NEWS UPDATE

6/recent/ticker-posts

'കണ്ടോനെ കൊന്ന് സ്വർഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ'; സുരേഷ് ഗോപി ചിത്രത്തിൻ്റെ പോസ്റ്റർ വിവാദത്തിൽ

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'മേ ഹൂം മൂസ'യുടെ പോസ്റ്റർ വിവാദത്തിൽ. 'കണ്ടോനെ കൊന്ന് സ്വർഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ' എന്നെഴുതിയ പോസ്റ്ററിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.[www.malabarflash.com]

 'ആ ക്യാപ്ഷൻ ഉണ്ടാക്കിയ ചേട്ടന് ഇസ്ലാം എന്തന്നോ, മുസ്ലിം എന്തന്നോ അറിയില്ല...','വർഗീയത പറഞ്ഞു മാർക്കറ്റിങ് നടത്തുന്നു.','കടുത്ത ഇസ്ലാമോഫോബിക്ക് പരസ്യം തന്നെ കൊടുത്തു.' എന്നിങ്ങനെയാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം. ഇന്നാണ് സിനിമ റിലീസ് ചെയ്യുന്നത്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തെ 'പാൻ ഇന്ത്യൻ' എന്ന് വിശേഷിപ്പിക്കാമെന്ന് ടൈറ്റിൽ ലോഞ്ച് വേദിയിൽ ജിബു ജേക്കബ് പറഞ്ഞിരുന്നു. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ കഥ. സമകാലിക ഇന്ത്യൻ വ്യവസ്ഥകൾ കടന്നുവരുന്ന ചിത്രത്തിൽ 1998 മുതൽ 2018 വരെയുള്ള കാലഘട്ടമാണ് പശ്ചാത്തലം. മൂസ എന്ന മലപ്പുറംകാരന്റെ കഥയാണ് ചിത്രം പറയുന്നത്. പൂനം ബജ്‌വ നായികയാകുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, ഹരീഷ് കണാരൻ, മേജർ രവി എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

കോൺഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളിൽ ഡോ റോയ് സി ജെ, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. രചന രൂബേഷ് റെയിൻ, ഛായാഗ്രഹണം വിഷ്ണു നാരായണൻ, സംഗീതം ശ്രീനാഥ് ശിവശങ്കർ, എഡിറ്റിംഗ് സൂരജ് എ എസ്, കലാസംവിധാനം സജിത്ത് ശിവഗംഗ, വരികൾ സജ്ജാദ്, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, വസ്ത്രാലങ്കാരം നിസാര്‍ റഹ്‍മത്ത്, മേക്കപ്പ് പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് ഷാബില്‍, സിന്‍റോ, ബോബി, സ്റ്റില്‍സ് അജിത്ത് വി ശങ്കര്‍, ഡിസൈന്‍ ഏസ്തെറ്റിക് കുഞ്ഞമ്മ എന്നിവരാണ് അണിയറപ്രവർത്തകർ. ഛായാഗ്രാഹകന്‍ എന്ന നിലയില്‍ ദീര്‍ഘനാൾ പ്രവർത്തിച്ച ജിബു ജേക്കബ് 2014ല്‍ പുറത്തിറങ്ങിയ 'വെള്ളിമൂങ്ങ' എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍', 'ആദ്യരാത്രി', 'എല്ലാം ശരിയാകും' എന്നിവയാണ് ജിബു ജേക്കബ് സംവിധാനം ചെയ്‍ത മറ്റു ചിത്രങ്ങള്‍.

Post a Comment

0 Comments