവാങ്കിയിൽ മൂന്ന് പേർ മുങ്ങിമരിച്ചു, ഒരാൾ ദേവ്‌ലിയിൽ മുങ്ങിമരിച്ചു. വിഗ്രഹ നിമജ്ജനത്തിന് പോയ രണ്ട് പേർ യവത്മാൽ ജില്ലയിലെ കുളത്തിൽ മുങ്ങിമരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അഹമ്മദ്‌നഗർ ജില്ലയിൽ, സൂപയിലും ബെൽവണ്ടിയിലും വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് പേർ മുങ്ങിമരിച്ചു, വടക്കൻ മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ മറ്റ് രണ്ട് പേർ മരിച്ചതായും പോലീസ് പറഞ്ഞു.
പൂനെയിലെ ഗ്രാമപ്രദേശങ്ങളായ ധൂലെ, സത്താറ, സോലാപൂർ നഗരങ്ങളിൽ ഒരോ പേര്‍ വീതം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 31ന് ആരംഭിച്ച 10 ദിവസത്തെ ഗണേശോത്സവം വെള്ളിയാഴ്ചയാണ് സമാപിച്ചത്. ഗണേശ നിമജ്ജനത്തിനിടെ നാഗ്പൂർ നഗരത്തിലെ സക്കാർദാര മേഖലയിലുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു.
വിഗ്രഹ നിമജ്ജന സമയത്ത് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ക്രമസമാധാനവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അഹമ്മദ്‌നഗർ ജില്ലയിലെ തോഫ്‌ഖാനയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അനുയായികളും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ അനുയായികളും തമ്മിൽ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
ജൽഗാവിൽ, ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഒരു സംഘം ആളുകൾ മേയറുടെ ബംഗ്ലാവിന് നേരെ കല്ലെറിഞ്ഞു, പൂനെ നഗരത്തിലും ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലും ചന്ദ്രാപുരിലും വ്യത്യസ്ത സംഘങ്ങള്‍ തമ്മിലുള്ള ചെറിയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
0 Comments