ന്യൂഡല്‍ഹി: കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ ആരോപണവിധേയായ അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മകന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി.പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.[www.malabarflash.com]
പതിമൂന്നുകാരനായ മകനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
തുടര്‍ന്ന്, തിരുവനന്തപുരം പോക്സോ കോടതി കേസ് നടപടികള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ ഭാഗം മാത്രമാണ് ഹൈക്കോടതി കേട്ടതെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് ഉത്തരവിറക്കിയതെന്നും ആരോപിച്ചാണ് മകന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
പോക്‌സോ കേസിലെ പരാതിക്ക് പിന്നില്‍ പിതാവാണെന്ന് സംശയിച്ചു കൂടെയെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി ആരാഞ്ഞിരുന്നു. എന്നാല്‍, ശിശുക്ഷേമ സമിതിയുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നപ്പോഴാണ് കുട്ടി പരാതി നല്‍കിയതെന്ന് മകന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച മകന്റെ ഹര്‍ജി പരിഗണിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു.
0 Comments