NEWS UPDATE

6/recent/ticker-posts

'ശനിയും ഞായറും ക്രിക്കറ്റ് കളിക്കാൻ അനുവദിക്കാം'; വിവാഹ ചടങ്ങിനിടെ വധുവിനെകൊണ്ട് കരാർ ഒപ്പിടീച്ച് വരന്റെ കൂട്ടുകാർ

മധുര: വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്നതിന് മുൻപ് വധൂവരന്മാര്‍ പരസ്പരം ഏതെങ്കിലും തരത്തിലുള്ള ധാരണകളിലും കരാറുകളിലും ഒപ്പിടുന്നത് പുതുമയുള്ള കാര്യമല്ല. ജോലിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ പങ്കാളി ഇടപെടരുതെന്നും സ്വന്തം വീട്ടില്‍ പോകുന്നത് തടയരുതെന്നും ചൂണ്ടിക്കാട്ടിയുള്ള ഇത്തരം കരാറുകൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള ഇത്തരമൊരു കരാറിന്റെ വാർത്തയാണ് ശ്രദ്ധ നേടുന്നത്.[www.malabarflash.com]


കഴിഞ്ഞ ഞായറാഴ്ച തമിഴ്‌നാട്ടിലെ മധുരയില്‍ നടന്ന ഒരു വിവാഹത്തിനിടെ വരന്റെ സുഹൃത്തുക്കള്‍ വധുവിനെ കൊണ്ട് ഒപ്പിടീപ്പിച്ച ഒരു കരാറാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തേനിയിലെ ഒരു സ്വകാര്യ കോളജിലെ പ്രൊഫസറായ ഹരിപ്രസാദും അദ്ദേഹത്തിന്റെ വധു പൂജയും തമ്മിലുള്ള വിവാഹത്തിനിടെയാണ് രസകരമായ കരാര്‍ ഒപ്പിടല്‍ അരങ്ങേറിയത്.

വിവാഹ ചടങ്ങിനിടെ വരന്റെ സുഹൃത്തുക്കള്‍ 20 രൂപയുടെ മുദ്രപത്രം കൊണ്ടുവന്ന് കരാറില്‍ ഒപ്പുവെയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ കരാറിന്റെ ഉള്ളടക്കമാണ് രസകരം. 'പൂജ എന്ന ഞാന്‍, ഹരിപ്രസാദിനെ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഉസിലൈ സൂപ്പര്‍സ്റ്റാര്‍ ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കാന്‍ ഇതിനാല്‍ അനുവദിക്കുന്നു.' എന്നായിരുന്നു കരാറിന്റെ ഉള്ളടക്കം.

പൂജയുടെ ഭര്‍ത്താവ് ഹരിപ്രസാദ് ഉസിലൈ സൂപ്പര്‍സ്റ്റാര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും പ്രധാന കളിക്കാരനുമാണ്. വിവാഹ ശേഷവും ക്രിക്കറ്റ് കളിക്കുന്നതില്‍ ഹരിപ്രസാദിന് തടസമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പിക്കാനാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഈ വിചിത്രമായ കരാറുമായി എത്തിയത്. നിറഞ്ഞ ചിരിയോടെയും പൂര്‍ണ സമ്മതത്തോടെയും പൂജ ഈ കരാറില്‍ ഒപ്പിടുകയും ചെയ്തു.

''ഉസിലൈ സൂപ്പർ സ്റ്റാർ ക്രിക്കറ്റ് ക്ലബിലെ ഭൂരിഭാഗം അംഗങ്ങളും വിവാഹശേഷം ക്രിക്കറ്റ് കളിക്കുന്നത് നിർത്തി. കുറച്ചുപേർ ഭാര്യമാരുടെ അനുമതി തേടിയാണ് വല്ലപ്പോഴും കളിക്കാനെത്തുന്നത്. ഞങ്ങളുടെ ക്യാപ്റ്റന് ഇതു സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നു''- വരന്റെ സുഹൃത്ത് രാംകുമാർ കരാറിന് പിന്നിലെ കാരണം വെളിപ്പെടുത്തി.

Post a Comment

0 Comments