പുതിയ ഫോൾഡബ്ൾ ഫോണുമായി എത്തിയിരിക്കുകയാണ് ചൈനീസ് കമ്പനിയായ വിവോ. വിവോ എക്സ് ഫോൾഡ് പ്ലസ് (Vivo X Fold+) എന്നാണ് പുതിയ മടക്കാവുന്ന ഫോണിന്റെ പേര്. മാസങ്ങൾക്ക് മുമ്പ് ലോഞ്ച് ചെയ്ത 'എക്സ് ഫോൾഡ്' എന്ന മോഡലിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് വിവോ എക്സ് ഫോൾഡ് പ്ലസ് ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്.[www.malabarflash.com]
ഫോൺ തുറന്നാൽ, 8.03-ഇഞ്ച് വലിപ്പമുള്ള 2K സാംസങ് E5 അമോലെഡ് ഡിസ്‌പ്ലേയാണ് നിങ്ങളെ സ്വാഗതം ചെയ്യുക. ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതയും മനോഹരമായ ഈ ഡിസ്‍പ്ലേയാണ്. അരികുകൾ വളഞ്ഞിരിക്കുന്ന ഡിസ്‍പ്ലേക്ക്, 120Hz റിഫ്രഷ് റേറ്റ് പിന്തുണയും നൽകിയിട്ടുണ്ട്. ഫോൺ അടച്ചുപിടിച്ചാൽ, കാണാനാവുന്ന ഡിസ്‍പ്ലേക്ക് 6.53 ഇഞ്ച് വലിപ്പമാണുള്ളത്. അമോലെഡ് ഡിസ്‍പ്ലേക്ക് 120Hz റിഫ്രഷ് നിരക്കും നൽകിയിട്ടുണ്ട്.
ഫോണിന് കരുത്തേകുന്നത് സ്നാപ്ഡ്രാഗൺ 8പ്ലസ് ജെൻ 1 എസ്.ഒ.സിയാണ്. 12GB വരെയുള്ള LPDDR5 റാമും 512GB UFS 3.1 സ്റ്റോറേജും ഫോണിന്റെ പ്രകടനം ഗംഭീരമാക്കും.
50എംപി പ്രധാന ക്യാമറ, 48എംപി അൾട്രാ വൈഡ് ലെൻസ്, 12എംപി പോർട്രെയ്റ്റ് ലെൻസ്, 8എംപി പെരിസ്കോപ്പ് ക്യാമറ എന്നിങ്ങനെ വിവോ എക്സ് ഫോൾഡ് പ്ലസിന്റെ പിന്നിൽ നാല് കാമറകളാണുളളത്. നൈറ്റ് മോഡ്, പോർട്രെയിറ്റ് മോഡ്, 60x വരെ സൂപ്പർ സൂം, ഡ്യുവൽ വ്യൂ വീഡിയോ എന്നിവയുടെ പിന്തുണയുമുണ്ട്. മുൻകാമറ 16 എംപിയാണ്. അതേസമയം, വിവോയുടെ എക്സ് ഫോൾഡ് എന്ന മോഡലിനൊപ്പം 32MP സെൽഫി ഷൂട്ടറായിരുന്നു ലഭിക്കുന്നു.
80W ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ് പിന്തുണയുള്ള വിവോ എക്സ് ഫോൾഡ്+ -നൊപ്പം 4,730 എംഎഎച്ച് വലിപ്പമുള്ള ബാറ്ററിയാണ് വരുന്നത്. മുൻ മോഡലിന് 66W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,600 എംഎഎച്ച് ബാറ്ററിയായിരുന്നു. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് ഓഷ്യൻ ആണ് ഫോണിന്റെ ഓപറേറ്റിങ് സിസ്റ്റം. എക്സ് ഫോൾഡ് പ്ലസിനൊപ്പം ഇൻ-ഡിസ്‍പ്ലേ ഫിംഗർ പ്രിന്റാണ് വരുന്നത്.
ചൈനയിൽ 12GB+256GB യുള്ള ഫോണിന്റെ വില 9,999 യുവാനാണ്. 1.13 ലക്ഷം രൂപ വരുമത്. 12GB+512GB മോഡലിന് 1,25,000 രൂപയും വരും. ഫോൺ വൈകാതെ ഇന്ത്യയിലെത്തിയേക്കും. സാംസങ് സീ ഫോൾഡ് 4ന് ഇന്ത്യയിൽ 154,999 രൂപയാണ് വില.
0 Comments