NEWS UPDATE

6/recent/ticker-posts

പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും അഞ്ചുവര്‍ഷത്തേക്ക് നിരോധനം

ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സികളുടെ വ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. നിരോധനം ഉടന്‍ നിലവില്‍ വരും. പോപ്പുലര്‍ ഫ്രണ്ടിന് പുറമെ ഇതുമായി ബന്ധപ്പെട്ട ഉപസംഘടനകള്‍ക്കും നിരോധനമുണ്ട്.[www.malabarflash.com]

പോപ്പുലര്‍ ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍.സി.എച്ച്.ആര്‍.ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ എന്നിവയെല്ലാം നിരോധിച്ചവയില്‍ ഉള്‍പ്പെടും.

കേരളമടക്കം 15 സംസ്ഥാനങ്ങളിലായിരുന്നു കേന്ദ്ര ഏജന്‍സികളായ എന്‍.ഐ.എ, ഇ.ഡി എന്നിവരുടെ നേതൃത്വത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസികളും നേതാക്കളുടെ വീടുകളിലുമായി റെയ്ഡ് നടത്തിയത്. റെയ്ഡില്‍ സംഘടനയുടെ ദേശീയ നേതാക്കളടക്കം അറസ്റ്റിലാവുകയും ചെയ്തിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്.

റെയ്ഡിനെ തുടര്‍ന്ന് ഹര്‍ത്താല്‍ അടക്കമുള്ള പ്രതിഷേധപരിപാടികള്‍ ആഹ്വാനം ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ ദിവസവും റെയ്ഡ് തുടര്‍ന്നു. ചൊവ്വാഴ്ച മാത്രം എട്ട് സംസ്ഥാനങ്ങളില്‍ നടന്ന റെയ്ഡില്‍ 250-ഓളം പ്രവര്‍ത്തകർ അറസ്റ്റിലായിരുന്നു.

ഇസ്‌ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള നിരോധിത ഭീകര സഘടനകളിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുവാക്കളെ റിക്രൂട്ട് ചെയ്തതായാണ് എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നിരോധനം.

ജനാധിപത്യത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളേയും ഭരണഘാടനാ സ്ഥാപനങ്ങളേയും അവഹേളിച്ചാണ് സംഘടനയുടെ പ്രവര്‍ത്തനമെന്ന് നിരോധന ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഘടനകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും ഉത്തരവില്‍ പറയുന്നു.

ഇവരുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യസുരക്ഷ, പരമാധികാരം, ദേശീയത എന്നിവയ്‌ക്കെല്ലാം എതിരായുള്ളതാണ്. ജനങ്ങളുടെ സാമുദായിക യോജിപ്പിനും സമാധാനപരമായ ജീവിതത്തിനും സംഘടനകളുടെ പ്രവര്‍ത്തനം വിഘാതമേല്‍പ്പിക്കുന്നുവെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

ഇതിന് പുറമേ പി.എഫ്.ഐയുടെ സ്ഥാപക നേതാക്കള്‍ മുന്‍ സിമി പ്രവര്‍ത്തകരാണെന്നും സംഘടനയ്ക്ക് ജമഅത്ത്-ഉള്‍-മുജാഹിദീന്‍ ബംഗ്ലാദേശ് എന്ന സംഘടനയുമായി ബന്ധമുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Post a Comment

0 Comments