ഖത്തർ: ഖത്തർ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ഖത്തര്‍ നാഷണല്‍ മ്യൂസിയത്തില്‍ ചിഹ്നം അനാച്ഛാദനം ചെയ്തു.[www.malabarflash.com]
ഒട്ടനവധി സവിശേഷതകളോടെയും പുതുമയോടെയുമാണ് ഖത്തറിന്റെ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കിയിരിക്കുന്നത്. ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫിസാണ് പുതിയ ദേശീയ ചിഹ്നം പുറത്തുവിട്ടത്. പുതിയ ചിഹ്നം രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും വിളിച്ചോതുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ ശോഭന ഭാവിയെയും എംബ്ലത്തിലെ ചിഹ്നങ്ങൾ പ്രതിനിധീകരിക്കുന്നുണ്ട്.
1966 മുതൽ 2022 വരെ ഖത്തറിന്‍റെ ദേശീയ ചിഹ്നത്തിന്‍റെ പരിണാമം കാണിക്കുന്ന വിഡിയോ സർക്കാർ കമ്മ്യൂണിക്കേഷൻസ് ഓഫിസ് ട്വിറ്ററിൽ പങ്കുവച്ചു. “നമ്മുടെ ഭൂതകാലം നമ്മുടെ വർത്തമാനകാലത്തെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. ഖത്തർ ദേശീയ ചിഹ്നത്തിന്‍റെ യാത്ര നമ്മുടെ ഭാവിയിലേക്ക് നോക്കുമ്പോൾ പൈതൃകം കാത്തുസൂക്ഷിക്കുന്നതിന്‍റെ തെളിവാണ്,” എന്ന സന്ദേശം വീഡിയോയ്ക്ക് അടിക്കുറുപ്പായി നൽകിയിരുന്നു.
മുൻ ലോഗോയിൽ ഉപയോഗിച്ച അതേ ഘടകങ്ങൾ നിലനിറുത്തിത്തന്നെയാണ് ചിഹ്നം പുനർരൂപകൽപ്പന ചെയ്തിരിക്കുന്നത്. 1976ന് ശേഷം ആദ്യമായാണ് ദേശീയ ചിഹ്നം നവീകരിക്കുന്നത്.
0 Comments