NEWS UPDATE

6/recent/ticker-posts

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു

മലപ്പുറം: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. അണുബാധയെ തുടര്‍ന്ന് ഒരാഴ്ചയായി ഐസിയുവില്‍ ആയിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നിലമ്പൂര്‍ മുക്കട്ട വലിയപള്ളി ജുമാ മസ്ജിദില്‍ ഖബറടക്കം നടക്കും. ഇന്ന് നിലമ്പൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.[www.malabarflash.com]


ഏഴ് പതിറ്റാണ്ട് നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തില്‍ നാല്‌ മന്ത്രിസഭകളില്‍ അംഗമായിരുന്നു. എട്ട് തവണ നിലമ്പൂരില്‍നിന്നുള്ള എംഎല്‍എയായിരുന്നു ആര്യാടന്‍. പതിനൊന്ന് തവണ നിലമ്പൂരില്‍ നിന്ന് ജനവിധി തേടിയിട്ടുണ്ട്. 1980ല്‍ എ ഗ്രൂപ്പ് ഇടത് മുന്നണിയുടെ ഭാഗമായപ്പോള്‍ നായനാര്‍ മന്ത്രിസഭയില്‍ വനം-തൊഴില്‍ മന്ത്രിയായി. 1995-ല്‍ എകെ ആന്റണി മന്ത്രിസഭയില്‍ തൊഴില്‍ - ടൂറിസം വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 2005, 2011 വർഷങ്ങളിലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ അദ്ദേഹം വൈദ്യുതി മന്ത്രിയായിരുന്നു.

കോണ്‍ഗ്രസ് നേതൃത്വനിരയിലെ കരുത്തുറ്റ നേതാവാണ് ആര്യാടന്‍. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലീം ലീഗിനെ വിമര്‍ശിക്കാന്‍ അദ്ദേഹം ഒരിക്കലും മടി കാണിച്ചിട്ടില്ല. ഇതിന്റെ പേരില്‍ ലീഗില്‍ നിന്ന് കടുത്ത വിമര്‍ശനമുണ്ടായിട്ടും അദ്ദേഹം നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോയില്ല.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം അവസാനമായി നിലമ്പൂരില്‍ നിന്ന് ജനവിധി തേടിയത്. 2016-ല്‍ മകന്‍ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടിരുന്നു.

ആര്യാടന്‍ ഉണ്ണീന്റെയും കദിയുമ്മയുടെയും മകനായി 1935-ല്‍ ആയിരുന്നു ജനനം. നിലമ്പൂര്‍ ഗവ. മാനവേദന്‍ ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തെത്തുന്നത്. 1959-ല്‍ വണ്ടൂര്‍ ഫര്‍ക്ക കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും 1960-ല്‍ കോഴിക്കോട് ഡിസിസി സെക്രട്ടറിയുമായി. 1962-ല്‍ വണ്ടൂരില്‍നിന്നുള്ള കെപിസിസി അംഗമായി. പിന്നീട് മലപ്പുറം ജില്ല രൂപവത്കരിച്ചപ്പോള്‍ 1969-ല്‍ ഡിസിസി പ്രസിഡന്റായി. 1978 മുതല്‍ കെപിസിസി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

1965, 67 കാലത്ത് നിലമ്പൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും കെ. കുഞ്ഞാലിയോട് തോറ്റു. 1977-ല്‍ നിലമ്പൂരില്‍നിന്ന് വിജയിച്ചു. പിന്നീട് 1987 മുതല്‍ 2011വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. 1969-ല്‍ കുഞ്ഞാലി വധക്കേസില്‍ പ്രതിയായി ജയില്‍വാസം അനുഷ്ഠിച്ചു. പിന്നീട് ഈ കേസില്‍ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

ഭാര്യ: പി.വി. മറിയുമ്മ, മക്കള്‍: അന്‍സാര്‍ ബീഗം, ആര്യാടന്‍ ഷൗക്കത്ത്, കദീജ, ഡോ. റിയാസ് അലി. മരുമക്കള്‍: ഡോ. ഹാഷിം ജാവേദ്, മുംതാസ് ബീഗം, ഡോ. ഉമ്മര്‍, സിമി ജലാല്‍.

Post a Comment

0 Comments