NEWS UPDATE

6/recent/ticker-posts

ഐ.എസ് കേസിൽ കോഴിക്കോട് സ്വദേശിക്ക്​ 23 വർഷം കഠിനതടവ്​

കൊച്ചി: ഭീകര സംഘടനയായ ഇസ്​ലാമിക്​ സ്​റ്റേറ്റിൽ (ഐ.എസ്​) പ്രവർത്തിച്ചെന്ന കേസിലെ പ്രതിക്ക്​ 23 വർഷം കഠിനതടവ്​. കോഴിക്കോട് കൊടുവള്ളി സ്വദേശി അബൂ മറിയം എന്ന ഷൈബു നിഹാറിനെയാണ്​ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ശിക്ഷിച്ചത്​. വിവിധ വകുപ്പുകളിലായി 23 വർഷം കഠിനതടവ്​ ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച്​ അഞ്ച്​ വർഷം മാത്രം അനുഭവിച്ചാൽ മതിയെന്നാണ്​ ഉത്തരവ്​.[www.malabarflash.com]


ബഹ്റൈനിൽ ജോലി ചെയ്​തിരുന്ന കാലത്ത് ഐ.എസി​ന്‍റെ പരിശീലന ക്ലാസുകളിൽ പങ്കെടുത്തെന്നും സിറിയയിലേക്ക്​ കടക്കാൻ ശ്രമിച്ചെന്നുമായിരുന്നു എൻ.ഐ.എയുടെ ആരോപണം.

ബഹ്റൈനിൽ പരസ്യക്കമ്പനി നടത്തിയിരുന്ന കാലത്താണത്രെ ഐ.എസ് ക്ലാസിൽ പങ്കെടുത്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന 12 പേരിൽ എട്ടുപേർ പിന്നീട് സിറിയയിലേക്ക്​ കടന്നെന്നായിരുന്നു ആരോപണം. പിടിക്കപ്പെടുമെന്നായപ്പോ‍ൾ ഖത്തറിലേക്ക്​ കടന്നു. ഐ.എസിന്റെ പ്രവർത്തനങ്ങൾക്കായി പണം ശേഖരിച്ച ഇയാൾ സിറിയയിലേക്ക്​ കടന്നവർക്ക്​ തുക കൈമാറിയതായി കുറ്റപത്രത്തിലുണ്ടായിരുന്നു. മടങ്ങിയെത്തിയ പ്രതി കരിപ്പൂരിൽ വിമാനമിറങ്ങവെയാണ്​ പിടിക്കപ്പെട്ടത്. 

ഗൂഢാലോചന, ഇന്ത്യയുമായി സൗഹൃദത്തിലുള്ള ഏഷ്യൻ രാജ്യങ്ങളുമായി യുദ്ധം ചെയ്യുക, ഭീകരസംഘടനയിൽ അംഗമാവുക, ഭീകരസംഘടനക്ക്​ പിന്തുണയും സഹായങ്ങളും നൽകുക, ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ്​ ശിക്ഷിച്ചത്​. ശിക്ഷ വിധിക്ക്​ ശേഷം പ്രതിയെ ജയിലിലേക്ക്​ മാറ്റി.

കേസിലെ മറ്റ്​ പ്രതികളായ മലപ്പുറം കൊണ്ടോ​ട്ടി സ്വദേശി മൻസൂർ, വാണിയമ്പലം സ്വദേശി മുഹദിസ്​, കോഴിക്കോട്​ വടകര സ്വദേശി മൻസൂർ, കൊയിലാണ്ടി സ്വദേശി ഫാജിദ്​, കണ്ണൂർ സ്വദേശി ഷഹനാദ്​, എറണാകുളം പെരുമ്പാവൂർ സ്വദേശി സഫീർ എന്നിവർക്കെതിരായ വിചാരണ നടപടികൾ പിന്നീടാണ്​. 

2019 ഏപ്രിൽ ഒമ്പതിനാണ്​ അബൂ മറിയം അറസ്​റ്റിലായത്​. വിചാരണ തടവുകാരനായി ജയിലിൽ കിടന്ന 2019 മുതലുള്ള കാലയളവ്​ കിഴിച്ച്​ ബാക്കി കാലം മാത്രം ജയിൽ ശിക്ഷ അനുഭവിച്ചാൽ മതിയെന്നാണ്​ പ്രത്യേക കോടതി ജഡ്​ജി അനിൽ കെ. ഭാസ്​കറുടെ നിർദേശം. ഇതനുസരിച്ച്​ ഒന്നര വർഷം കൂടി മാത്രം ഇനി ജയിലിൽ കിടന്നാൽ മതിയാവും.

Post a Comment

0 Comments