ഒറ്റ പ്രസവത്തിൽ രണ്ട് വ്യത്യസ്ത പിതാക്കന്മാരുടെ കുട്ടികൾക്ക് ജന്മം നൽകിയ 19കാരിയായ യുവതിയെ കുറിച്ചാണ് വൈദ്യശാസ്ത്ര ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്. ബ്രസീലിലെ ഗോയാസിലെ മിനേറിയോസ് സ്വദേശിയായ യുവതിയിലാണ് 'ഒരു ദശലക്ഷത്തിൽ ഒരാൾ' എന്ന് വിളിക്കപ്പെടുന്ന അപൂർവ ഗർഭധാരണം സംഭവിച്ചത്. ഒരേ ദിവസം രണ്ട് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട യുവതി ഒമ്പത് മാസത്തിന് ശേഷം ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയെന്നാണ് ഡോക്ടർമാർ പറയുന്നത്.[www.malabarflash.com]
ഇരട്ടക്കുട്ടികളുടെ പിതാവ് ആരെന്ന കാര്യത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പിതൃത്വ പരിശോധന നടത്തിയതോടെയാണ് വിചിത്ര സംഭവം പുറത്തറിയുന്നത്. രണ്ട് വ്യത്യസ്ത പുരുഷന്മാരാൽ ഗർഭം ധരിച്ചിട്ടും കുഞ്ഞുങ്ങൾ തമ്മിൽ വളരെ സാമ്യമുണ്ടെന്ന് യുവതി പറഞ്ഞു. താൻ പിതാവാണെന്ന് കരുതുന്ന ആളുടെ ഡി.എൻ.എ പരിശോധനയിൽ ഒരു കുഞ്ഞിന് മാത്രം പോസിറ്റീവ് വന്നപ്പോൾ സ്തംഭിച്ചുപോയെന്നും അമ്മ പറഞ്ഞു.
'ഈ പ്രതിഭാസം വളരെ അപൂർവമാണെങ്കിലും, അത് പൂർണ്ണമായും അസാധ്യമല്ല. ശാസ്ത്രീയമായി ഇതിനെ ഹെറ്ററോപാരന്റൽ സൂപ്പർഫികണ്ടേഷൻ എന്ന് വിളിക്കുന്നു. അമ്മയിൽ ഒരേസമയം ഉണ്ടായ രണ്ട് അണ്ഡങ്ങളിൽ വ്യത്യസ്ത പുരുഷന്മാരുടെ ബീജങ്ങൾ ചേരുമ്പോൾ ഇത് സംഭവിക്കാം. കുഞ്ഞുങ്ങൾ അമ്മയുടെ ഡി.എൻ.എ പങ്കിടുന്നു. പക്ഷേ കുഞ്ഞുങ്ങൾ വ്യത്യസ്ത പ്ലാസന്റകളിലാണ് വളരുന്നത്- യുവതിയുടെ ഡോക്ടറായ ടുലിയോ ജോർജ് ഫ്രാങ്കോ പ്രാദേശിക വാർത്താ ഏജൻസിയായ ഗ്ലോബോയോട് പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം, ലോകത്തിൽ ആകെ 20 ഹെറ്ററോപാരന്റൽ സൂപ്പർഫികണ്ടേഷൻ കേസുകൾ മാത്രമേയുള്ളൂ.
'കുഞ്ഞുങ്ങൾക്ക് ഇപ്പോൾ 16 മാസം പ്രായമായി. ഒരു പിതാവാണ് രണ്ട് പേരെയും പരിപാലിക്കുന്നത്. കുട്ടികളെ നല്ലരീതിയിൽ പരിപാലിക്കുന്നതോടൊപ്പം എന്നെ വളരെയധികം സഹായിക്കുന്നു. ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നു- അമ്മ പറഞ്ഞു. ഇരട്ടക്കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ ഒരു പിതാവിന്‍റെ പേര് മാത്രമേ ചേർക്കൂ എന്നാണ് അറിയുന്നത്.
0 Comments