NEWS UPDATE

6/recent/ticker-posts

പ്ലാസ്മയ്ക്ക് പകരം കയറ്റിയത് ജ്യൂസ്, ഡെങ്കിപ്പനിയുള്ളയാള്‍ മരിച്ചു; വീഡിയോ വൈറലാകുന്നു

ഡെങ്കിപ്പനി ബാധിച്ച് ചില കേസുകളില്‍ രോഗികള്‍ മരിക്കാറുണ്ട്. ഡെങ്കു ഗുരുതരമാകുന്നതോടെയുണ്ടാകുന്ന അനുബന്ധപ്രശ്നങ്ങള്‍ മൂലമാണ് രോഗിക്ക് മരണം സംഭവിക്കുന്നത്. എന്നാല്‍ ഇവിടെയിതാ ചികിത്സാപ്പിഴവ് മൂലം ഡെങ്കിപ്പനി രോഗി മരിച്ചതായാണ് ഒരു വീഡിയോ അവകാശപ്പെടുന്നത്. ഒരു രോഗി മരിച്ചുവെന്നത് മാത്രമല്ല വീഡിയോ ചൂണ്ടിക്കാട്ടുന്ന പ്രശ്നം. പല രോഗികളിലും ഇതുതന്നെയാണ് ആശുപത്രി ചെയ്യുന്നതെന്നുമാണ് പരാതി.[www.malabarflash.com]

ഉത്തര്‍പ്രദേശിലെ പ്രയാഗ്‍രാജിലാണ് സംഭവം. ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് രക്തകോശങ്ങളുടെ അളവില്‍ കുറവ് വരുന്നതോടെയാണ് പലപ്പോഴും ഇവരുടെ ആരോഗ്യനില മോശമാകുന്നതും മരണം വരെയെത്തുന്നതും. രക്തകോശങ്ങളില്‍ കുറവ് വരുമ്പോള്‍ രോഗിക്ക് മറ്റുള്ളവരുടെ രക്തത്തില്‍ നിന്ന് തന്നെ വേര്‍തിരിച്ചെടുത്ത് ബ്ലഡ് ബാങ്കില്‍ സൂക്ഷിച്ചിട്ടുള്ള പ്ലാസ്മ നല്‍കി അതിനെ പരിഹരിക്കാൻ ശ്രമിക്കാറുണ്ട്. ഇതാണ് രോഗിക്ക് ഈ അവസ്ഥയില്‍ നല്‍കേണ്ട ചികിത്സയും.

എന്നാല്‍ പ്രയാഗ്‍രാജിലെ ഒരാശുപത്രിയില്‍ രോഗികള്‍ക്ക് പ്ലാസ്മ നല്‍കുന്നതിന് പകരം മൊസമ്പി ജ്യൂസ് ബ്ലഡ് പാക്കില്‍ നിറച്ച് അതാണ് കയറ്റുന്നതെന്നാണ് വീഡിയോയില്‍ പ്രതിപാദിച്ചിരിക്കുന്നത്. ബ്ലഡ് പാക്ക് തുറന്ന് ജ്യൂസിന് സമാനമായ ദ്രാവകം വീഡിയോയില്‍ കാണിക്കുന്നുമുണ്ട്. ഈ രീതിയില്‍ ഒരു രോഗി മരിച്ചുവെന്നും ഉടനടി ഈ പ്രശ്നത്തില്‍ അധികൃതര്‍ ഇടപെടണമെന്നുമാണ് വീഡിയോയില്‍ ആവശ്യപ്പെടുന്നത്.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്താണ് നടന്നതെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഐജി രാകേഷ് സിംഗ് അറിയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ പ്രജേഷ് പതക്കും സംഭവത്തില്‍ അന്വേഷണം നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇത്തരത്തിലൊരു അഴിമതി ആശുപത്രിയില്‍ നടക്കുന്നുവെങ്കില്‍ അത് ഗുരുതരമായ കുറ്റമാണെന്നും അതിന് ഉത്തരവാദികളായവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നുമാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. കുറ്റകരമായി എന്തെങ്കിലും കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ട്.


Post a Comment

0 Comments