നാഗ്പൂര്‍: ജനസംഖ്യാ നിയന്ത്രണത്തിന് രാജ്യത്തിന് സര്‍ക്കാര്‍ നയം വേണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസമത്വം അവഗണിക്കാനാകില്ല. ജനസംഖ്യയിലെ അസന്തുലിതാവസ്ഥ ഭൂമിശാസ്ത്ര അതിര്‍വരമ്പുകള്‍ മാറ്റുന്നു. ജനസംഖ്യാ നിയന്ത്രണത്തിന് ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യം ശിഥിലമാകുമെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു.[www.malabarflash.com]
നിര്‍ബന്ധിത മതപരിവര്‍ത്തനം ഉള്‍പ്പടെയുള്ള ആരോപണങ്ങളുമായായിരുന്നു വിജയദശമി ആഘോഷങ്ങളുടെ ഭാഗമായുള്ള ആര്‍എസ്എസ് റാലിയിലെ മോഹന്‍ ഭാഗവതിന്റെ പ്രസംഗം.
'ജനസംഖ്യാ നിയന്ത്രണത്തിനൊപ്പം, മതപരമായ അടിസ്ഥാനത്തിലുള്ള ജനസംഖ്യാ സന്തുലിതാവസ്ഥയും അവഗണിക്കാനാവാത്ത ഒരു പ്രാധാന കാര്യമാണ്. ജനസംഖ്യയ്ക്ക് അനുസരിച്ച് വിഭവങ്ങള്‍ ആവശ്യമാണ്. വിഭവങ്ങള്‍ ഇല്ലാതെ ജനസംഖ്യ കൂടിയാല്‍ അത് ഒരു ഭാരമാകും. ജനസംഖ്യയെ ഒരു ആസ്തിയായി കണക്കാക്കുന്ന മറ്റൊരു വീക്ഷണമുണ്ട്. ഈ രണ്ട് വശങ്ങളും മനസില്‍ വെച്ചുകൊണ്ട് എല്ലാവര്‍ക്കുമായി ജനസംഖ്യാ നയം കൊണ്ടുവരണം. സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ച് ഉറപ്പായും ചിന്തിക്കണം', മോഹന്‍ ഭാഗവത് പറഞ്ഞു.
മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥ മൂല്യം പുതിയ രാജ്യങ്ങള്‍ ഉയര്‍ന്നു വരുമെന്ന് കോസോവയെയും ദക്ഷിണ സുഡാനെയും ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ജനനനിരക്കിലെ വ്യത്യാസങ്ങള്‍ക്കൊപ്പം ബലപ്രയോഗത്തിലൂടെയും നുഴഞ്ഞുകയറ്റത്തിലൂടെയുമുള്ള പരിവര്‍ത്തനങ്ങളും വലിയ കാരണങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങള്‍ തെറ്റിനെതിരെ ശബ്ദം ഉയര്‍ത്തണം. എന്നാല്‍ നിയമത്തിന്റെ ചട്ടക്കൂടില്‍ നിന്ന് കൊണ്ടേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. നിസാര കാര്യങ്ങള്‍ക്ക് വഴക്കുണ്ടാക്കരുതെന്നും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു. ക്ഷേത്രവും വെള്ളവും ശ്മശാനവും എല്ലാവര്‍ക്കും പൊതുവായിരിക്കണം. ന്യൂനപക്ഷങ്ങള്‍ അപകടത്തിലാണെന്ന് ചിലര്‍ ഭയപ്പെടുത്തുന്നു. ഇത് സംഘത്തിന്റെയോ ഹിന്ദുക്കളുടെയോ സ്വഭാവമല്ല. സാഹോദര്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും പക്ഷത്ത് നില്‍ക്കുന്നവരാണ് സംഘമെന്നും ആര്‍എസ്എസ് മേധാവി അവകാശപ്പെട്ടു.
0 Comments