NEWS UPDATE

6/recent/ticker-posts

ബിജെപി ഭിന്നിപ്പിച്ച് ഭരിക്കുന്നു; ദേശീയ പതാക ഭീഷണിയിൽ: രാഹുൽ ഗാന്ധി

ചെന്നൈ: ബിജെപി ഭിന്നിപ്പിച്ച് ഭരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയെ ഒരുമിപ്പിക്കണമെന്നു ജനങ്ങൾ ഒന്നാകെ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ ഭാവി ഏകപക്ഷീയമായി നിർണയിക്കാമെന്ന് ഒരുവിഭാഗം കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. കന്യാകുമാരി മുതൽ കശ്മീർ വരെ നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.[www.malabarflash.com]


‘ദേശീയ പതാക ഭീഷണിയിലാണ്. ദേശീയ പതാക ഏതെങ്കിലും ഒരുകൂട്ടർക്ക് മാത്രമുള്ളതല്ല. ത്രിവർണപതാക സമ്മാനിക്കപ്പെട്ടതല്ല, ജനങ്ങൾ സമ്പാദിച്ചതാണ്’– രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

‘‘ഇന്ന് രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഒരുപിടി വൻകിട ബിസിനസ്സുകാരാണു രാജ്യത്തെ മുഴുവൻ നിയന്ത്രിക്കുന്നത്. മുൻപ് ഇന്ത്യയെ നിയന്ത്രിച്ചത് ഈസ്റ്റ് ഇന്ത്യ കമ്പനിയായിരുന്നു. ഇന്ന് ഇന്ത്യയെ മുഴുവൻ നിയന്ത്രിക്കുന്നത് 3 - 4 വൻകിട കമ്പനികളാണ്. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായനികുതി എന്നിവയെ ഉപയോഗിച്ചു പ്രതിപക്ഷത്തെ ഭയപ്പെടുത്താമെന്ന് ബിജെപി കരുതുന്നു. എന്നാൽ, എത്ര മണിക്കൂർ ചോദ്യം ചെയ്തിട്ടും കാര്യമില്ല, ഒരു പ്രതിപക്ഷ നേതാവും ബിജെപിയെ പേടിക്കില്ല’’– രാഹുൽ ഗാന്ധി പറഞ്ഞു.

‘‘ഈ രാജ്യത്തു ജീവിക്കുന്ന ഓരോ വ്യക്തിയുടെയും മതത്തെയും ഭാഷയെയും പ്രതിനിധീകരിക്കുന്നതാണ് ദേശീയ പതാക. എന്നാൽ ആ പതാക തങ്ങളുടെ സ്വകാര്യ സ്വത്താണെന്നാണു ബിജെപിയും ആർഎസ്എസും കരുതുന്നു. ഇന്ന് ഓരോ സ്ഥാപനവും ബിജെപിയുടെയും ആർഎസ്എസിന്റെയും ആക്രമണത്തിന് വിധേയമാണ്’’– രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നവോഥാന നിമിഷമാണിതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. മനസ്സുകൊണ്ട് യാത്രയ്ക്കൊപ്പമുണ്ടെന്നും മഹത്തായ പാരമ്പര്യമുള്ള പാർട്ടിക്ക് ഇതു സുപ്രധാന സമയമാണെന്നും സോണിയ കൂട്ടിച്ചേർത്തു. ആരോഗ്യപ്രശ്നങ്ങൾ കാരണം സോണിയാ ഗാന്ധി യാത്രയിൽ പങ്കെടുക്കുന്നില്ല. ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിനു ശക്തമായ കോൺഗ്രസ് അനിവാര്യമാണെന്ന് മുതിർന്ന നേതാവ് ജയ്റാം രമേശ് പറഞ്ഞു.

കന്യാകുമാരിയിലെ ഗാന്ധിമണ്ഡപത്തിൽനിന്നു സമ്മേളന വേദിയിലേക്കാണു പദയാത്ര ആരംഭിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രാഹുൽ ഗാന്ധിക്ക് പതാക കൈമാറി. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയാണു രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യാത്ര.

കോൺഗ്രസ് പ്രവർത്തക സമിതിയിലെ അംഗങ്ങളും ദേശീയ നേതാക്കളും സന്നിഹിതരായി. യാത്രയ്ക്കു മുന്നോടിയായി സബർമതി ആശ്രമം സന്ദർശിച്ച രാഹുലിന് അന്തേവാസികൾ ചർക്ക സമ്മാനിച്ചു. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുംപുത്തൂരിലെ സ്മാരകത്തിൽ  രാവിലെ 7ന് രാഹുൽ പ്രാർഥന നടത്തി. ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി, പിന്നീട് ഹെലികോപ്റ്ററിൽ കന്യാകുമാരിയിലെത്തുകയായിരുന്നു.

Post a Comment

0 Comments