വാട്‌സ്ആപ്പ് ഓണ്‍ ചെയ്യാന്‍ ഓര്‍മ്മയില്ലാതെ, മൊബൈല്‍ സൈലന്റ് മോഡിലേക്ക് മാറ്റിയിട്ട് ഒരുപാട് മാസങ്ങളായി ഞാനിങ്ങനെ ഇരിക്കുകയാണ്....ഏത് സംഭവത്തെക്കുറിച്ചും അതിവേഗം കുറിപ്പെഴുതുന്നത് ഒരു ഹോബിയായി കണ്ടിരുന്ന ഞാന്‍ ഒരക്ഷരം കുറിക്കാതെ ഏതോ ലോകത്താണ് ജീവിക്കുന്നത്. [www.malabarflash.com]
പലരും ചോദിക്കുന്നു എന്തേ എന്തു പറ്റിയെന്ന്.
പ്രിയ സഹോദര, കുറെ മാസങ്ങളായി ഞാന്‍ ഒരു ചവിട്ട് അപ്പുറത്തേക്ക് മാറാതെ ഞാന്‍ എന്റെ ഉമ്മയുടെ അരികില്‍ ഇരിക്കുകയായിരുന്നു. പ്രഷറോ ഷുഗറോ ഒന്നുമില്ലാത്ത, ഒരു രോഗവുമില്ലാത്ത എന്റെ ഉമ്മയ്ക്ക് കോവിഡ് വാക്‌സിന്‍ അടിച്ച ശേഷം ഒരു ചുമയും ശ്വാസ തടസ്സവും പിടിപെടുകയായിരുന്നു. അത് കൂടി കൂടി വന്നു. ഉമ്മയുടെ അരികില്‍ നിന്ന് ഒരിഞ്ച് മാറാതെ ഉമ്മയെ പരിചരിച്ച് കൂട്ടിരുന്നു. എങ്ങനെയെങ്കിലും ഉമ്മയുടെ അസുഖം സുഖപ്പെടുത്തണമെന്ന് ആശിച്ച് ഓരോ ആശുപത്രിയിലേക്കും ഉമ്മയേയും കൊണ്ട് ഓടി. കിട്ടാവുന്ന നെറ്റ് വര്‍ക്ക് എല്ലാം ഉപയോഗിച്ചു. പക്ഷെ, പടച്ചോന്റെ തീരുമാനം മറ്റൊന്നായിരുന്നു.
ഇരുപത് ദിവസം മുമ്പ് ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മ ഞങ്ങളെ വിട്ടിട്ടുപോയി. ഒരു തിങ്കളാഴ്ചയുടെ രാത്രി നേരത്ത് ഡാ മോനെ നീ എനിക്ക് എന്ന് പറഞ്ഞ്, പറഞ്ഞത് മുഴുപ്പിക്കാനാവാതെ, മക്കളൊക്കെ അരികില്‍ കൂടി നില്‍ക്കുന്നതിനിടയില്‍ ഉമ്മ പോയി.
ആ വേര്‍പ്പാട് എനിക്ക് ഇപ്പോഴും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഞാന്‍ ആകെ തളര്‍ന്നുപോവുകയാണ്. കാരണം ഉമ്മ എന്നു പറഞ്ഞാന്‍ എനിക്ക് അങ്ങനെയായിരുന്നു. ഉമ്മയില്ലാതെ എനിക്ക് ഒന്നുമില്ല. സഹിക്കാന്‍ പറ്റുന്നില്ല പടച്ചോനെ...
വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഉമ്മയുടെ കൈ പിടിച്ച് മുത്താതെ, ഉമ്മയോട് സലാം പറയാതെ ഞാന്‍ ഇറങ്ങിയിട്ടുണ്ടാവില്ല. എന്തു സാധനം കൊണ്ടുവന്നാലും ഉമ്മയുടെ കയ്യിലല്ലാതെ അത് ഏല്‍പ്പിച്ചുണ്ടാവില്ല, ഉമ്മയുടെ മുറിയിലല്ലാതെ കിടന്നിട്ടുണ്ടാവില്ല....ഗള്‍ഫില്‍ പോയാല്‍ പോലും ഉമ്മയെ പിരിഞ്ഞിട്ട് ഒരാഴ്ചയില്‍ അധികം എനിക്ക് നില്‍ക്കാന്‍ കഴിയില്ല, എത്ര വൈകിയാലും ഞാന്‍ എത്താതെ ഉമ്മ ഭക്ഷണം കഴിക്കില്ല, ഞാന്‍ എത്താതെ ഉമ്മ ഒരുപോള കണ്ണടക്കില്ല
കഴിഞ്ഞ ഒന്നുരണ്ട് മാസമായി ഉമ്മ കുറച്ച് ക്ഷീണത്തിലായിരുന്നു. ഞാന്‍ പുറത്തിറങ്ങുമ്പോള്‍ ഉമ്മ സങ്കടപ്പെടുന്നത് കാണാമായിരുന്നു. അത് കൊണ്ട് എല്ലാ പരിപാടികളും ക്യാന്‍സല്‍ ചെയ്ത്, എല്ലാ ജോലിയും വേണ്ടെന്ന് വെച്ച്, ഒരു വീഡിയോ പോലും ചെയ്യാതെ ഞാന്‍ ഉമ്മയ്ക്ക് കൂട്ടിരുന്നു.
പക്ഷെ അപ്പോഴും ഇത്ര പെട്ടെന്ന് ഉമ്മ പോകുമെന്ന് കരുതിയതേയല്ല. എല്ലാ അസുഖവും മാറി ഉമ്മ വീട്ടില്‍ പഴയ ഉമ്മയായി മാറുിമെന്നായിരുന്നു കണക്കുകൂട്ടിയത്.
ഒരു മനുഷ്യന് ഈ ഭൂമിയില്‍ വെച്ച് കാണേണ്ടിവരുന്ന ഏറ്റവും വലിയ ദുരന്തം സ്വന്തം ഉമ്മയുടെ മരണമാണ്, എന്തൊരു വേദനയാണ് പടച്ചോനെ ഇത്, ദിവസങ്ങള്‍ കഴിയും തോറും അത് കൂടി കൂടി വരികയാണല്ലോ...
ഇനി ഉമ്മയില്ലാത്ത വീടാണ്, ഇനി ഉമ്മയില്ലാത്ത ലോകമാണ്, പെരുന്നാള് വരും നാട്ടിലെ പള്ളിയില്‍ നേര്‍ച്ച വരും, പെരുന്നാളിന്റെ ബിരിയാണിയും കഴിച്ച് ഉച്ച കഴിയുമ്പോള്‍ ഓരോ ബന്ധുവീട്ടിലേക്ക് കയറിപോകാന്‍ ഇനി ഉമ്മയില്ല, മോനെ ഞാനും വയളിന് വരുന്നെന്ന് പറഞ്ഞ് നാട്ടിലെ നേര്‍ച്ചയിലേക്ക് കൂടെ പോരാന്‍ ഇനി ഉമ്മയില്ല. ഉമ്മയില്ലാതെ ഞാന്‍ എവിടെയും പോയിട്ടുണ്ടാവില്ല.
സാമ്പത്തിക മാന്ദ്യത്തിനിടയിലും ഞാന്‍ കാറ് വാങ്ങിയത് ഉമ്മയെക്കൊണ്ടുപോകാന്‍ വേണ്ടിയായിരുന്നു. കുടുംബവീട്ടിലേക്ക് പോകാനും പോകുന്നവഴിയില്‍ വഴിയരികിലെ തട്ടുകടയില്‍ നിന്ന് ചായയും സമൂസയും തിന്നാനും ഉമ്മായ്ക്ക് വലിയ ഇഷ്ടമായിരുന്നു. ആഴ്ചയില്‍ ഒരുവട്ടമെങ്കിലും ഉമ്മയെ കാറിലിരുത്തി നാട് ചുറ്റും. ഉമ്മയെക്കൊണ്ടുപോകാത്ത സ്ഥലങ്ങളുണ്ടാവില്ല. പുണ്യമക്കയില്‍ പോലും ഉമ്മയുടെ കൈ പിടിച്ച് നടക്കാന്‍ ഭാഗ്യമുണ്ടായി. ഉമ്മയ്ക്കിഷ്ടപ്പെട്ട സ്ഥലത്ത് വീട് വെച്ചുകൊടുത്തു, എല്ലാ സന്തോഷവും ഉമ്മ അനുഭവിച്ചിട്ടുണ്ട്. സന്തോഷത്തോടുകൂടിയായിരിക്കും ഉമ്മ മരിച്ചുപോയത്. പക്ഷെ എനിക്ക് മാത്രം ഉമ്മയോടൊത്ത് ജീവിച്ച് കൊതിതീര്‍ന്നിട്ടില്ല.
