ബേവിനമട്ടി ഗ്രാമത്തിലാണ് ദാരുണസംഭവം. പിന്നാക്ക ജാതിയിലുള്ള യുവാവിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയതാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. ബേവിനമട്ടി സ്വദേശികളായ രാജേശ്വരിയും വിശ്വനാഥും മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. കാസർകോഡ് കെട്ടിനിര്‍മ്മാണ തൊഴില്‍ ചെയ്യുന്ന വിശ്വനാഥ്, നാട്ടിലെത്തുമ്പോഴെല്ലാം രാജേശ്വരിയെ കണ്ടിരുന്നു.
രണ്ട് തവണ രാജേശ്വരിയുടെ അച്ഛന്‍ വിശ്വനാഥിനെ മര്‍ദ്ദിക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രാജേശ്വരിക്ക് 14 വയസ്സുള്ളപ്പോള്‍ മുതല്‍ ഇരുവരും പ്രണയത്തിലാണ്. 17 വയസ്സുള്ള രാജേശ്വരിക്ക് പ്രായപൂര്‍ത്തി ആയാല്‍ ഉടന്‍ വിവാഹം കഴിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. ഈ വിവരം രാജേശ്വരി അമ്മയോട് വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇരുവരെയും കൊലപ്പെടുത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചത്.
വിവാഹകാര്യം സംസാരിക്കാമെന്ന് പറഞ്ഞ് രാജേശ്വരിയെ കൊണ്ട് വിശ്വനാഥിനെ വിളിച്ചുവരുത്തിയാണ് ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. സെപ്തംബർ 30 നായിരുന്നു കൊലപാതകം നടന്നത്. വിശ്വനാഥിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വിശ്വനാഥിനോട് സംസാരിക്കാമെന്ന് പറഞ്ഞ് രാജേശ്വരിയെ കാറില്‍ കയറ്റികൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. രാജേശ്വരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ സമീപത്തെ കൃഷ്ണ നദിയില്‍ കെട്ടിത്താഴ്ത്തി. വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞു. പിന്നാലെ മകളെ കാണാനില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെ പോലീസില്‍ പരാതി നല്‍കി. വിശ്വനാഥിന്‍റെ ബന്ധുക്കളും പോലീസിനെ സമീപിച്ചതോടെയാണ് കൊലപാതകത്തിന്‍റെ ചുരുള്‍ അഴിഞ്ഞത്. രാജേശ്വരിയുടെ അച്ഛന്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റിലായി. ബന്ധുക്കളായ മറ്റ് 4 പേർ ഒളിവിലാണ്.
0 Comments