NEWS UPDATE

6/recent/ticker-posts

സ്കൂൾ ടൂർ പോയ ‌ബസ് കെഎസ്ആർടിസി ബസിലിടിച്ചു; 5 വിദ്യാർഥികളടക്കം 9 മരണം

പാലക്കാട്: സ്കൂൾ വിനോദയാത്രാ സംഘത്തിന്റെ ബസ് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിനു പിന്നിലിടിച്ച് 5 വിദ്യാർഥികളടക്കം 9 പേർ മരിച്ചു. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിയുകയായിരുന്നു.[www.malabarflash.com] 

അഞ്ച് കുട്ടികളും അധ്യാപകനായ ഒരാളും മൂന്ന് കെഎസ്ആർടിസി യാത്രക്കാരും മരിച്ചുവെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ആകെ 60 പേർക്കു പരുക്കേറ്റു. 4 പേരുടെ നില ഗുരുതരമാണ്.

എറണാകുളത്തു നിന്നു പുറപ്പെട്ട ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ കായിക അധ്യാപകൻ മുളന്തുരുത്തി ഇഞ്ചിമല വട്ടത്തറ വീട്ടിൽ വി.കെ. വിഷ്ണു(33) പ്ലസ്ടു വിദ്യാർഥികളായ ഉദയം പേരൂർ വലിയകുളം അഞ്ജനം വീട്ടിൽ അഞ്ജന അജിത്(17), ആരക്കുന്നം കാഞ്ഞിരിക്കപ്പിള്ളി ചിറ്റേത്ത് വീട്ടിൽ സന്തോഷിന്റെ മകൻ സി.എസ്. ഇമ്മാനുവൽ(17), പത്താംക്ലാസ് വിദ്യാർഥികളായ മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പൊറ്റയിൽ വീട്ടിൽ പി.സി. തോമസിന്റെ മകൻ ക്രിസ് വിന്റർ ബോൺ തോമസ്(15), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മിനിലയത്തിൽ രാജേഷ് ഡി. നായരുടെ മകൾ ദിയ രാജേഷ്(15), തിരുവാണിയൂർ ചെമ്മനാട് വെമ്പ്ലിമറ്റത്തിൽ ജോസ് ജോസഫിന്റെ മകൾ എൽന ജോസ്(15) എന്നിവരാണ് മരിച്ചത്.

കെഎസ്ആർടിസി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ.അനൂപ് (22), ദീപു എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു.
വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം രാത്രി 11.30നാണ് അപകടമുണ്ടായത്. അപകടസംഖ്യ ഉയർന്നേക്കാമെന്നു പൊലീസ് പറഞ്ഞു. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉൾപ്പെടെ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് വിനോദയാത്രാ സംഘം പുറപ്പെട്ടത്. 42 വിദ്യാർഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമടക്കമാണ് വിനോദയാത്രാ സംഘം യാത്ര തുടങ്ങിയത്. 26 ആണ്‍കുട്ടികളും 16 പെണ്‍കുട്ടികളും ഉൾപ്പെടുന്നു. 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികളാണിവർ. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിന്റെ പിന്നിലേക്കു പാഞ്ഞുകയറിയത്. കൊട്ടാരക്കര – കോയമ്പത്തൂർ കെഎസ്ആർടിസി ബസിൽ 49 യാത്രക്കാർ ഉണ്ടായിരുന്നു.

ഹരികൃഷ്ണൻ (22), അമേയ (17), അനന്യ (17), ശ്രദ്ധ (15), അനീജ (15), അമൃത (15), തൻശ്രീ (15), ഹൈൻ ജോസഫ് (15), ആശ (40), ജനീമ (15), അരുൺകുമാർ (38), ബ്ലസൻ (18), എൽസിൽ (18), എൽസ (18) എന്നിവർ ഉൾപ്പെടെ 16 പേരാണു പരുക്കേറ്റു തൃശൂരിലെ ആശുപത്രിയിലുള്ളത്.

Post a Comment

0 Comments