NEWS UPDATE

6/recent/ticker-posts

നാല് മാധ്യമങ്ങളെ വാർത്താസമ്മേളത്തിൽ പങ്കെടുപ്പിക്കാതെ ഗവർണർ, ഒടുവിൽ വിശദീകരണം

തിരുവനന്തപുരം : നാല് മാധ്യമങ്ങളെ വാർത്താസമ്മേളത്തിൽ പങ്കെടുപ്പിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചില മാധ്യമങ്ങൾ തെറ്റായ രീതിയിൽ കൊടുത്ത വാർത്ത ആവശ്യപ്പെട്ടിട്ടും തിരുത്താൻ തയ്യാറായില്ലെന്നും അതാണ് അവരെ ഒഴിവാക്കാൻ കാരണമെന്നുമാണ് ഗവർണർ നൽകിയ വിശദീകരണം.[www.malabarflash.com]


രാജ് ഭവനുമായി ബന്ധപ്പെട്ട് തെറ്റായ രീതിയിൽ ചില മാധ്യമങ്ങൾ വാർത്ത നൽകുകയുണ്ടായി. രാജ്ഭവൻ പിആർഒ ആവശ്യപെട്ടിട്ടും തിരുത്താൻ അവർ തയ്യാറായില്ല. അതുകൊണ്ടാണ് അത്തരം മാധ്യമങ്ങളെ വാർത്താ സമ്മേളനത്തിൽ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്.

പാർട്ടി കേഡറുകളെ താൻ വാർത്താ സമ്മേളനത്തിൽ പങ്കെടുപ്പിക്കാനുദ്ദേശിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു. ചില വിഷയങ്ങളിൽ വിശദീകരണം നൽകാനാണ് വാർത്താ സമ്മേളനം വിളിച്ചത്. എന്നാൽ താൻ പറയുന്നതിനെ ചില മാധ്യമങ്ങൾ വളച്ചൊടിക്കുന്നുണ്ടെന്നും അത്തരക്കാരെ ഒഴിവാക്കുകയായിരുന്നുവെന്നും ഗവർണർ പറഞ്ഞു.

കൈരളി, ജയ്‍ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ എന്നീ മാധ്യമങ്ങളെയാണ് ഗവർണറുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയത്. അനുമതി ചോദിച്ചിട്ടും രാജ്ഭവന്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. 

മാധ്യമങ്ങളോടുള്ള വിവേചനത്തിൽ ഇതിനോടകം വിമർശനം ഉയർന്നിട്ടുണ്ട്. നാല് മാധ്യമങ്ങൾക്ക് മാത്രം പ്രവേശനം നിഷേധിച്ചത് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. ഗവർണറുടെ കസേരയിലിരുന്ന് ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നത് ശരിയല്ലെന്നും എല്ലാവരെയും ഒരു പോലെ കാണണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments