NEWS UPDATE

6/recent/ticker-posts

ബ്രിട്ടന്റെ പുതിയ ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജ സുല്ല ബ്രാവര്‍മാന്‍

ലണ്ടന്‍: ഇന്ത്യന്‍ വംശജയായ സുല്ല ബ്രാവര്‍മാന്‍ ബ്രിട്ടന്റെ പുതിയ ആഭ്യന്തര സെക്രട്ടറി. ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേലിന്റെ പിന്‍ഗാമിയായാണ് ലിസ് ട്രസ് മന്ത്രിസഭയില്‍ സുല്ല എത്തുന്നത്. ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ അറ്റോണി ജനറലായിരുന്നു സുല്ല. പുതിയ ബ്രിട്ടണ്‍ പ്രധാനമന്ത്രി ലിസ് ട്രസാണ് സുല്ലയെ ആഭ്യന്തര സെക്രട്ടറിയായി പ്രഖ്യാപിച്ചത്.[www.malabarflash.com]
 

തമിഴ്‌നാട്ടുകാരിയായ ഉമയുടെയും ഗോവന്‍ വംശജനായ ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെയും മകളാണ് സുല്ല ബ്രാവര്‍മാന്‍. അമ്മയുടെ കുടുംബം മൗറീഷ്യസില്‍ നിന്നും അച്ഛന്റെ കുടുംബം കെനിയയില്‍ നിന്നും 1960 കളില്‍ യുകെയിലേക്ക് കുടിയേറിയതാണ്.

ബ്രക്‌സിറ്റിന്റെ അവസരങ്ങള്‍ കൂടുതലായി കൂട്ടിച്ചേര്‍ക്കാനും നിലവിലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആഗ്രഹിക്കുന്നതായി സുല്ല പ്രതികരിച്ചു. നികുതി വെട്ടിക്കുറക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അവര്‍ സൂചിപ്പിച്ചിട്ടുണ്ട്. തന്റെ മാതാപിതാക്കള്‍ ബ്രിട്ടണെ സ്‌നേഹിക്കുന്നവരാണെന്നും, അതാണ് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതെന്നുമായിരുന്നു ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പ് കാമ്പെയിനില്‍ സംസാരിക്കവെ സുല്ല പറഞ്ഞത്. തന്റെ പശ്ചാത്തലമാണ് രാഷ്ട്രീയത്തോടുള്ള സമീപനത്തിന് അടിസ്ഥാനമായതെന്നും അവര്‍ പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയാകാന്‍ ലിസ് ട്രസ് യോഗ്യയാണ്. അവര്‍ക്ക് അതിനെ കുറിച്ച് പഠിക്കേണ്ട ആവശ്യമില്ല. പാര്‍ട്ടിയുടെ കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ ബുദ്ധിമുട്ടേറിയതായിരുന്നു. മാറ്റം അനിവാര്യമാണെന്നും തന്റെ നിയമനത്തെ കുറിച്ച് പ്രതികരിക്കവെ സുല്ല പറഞ്ഞു. ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ മത്സരിച്ച സുല്ല ടോറി എംപിമാരുടെ പ്രാരംഭ ബാലറ്റിന്റെ രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ ലിസ് ട്രസിന് പിന്തുണ പ്രഖ്യാപിച്ചത്.

Post a Comment

0 Comments