എത്ര വലിയ പാര്‍ട്ടിക്കുപോയാലും ഏതു കാല്യാണത്തിനുപോയാലും ഞാന്‍ ഭക്ഷണം കഴിക്കാതെ മുങ്ങാന്‍ ശ്രമിക്കും, കാരണം ഉമ്മ തിന്നാതെ കാത്തിരിക്കുന്നുണ്ടാകുമെന്നെനിക്കറിയാം. അല്ലെങ്കിലും ഉമ്മ സാധാ ഭക്ഷണം കഴിക്കുമ്പോള്‍ എനിക്കെങ്ങനെ ബിരിയാണി കഴിക്കാന്‍ പറ്റും. ഉമ്മ പോയ ശേഷം വീട്ടിലെ ഭക്ഷണത്തിനുപോലും രുചിയില്ലാതായിരിക്കുന്നു. നാലു മണി ചായ ഉമ്മയ്ക്ക് പെരുന്നാളിന് സമാനമാണ്, കുറെ പലഹാര പാത്രങ്ങളുമായി വീടിന്റെ സിറ്റൗട്ടില്‍ ഉമ്മയെത്തും. അതില്‍ അരി മുറുക്കും എള്ളുണ്ടയും തൊട്ട് ചെറുപയറും നേന്ത്രപഴവുമെല്ലാമുണ്ടാകും. ഞങ്ങളൊക്കെ അതിന് ചുറ്റും നാട്ടുകഥകള്‍ പറഞ്ഞുകൊണ്ട് മണിക്കൂറുകളോളം ഇരിക്കും. ഇനി ആ ആഹ്ലാദങ്ങളൊന്നുമില്ല.
പെരുന്നാളിനൊക്കെ ഭക്ഷണം കഴിക്കാതെ ഓടുമ്പോള്‍ വീട്ടില്‍ നിന്ന് ഇത്തിരിയെങ്കിലും കഴിക്കാതിരിക്കാനാവില്ല ഡാ മോനെ എ്ന്ന് പറഞ്ഞ് ചേര്‍ത്ത് പിടിച്ച് വാരി തരുന്ന ഉമ്മയുടെ മുഖം മനസ്സില്‍ നിന്ന് മായുന്നേയില്ല.
പതിനാലാമത്തെ വയസ്സിലാണ് എന്റെ ഉപ്പ മരിച്ചത്. അതിന് ശേഷം എന്റെ ഉപ്പയും ഉമ്മയുമെല്ലാം എന്റെ ഉമ്മയായിരുന്നു. പൈസ ഇല്ലാതിരിക്കുമ്പോഴൊക്കെ ഇന്‍സ്റ്റാള്‍മെന്റുകാരന്റെ കയ്യില്‍ നിന്ന് ഉമ്മ വസ്ത്രങ്ങള്‍ വാങ്ങിച്ചുതരും, കയ്യില്‍ ഒട്ടും കാശില്ലെങ്കിലും എങ്ങനെയെങ്കിലും പണം സമ്പാദിച്ച് നല്ല നല്ല ഷൂസും ചെരുപ്പകളും കൊണ്ടുവരും.
ഉമ്മ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഉമ്മയുടെ സ്‌നേഹത്തെക്കുറിച്ച് ഉമ്മായ്ക്കുള്ള കുറിപ്പുകള്‍ എ്ന്ന പേരില്‍ പുസ്തക്കം പുറത്തിറക്കാന്‍ കഴിഞ്ഞു ഉമ്മ തന്നെയാണ് അതിന്റെ പ്രകാശനവും നിര്‍വ്വഹിച്ചത്. അതില്‍ ഒരുപാട് എഴുതിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ എനിക്ക് ഒ്ന്നും എഴുതാനാവുന്നില്ല, ഒന്നും വഴിക്കുവഴി വരുന്നേയില്ല.
ഒരുപാട് സങ്കടമുണ്ടെങ്കിലും ഉമ്മയുടെ നഖം മുറിച്ചു കൊടുക്കാനും ഉമ്മയ്ക്ക് ഭക്ഷണം വായിലിട്ടുകൊടുക്കാനുമെല്ലാം ഭാഗ്യം ലഭിച്ച മോനാണ് ഞാന്‍.
