പാലക്കാട്: കേടായ ടി.വിക്ക് ക്ലയിം നിഷേധിച്ച ഇൻഷുറൻസ് കമ്പനി, ടി.വിയുടെ വിലയടക്കം 2.92 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പാലക്കാട് ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവിട്ടു.[www.malabarflash.com]
കൊടുമ്പ് ദേവീനഗർ 'സങ്കീർത്തന'ത്തിൽ ആർ. പുഷ്പരാജ് നൽകിയ പരാതിയിൽ ബജാജ് അലിയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിക്കെതിരെയാണ് വിധി. 1,94,600 രൂപക്ക് ത്രീഡി ടി.വി വാങ്ങിയ വേളയിൽതന്നെ പുഷ്പരാജ് ഇൻഷുർ ചെയ്തിരുന്നു. വാറന്റി കാലയളവായ ഒരു വർഷത്തിനുശേഷം കവറേജ് നൽകുമെന്നായിരുന്നു വ്യവസ്ഥ.
വാറന്റി കാലയളവിനുശേഷം ടി.വി കേടായപ്പോൾ ഇൻഷുറൻസ് കമ്പനിയെ റീഇമ്പേഴ്സ്മെന്റിന് സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഹരജിയിൽ പറയുന്നു.
ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളിയ ഉപഭോക്തൃ തർക്ക പരിഹാര ഫോറം, ടി.വിയുടെ വിലയിൽനിന്ന് പത്ത് ശതമാനം കിഴിച്ച തുകയും അൺഫെയർ ട്രേഡ് പ്രാക്ടീസിന് 25,000 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതിച്ചെലവിലേക്ക് 15,000 രൂപയും അടക്കം 2.92 ലക്ഷം രൂപ ഹരജിക്കാരന് നൽകണമെന്ന് വിധിച്ചു.
കമീഷൻ പ്രസിഡന്‍റ് വി. വിനയ് മേനോൻ, മെമ്പർമാരായ എ. വിദ്യ, എൻ.കെ. കൃഷ്ണൻകുട്ടി എന്നിവരാണ് വിധി പ്രസ്താവിച്ചത്. ഹരജിക്കാരനുവേണ്ടി അഡ്വ. എം.ജെ. വിൻസ് ഹാജരായി.
0 Comments