ഒന്‍പത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ ഹര്‍ജിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയില്‍ തിരിച്ചടി. എല്ലാ വിസിമാര്‍ക്കും തത്കാലം പദവിയില്‍ തുടരാമെന്ന് ഹൈക്കോടതി ഇടക്കാല വിധിയില്‍ വ്യക്തമാക്കി.കാരണം കാണിക്കല്‍ നോട്ടീസില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നടപടി സ്വീകരിക്കുന്നതുവരെ വിസിമാര്‍ക്ക് പദവിയില്‍ തുടരാമെന്നാണ് കോടതി ഉത്തരവ്. വിസിമാര്‍ പത്ത് ദിവസത്തിനുള്ളില്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമാണെങ്കില്‍ പദവിയില്‍ തുടരാന്‍ അനുവദിക്കാം. അല്ലെങ്കില്‍ തുടര്‍നടപടികളുമായി ഗവര്‍ണര്‍ക്ക് മുന്നോട്ടു പോവാമെന്നും കോടതി നിര്‍ദേശിച്ചു.
വിസിമാരുടെ എല്ലാ വാദങ്ങളും ഗവര്‍ണര്‍ പരിഗണിക്കണം. വിസിമാരുടെ രാജി ആവശ്യപ്പെട്ട് കത്ത് അയച്ചത് ശരിയായില്ലെന്നും കോടതി നിരീക്ഷിച്ചു. വിസിമാരുടെ രാജിക്ക് എന്തിനാണ് ഇത്ര തിടുക്കമെന്ന് ഗവര്‍ണറോട് കോടതി ചോദിച്ചിരുന്നു. വിസിമാര്‍ക്ക് നോട്ടീസ് നല്‍കിയ സാഹചര്യമെന്തെന്നും കോടതി ഗവര്‍ണറോട് ചോദിച്ചു.ഒന്‍പത് സര്‍വകലാശാല വിസിമാര്‍ ഇന്ന് രാവിലെ 11.30ന് രാജിവെയ്ക്കണമെന്നാണ് ചാന്‍സിലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ ആവശ്യപ്പെട്ടത്. ഇതിനെ ചോദ്യം ചെയ്താണ് വിസിമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വൈകിട്ട് നാലിനാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പ്രത്യേക സിറ്റിംഗ് ആരംഭിച്ചത്.
ഗവര്‍ണറുടെ രാജി ആവശ്യത്തില്‍ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന്ന് കരുതരുതെന്നും അത് ഉത്തരത്തെ പിടിച്ചു നിര്‍ത്തുന്നത് താനാണ് എന്ന് കരുതുന്നതു പോലത്തെ മൗഢ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വിസിയെ പിരിച്ചുവിടാന്‍ ചാന്‍സലര്‍ക്ക് ചട്ടപ്രകാരം അധികാരമില്ല. അതിനാല്‍ വിസിമാരോട് രാജിവെക്കാനോ അവരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടാനോ ഗവര്‍ണര്‍ക്ക് നിയമപരമായ അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടെക്‌നോളജി യൂണിവേഴ്‌സിറ്റി വിസിയുടെ കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മറ്റു സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ചാന്‍സലര്‍ എന്ന നിലയ്ക്ക് ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാനാകില്ല. കാരണം, കോടതിയുടെ ഉത്തരവ് ആ വിസിക്ക് മാത്രമേ ബാധകമാകുന്നുള്ളൂ. ഇത് സാമാന്യ നിയമബോധമുള്ളവര്‍ക്ക് അറിയാം. അതു മറ്റാര്‍ക്കും ബാധകമല്ല. ആ വിസിക്കെതിരെയായിരുന്നു ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. അതുകൊണ്ട് വിധി ഉണ്ടായത് ആ നിയമനവുമായി ബന്ധപ്പെട്ടു മാത്രമാണ്. പൊതുഹര്‍ജിയാണെങ്കില്‍ തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്ന് പറയാമായിരുന്നു. എന്നാല്‍, ഇക്കാര്യം വ്യത്യസ്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
0 Comments