അവസാന നാളുകളില്‍ ഉമ്മയെ ടോയ്‌ലൈറ്റിലേക്ക് കൊണ്ടുപോകാനും ഉമ്മയെ കുളിപ്പിക്കാനുമൊക്കെ അള്ളാഹു എനിക്ക് അവസരം തന്നു. ഒരേ സമയം ഉമ്മയുടെ മോളും മോനും ഒക്കെയായി മാറാന്‍ പടച്ചവന്‍ എന്നെ അനുഗ്രഹിച്ചു. ഒരിക്കല്‍പോലും ഞാന്‍ കാരണം ഉമ്മയുടെ കണ്ണ്‌നിറഞ്ഞിട്ടില്ല, ഒരിക്കല്‍ പോലും ഉമ്മയുടെ മുഖം നോക്കി ചേ എന്ന് പറയേണ്ടിവന്നില്ല,
അല്ലെങ്കിലും എന്റെ ഉമ്മ പാവമായിരുന്നു. എന്തു വാങ്ങികൊടുത്താലും അത് സ്‌നേഹത്തോടെ സ്വീകരിക്കും. എത്ര മോശമാണെങ്കിലും അത് മോശമെന്ന് പറയില്ല. പഴയ ആന്റിക് സാധനങ്ങളൊക്കെ കളക്ട് ചെയ്യുന്നത് എന്റെ ഹോബിയാണ്. ഓരോ സ്ഥലത്തുനിന്നും എന്തൊക്കെയോ വലിച്ചുകൊണ്ടുവരും. ഒരിക്കല്‍ പോലും എന്തിനാഡാ വീട്ടിനുള്ളില്‍ ഇങ്ങനെ കച്ചറ കൂട്ടുന്നതെന്ന് ചോദിച്ചിട്ടില്ല. ആന്റിക്കിന്റെ വാല്യുയൊന്നും ഉമ്മയ്ക്കറിയില്ല, പക്ഷെ അപ്പോഴും എന്തുകൊണ്ടുവന്നാലും അതിനെയൊക്കെ തുടച്ചുവൃത്തിയാക്കി ഉമ്മ അലമാരയില്‍ വെക്കും.
എന്റെ ഉമ്മ വാരികോരി നല്‍കുന്ന മനസ്സിന്റെ ഉടമായിരുന്നു. ഉപ്പയുടെ സമ്പത്തുകാലത്ത് ഞങ്ങളുടെ തറവാട്ടുവീട്ടില്‍ രാവിലെയും ഉച്ചയ്ക്കുമൊക്കെ പത്തിരുപത് പേര് ഭക്ഷണം കഴിക്കാനുണ്ടാകും. എത്രയോ പേര്‍ക്ക് ഉമ്മ വെച്ചുവിളമ്പും, മറ്റുള്ളവരുടെ വയറുനിറയ്ക്കുന്നത് ഒരു ഇബാദത്തുപോലെയായിരുന്നു ഉമ്മ കണ്ടത്. അതില്‍ ജാതിയോ മതമോ ഒന്നുമുണ്ടായിരുന്നില്ല, ആ സ്‌നേഹമായിരുന്നു മരിച്ച ദിവസം കണ്ടത്.
ഞങ്ങള്‍ കുട്ടിയാനത്തെ തറവാട്ട് വീട്ടില്‍ നിന്ന് ടൗണിലേക്ക് താമസം മാറിയിട്ട് പതിനഞ്ച് വര്‍ഷത്തോളമായി. പക്ഷെ ആ നാട്ടിലുള്ള ഹൈന്ദവ സഹോദരങ്ങളായ മുഴുവന്‍ ആളുകളും (അതെ ഒരാള്‍ പോലും ബാക്കിയായിട്ടില്ല) ഉമ്മ മരിച്ചു എന്നറിഞ്ഞപ്പോള്‍ ഓടി എത്തുകയായിരുന്നു. ഞങ്ങളെക്കാളേറെ സങ്കടത്തോടെയായിരുന്നു അവര്‍ അരികിലിരുന്ന് കരഞ്ഞത്.
മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കുന്ന കാര്യത്തില്‍ ഉമ്മയും ഉപ്പയും ഒരു പാഠപുസ്തകമായിരുന്നു. ഞങ്ങളൊക്കെ ചാരിറ്റി ചെയ്യാന്‍ ശീലിച്ചത് ആ നന്മ കണ്ടുകൊണ്ടായിരുന്നു.
