ഇസ്ലാമാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്താൻ ബാറ്റർ ഇൻസമാമുൽ ഹഖ്. ഒരു അഭിമുഖത്തിനിടെയാണ് ഇൻസമാമുൽ ഹഖിന്റെ വെളിപ്പെടുത്തൽ.[www.malabarflash.com]
'പാകിസ്താൻ അൺടോൾഡ്' എന്ന ട്വിറ്റർ അക്കൗണ്ടിൽ അഭിമുഖത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.'ഇന്ത്യൻ ടീമിന്റെ പാക് പര്യടനത്തിനിടെയായിരുന്നു സംഭവം. എല്ലാ ക്രിക്കറ്റ് താരങ്ങളും പ്രാർത്ഥനയ്ക്ക് വരുന്ന ഒരു മുറി ഞങ്ങൾക്കുണ്ടായിരുന്നു. അവിടേക്ക് ഞങ്ങൾ ഇർഫാൻ പത്താനെയും സഹീർ ഖാൻ, മുഹമ്മദ് കൈഫ് അടക്കമുള്ള മറ്റ് ഇന്ത്യൻ കളിക്കാരെയും ക്ഷണിക്കാറുണ്ടായിരുന്നു. ഒരു ദിവസം സഹീറിനും പത്താനുമൊപ്പം മറ്റ് നാല് ഇന്ത്യൻ താരങ്ങൾ നമസ്‌കാര ഹാളിലെത്തി. അവരിൽ ഹർഭജനുമുണ്ടായിരുന്നു.'
'നമസ്‌കാരം അടക്കമുള്ള ആരാധനാ കർമങ്ങൾ വീക്ഷിക്കാനായിരുന്നു അവർ എത്തിയത്. ഈ സമയത്ത് അവിടെ പാക് മതപണ്ഡിതനായ താരിഖ് ജമീലും അവിടെ ഉണ്ടായിരുന്നു. നമസ്‌കാരശേഷം താരിഖ് ജമീലിന്റെ ഉപദേശവുമുണ്ടാകും. ഇങ്ങനെ താരിഖ് ജമീലിന്റെ സംസാരത്തിലും പെരുമാറ്റത്തിലും ആകൃഷ്ടനായാണ് ഹർഭജൻ ഇസ്ലാം സ്വീകരിക്കാനുളള ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാൽ, തന്റെ കോലം കണ്ടിട്ടാണ് മതംമാറാത്തതെന്നും താരം വ്യക്തമാക്കിയെന്നും' ഇൻസമാമുൽ ഹഖ് പറഞ്ഞു.
മുസ്‌ലിംകളുടെ പ്രവർത്തനം കണ്ടാണ് മറ്റുള്ളവർ മതത്തിൽ നിന്ന് അകലുന്നതെന്ന് വിശദീകരിക്കുന്നതിന് ഉദാഹരണമായാണ് ഇൻസമാം ഈ അനുഭവം പങ്കുവച്ചത്. എന്നാൽ ഇൻസമാമിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് ഹർഭജൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആം ആദ്മിയിൽ അംഗത്വമെടുത്ത ഹർഭജൻ സിങ് പാർട്ടി അക്കൗണ്ടിൽ നിലവിൽ രാജ്യസഭാ അംഗവുമാണ്.
0 Comments