NEWS UPDATE

6/recent/ticker-posts

മനുഷ്യാവകാശ സംഘടനയുടെ പേരില്‍ പണപ്പിരിവ്, കണ്ണൂരില്‍ മൂന്നുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: മനുഷ്യാവകാശ സംഘടനയുടെ പേരില്‍ വ്യാജരശീത് അച്ചടിച്ച് പണപ്പിരിവിനിറങ്ങിയ മൂന്നംഗസംഘം അറസ്റ്റില്‍.[www.malabarflash.com]


കുറുമാത്തൂര്‍ ചൊറുക്കള മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ ചാണ്ടിക്കരി പുത്തന്‍വീട്ടില്‍ സി.പി. ഷംസുദ്ദീന്‍ (43), ശ്രീകണ്ഠപുരം നിടിയേങ്ങ വില്ലേജ് ഓഫീസിന് സമീപത്തെ ഷൈനി കോട്ടേജില്‍ കെ.വി. ഷൈജു എന്ന മണി (45), മീത്തലെ വീട്ടില്‍ മോഹനന്‍ (48) എന്നിവരെയാണ് കണ്ണപുരം എസ്.ഐ. വി.ആര്‍. വിനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഹ്യൂമന്‍ റൈറ്റ്സ് ഡെമോക്രാറ്റിക് പ്രൊട്ടക്ഷന്‍ ഫോറം എന്ന സംഘടനയുടെ പേരിലാണ് രശീത് അച്ചടിച്ച് പണപ്പിരിവിനിറങ്ങിയത്. കല്യാശ്ശേരി മാങ്ങാട് ലക്സോട്ടിക്ക കണ്‍വെന്‍ഷന്‍ സെന്റര്‍, ബക്കളം പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് പണം ആവശ്യപ്പെട്ട് എത്തിയത്.

ലക്സോട്ടിക്ക കണ്‍വെന്‍ഷന്‍ സെന്ററില്‍ സാമൂഹികപ്രവര്‍ത്തനം നടത്തുന്നവരാണെന്നാണ് ഇവര്‍ പരിചയപ്പെടുത്തിയത്. വന്‍ തുകയാണ് സംഭാവനയായി ആവശ്യപ്പെട്ടത്. ഇത്രയും തുക നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞപ്പോള്‍ നിര്‍ധനര്‍ക്ക് തയ്യല്‍ മെഷീന്‍ വാങ്ങി നല്‍കുന്നതിനുള്ള പകുതി തുക തരണമെന്നായി. പകുതി തുക 'പാര്‍ഥ'യില്‍നിന്ന് നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. സംശയം തോന്നി 'പാര്‍ഥ'യുമായി ബന്ധപ്പെപ്പോള്‍ പിരിവുകാര്‍ പറഞ്ഞ കാര്യം തെറ്റാണെന്ന് മനസ്സിലായി. തുടര്‍ന്ന് കണ്ണപുരം പോലീസില്‍ വിവരമറിയിച്ചു. പോലീസ് പരിശോധനയില്‍ സംഘം എത്തിയ വാഹനത്തില്‍നിന്ന് വിവിധ സംഘടനകളുടെ രശീതി ബുക്കുകള്‍ കണ്ടെത്തി. കണ്ണപുരം പോലീസ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. ഇതേ സംഘടനയുടെ പേരില്‍ നേരത്തേയും സംഭാവന പിരിച്ചതായി പാര്‍ഥ മാനേജര്‍ പറഞ്ഞു. എസ്.ഐ. രമേശനും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments