തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാവിലെ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനില്‍വെച്ചായിരുന്നു ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം.[www.malabarflash.com]
പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിച്ചാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞദിവസം എട്ടുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിലാണ് ഷാരോണിനെ കൊലപ്പെടുത്തിയതാണെന്ന് ഗ്രീഷ്മ പോലീസിനോട് സമ്മതിച്ചത്. റൂറല്‍ എസ്.പി. ഓഫീസിലെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം പുലര്‍ച്ചെ ഒരുമണിയോടെ ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഇവിടെ വനിതാ പോലീസുകാരുടെ കാവലില്‍ വിശ്രമം അനുവദിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ വീണ്ടും റൂറല്‍ എസ്.പി. ഓഫീസിലേക്ക് കൊണ്ടുവരാനിരിക്കെയാണ് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
റൂറല്‍ എസ്.പി. ഓഫീസിലേക്ക് പോകുന്നതിന് മുമ്പാണ് ഗ്രീഷ്മ ശുചിമുറിയില്‍ പോകണമെന്ന് പോലീസുകാരോട് ആവശ്യപ്പെട്ടത്. രണ്ട് വനിതാ പോലീസുകാര്‍ പുറത്ത് കാവല്‍ നില്‍ക്കുകയും ഗ്രീഷ്മ ശുചിമുറിയില്‍ പോയിവരികയും ചെയ്തു. തുടര്‍ന്ന് ജീപ്പിലേക്ക് നടന്നുപോകുന്നതിനിടെ ഗ്രീഷ്മ ഛര്‍ദിക്കുകയായിരുന്നു. ഇതോടെയാണ് അണുനാശിനി കുടിച്ച വിവരം പുറത്തറിയുന്നത്. ഉടന്‍തന്നെ യുവതിയെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.
0 Comments