2006ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ ഞങ്ങൾ പരസ്പരം മത്സരിച്ചപ്പോൾ ആളറിയാതെ കോടിയേരി എന്നോട് വോട്ടു ചോദിച്ച ഒരു ഓർമയുണ്ട് മനസിൽ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തലശ്ശേരി ബിഷപ് മരണപ്പെട്ട ദിവസമായിരുന്നു അത്. അവധി കിട്ടിയ ദിവസം മുടി വെട്ടാൻ ഡ്രൈവറെ കാറിലിരുത്തി ഞാൻ തനിച്ച് ബാർബർ ഷോപ്പിൽ മുടി വെട്ടാൻ കയറി. ദേഹം മുഴുവൻ ഷാൾ മൂടി മുടി വെട്ടുന്നതിനിടെ കോടിയേരി അവിടെ എത്തി. എന്റെ കൈ പിടിച്ച് വോട്ടു ചോദിച്ചു. അപ്പോൾ ബാർബർ കോടിയേരിയോട് ആള് ആരാണെന്ന് നോക്കാൻ പറഞ്ഞു. അതു ഞാൻ ആണെന്നു തിരിച്ചറിഞ്ഞപ്പോൾ ഒരു പൊട്ടിച്ചിരിയായിരുന്നു കോടിയേരിയുടെ മറുപടി.
പ്രസംഗത്തിലും പുറമെയും വലിയ ഭീകരനാണെന്നു തോന്നുമെങ്കിലും ഉള്ളിൽ നിറയെ സ്നേഹമുള്ള ഒരു മനുഷ്യനായിരുന്നു കോടിയേരി എന്നാണ് എന്റെ അനുഭവം. ഞാൻ 1978 മുതൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. അന്ന് ഡിവൈഎഫ്ഐ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കളെന്ന നിലയിൽ ഞങ്ങൾ തമ്മിൽ അന്നേ പരിചയം ഉണ്ടായിരുന്നെങ്കിലും കൂടുതൽ അടുക്കുന്നത് തലശ്ശേരിയിലെ തിരഞ്ഞെടുപ്പ് കാലത്താണ്. അദ്ദേഹം ആഭ്യന്തരമന്ത്രി ആയപ്പോഴും ആ സൗഹൃദം തുടർന്നു.
അസുഖ ബാധിതനായപ്പോൾ 2 മാസം മുൻപ് കാണാൻ വരുന്നു എന്നു പറഞ്ഞപ്പോൾ വരണ്ട എന്നു പറഞ്ഞു തടഞ്ഞത് കോടിയേരി തന്നെയാണ്. രോഗബാധിതനായ, ക്ഷീണിതനായ തന്നെ മറ്റുള്ളവർ കാണുന്നതിൽ അദ്ദേഹത്തിനു താൽപര്യക്കുറവുണ്ടായിരുന്നു എന്നാണു മനസിലാക്കുന്നത്. തലശ്ശേരിയിൽ മത്സരിക്കുന്ന സമയത്ത് ഞാൻ തലശ്ശേരി ഗസ്റ്റ് ഹൗസിലാണു താമസിച്ചത്. സ്ഥാനാർഥി എന്ന നിലയിൽ ഞാൻ ഗസ്റ്റ് ഹൗസിൽ താമസിക്കരുത് എന്ന് രാഷ്ട്രീയ എതിരാളികൾ പറഞ്ഞു. നോമിനേഷൻ നൽകുന്നതിനു മുൻപാണ് അതെന്നതിനാൽ ഗസ്റ്റ് ഹൗസിൽ താമസിക്കുന്നതിനു നിയമ തടസ്സം ഉണ്ടായിരുന്നുമില്ല.
വിഷയം കോടിയേരിയോടു പറഞ്ഞപ്പോൾ താൻ ഇവിടെ നിന്നു പോകാനൊന്നും ഉദ്ദേശമില്ലേ എന്ന് തിരിച്ചു ചോദിച്ചു. ഞാൻ ഇവിടെ ഒരു വീട് വാടകയ്ക്കെടുത്തിട്ടുണ്ട് ഇനി എംഎൽഎ ആയാൽ താമസിക്കാൻ എന്നു ഞാൻ മറുപടി നൽകി. എങ്കിൽ താൻ ഇവിടെ നിന്നു പെട്ടിയിലേ പോകത്തുള്ളൂ എന്നായിരുന്നു കോടിയേരിയുടെ തമാശ നിറഞ്ഞ മറുപടി. പക്ഷേ ശക്തമായ മത്സരം തന്നെ ഞാൻ അവിടെ കാഴ്ച വച്ചു. ഇടതുപക്ഷത്തിന് കാൽ ലക്ഷത്തിലേറെ ഭൂരിപക്ഷമുണ്ടായിരുന്നത് 8000 ആയി കുറയ്ക്കാൻ കഴിഞ്ഞു.
വാശിയേറിയ മത്സരമായിരുന്നു അതെന്നു പിന്നീട് കോടിയേരി തന്നെ സമ്മതിച്ചു. സ്നേഹവും ഭീഷണിയും ഒരുപോലെ പങ്കു വച്ചതായിരുന്നു ആ തിരഞ്ഞെടുപ്പ്.മത്സരശേഷവും ആ സൗഹൃദം തുടർന്നു. 2018ൽ എന്റെ മകന്റെ വിവാഹത്തിന് കോടിയേരിയും ഭാര്യ വിനോദിനിയും വീട്ടിൽ വന്ന് ഏറെ നേരം സംസാരിച്ചിരുന്നു. അവസാനമായി ഒന്നു കാണണമെന്ന ആഗ്രഹം കോടിയേരി തന്നെ തടഞ്ഞതിനാൽ നടന്നില്ല.
0 Comments