ഒരു മഴപെയ്താല്‍ ഉമ്മയുടെ ചങ്ക് പിടയും ഓന് ആ മഴയാകെ നനഞ്ഞിട്ടുണ്ടാകുമെന്ന് പറഞ്ഞ് വീട്ടിനുള്ളില്‍ അങ്ങുമിങ്ങും ഓടും. മഴ നനഞ്ഞുവരുന്ന നേരത്ത് ബൈക്കിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ തോര്‍ത്തുമുണ്ടുമായി വന്ന് തല തോര്‍ത്തി തരാം ഇനി വീട്ടില്‍ ഉമ്മയില്ല...
രാത്രി ഒരു മണിക്ക് കയറിവരുമ്പോഴും എന്തെങ്കിലും കഴിച്ചോ ഡാ മോനെ, പട്ടിണി കിടക്കുരുത് എന്ന് പറയാന്‍ ആ സ്‌നേഹകടല്‍ ഇനിയില്ല
ഒരു പനിയോ തലവേദനയോ വന്നാല്‍ ഒരുപാട് നാടന്‍ മരുന്നും കഞ്ഞിവെള്ളവും കൊണ്ട് വന്ന് തൊട്ടുനോക്കാന്‍ വീട്ടിനുള്ളില്‍ ഇനി എന്റെ സ്വര്‍ഗ്ഗം ഇല്ല.
ഏതു യാത്രയിലും ഞാന്‍ ആദ്യം വസ്ത്രങ്ങളും സമ്മാനങ്ങളും വാങ്ങിയിരുന്നത് ഉമ്മയ്ക്കായിരുന്നു, ഏതു പെരുന്നാളിനും ഉമ്മയ്ക്കുവാങ്ങിയ ശേഷമേ എ്‌ന്നെക്കുറിച്ച് ഓര്‍ക്കാറുള്ളു....
യാ പടച്ചോനോ ഓരോ ഓര്‍മ്മകളും എന്നെ കരയിപ്പിക്കുന്നു.
ഏത് അവാര്‍ഡ് കിട്ടിയാലും ഞാന്‍ അത് ഉമ്മയുടെ കയ്യില്‍ ഏല്‍പ്പിക്കും.
സന്തോഷത്തിന്റെ പെരുന്നാളായിരിക്കും ആ നേരം ഉ്മ്മയുടെ മുഖത്ത്...
ഓരോ ഉപഹാരങ്ങളും ഉമ്മ പ്രാര്‍ത്ഥനയോടെ ഏറ്റുവാങ്ങും...
ഉമ്മ തന്നെ അത് ഷോക്കെയ്‌സില്‍ വെക്കും
യാ പടച്ചോനെ....ഇനി എനിക്ക് ആരുണ്ട്....
ബാവിക്കര പള്ളിയുടെ ഖബര്‍സ്ഥാനില്‍ ഉമ്മയെ കിടത്തിയിട്ട് കഫം പുടവ ഇത്തിരി നീക്കി ആ കവിള്‍ തടത്തിലേക്ക് ഒരു ഉരുള മണ്ണുവെച്ച നേരത്ത് അവസാനമായി ഞാന്‍ എന്റെ ഉമ്മയെ തൊട്ടു. ഇനി കാണില്ലെന്ന സത്യം ഉള്‍ക്കൊണ്ട് മൂന്നുപിടി മണ്ണുവാരിയെറിഞ്ഞ് സലാം പറഞ്ഞ് മടങ്ങിയിട്ട് ഇന്നേക്ക് 24 ദിവസമാകുന്നു.
ഒരു ദിവസം പോലും മുടങ്ങാതെ ഓരോ വൈകുന്നേരവും ഞാന്‍ എന്റെ ഉമ്മയുടെ ഖബറിനരികിലെത്തുന്നു. പക്ഷെ എന്നിട്ടും എന്റെ ഉമ്മ ആ ആറടി മണ്ണിനുള്ളില്‍ കിടക്കുകയാണെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല. പടച്ചോനെ നാളെ സ്വര്‍ഗ്ഗത്തില്‍ കണ്ടുമുട്ടാന്‍ ഭാഗ്യം താ അള്ളാ....
(പറ്റുന്നവര്‍ ഉമ്മായ്ക്കുവേണ്ടി ഒരു യാസീനോ ഫാത്തിഹ സൂറത്തോ ഓതി പ്രാര്‍ത്ഥിക്കണം)
0 Comments