NEWS UPDATE

6/recent/ticker-posts

വിജയദശമി: തിന്മയുടെ മേൽ നന്മയുടെ വിജയാഘോഷം

വിദ്യാസമ്പന്നതയ്ക്കും ഐശ്വര്യ സമൃധിയ്ക്കും വേണ്ടി "അറിവില്ലാത്ത നാളിൽ ഹരി എന്നൊരക്ഷരത്തെ അരി തന്നിൽ തൊട്ടു കൊണ്ട് അറിവിന്റെ ലോകത്തേക്ക്....."


ഇന്ത്യയൊട്ടുക്കും ഹൈന്ദവ സമൂഹം കൊണ്ടാടുന്ന മഹോത്സവമാണ് നവരാത്രി. ആചാരാനുഷ്ഠാന പരിശുദ്ധിയാണ്‌ ഒൻപത് രാവും പത്ത് പകലും നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിന്റെ സവിശേഷത. ദേവി ഉപാസനയാണ് നവരാത്രി ആഘോഷത്തിന്റ കാതലായ സങ്കല്പം. വിദ്യാസമ്പന്നതയ്ക്കും ഐശ്വര്യത്തിനും വേണ്ടിയാണ് വിശ്വാസികൾ നവരാത്രി വ്രതം അനുഷ്ഠിക്കുന്നത്. വ്രതശുദ്ധിയോടെ ഒൻപത് ദിനങ്ങളുടെ പവിത്രത നമ്മുടെ അകതാരിലും എന്നും പ്രകാശം ചൊരിയുമാറാകട്ടെ.

തിന്മയുടെ മീതെ നന്മയുടെ വിജയം
മൂന്ന് ലോകവും അടക്കിവാണ അസുരരാജാവായിരുന്നു മഹിഷാസുരൻ. ദുഷ്ടനും അഹങ്കാരി യുമായ മഹിഷാസുരനെ വധിച്ച വിജയത്തിന്റെ സന്തോഷദിനമാണ് വിജയദശമി. ദേവി ഉപാസനയാണ് നവരാത്രി ആഘോഷത്തിന്റെ കാതലായ സങ്കല്പം. ഒൻപത് രാവുകൾക്ക് ശേഷമെത്തുന്ന

അവസാന നാളിലെ പ്രഭാതത്തിലാണ് വിജയദശമി ആഘോഷം.
വിദ്യയുടെയും അറിവിന്റെയും പ്രതീകമാണ്, വിശ്വാസികൾക്ക് ഈ ദിവസം. ഏതു വേദാന്തവും വിശ്വാസവഴികളും ഒടുവിൽ ചെന്നെത്തുന്നത് അറിവിലാണെന്നാണല്ലോ പണ്ഡിത മതം. അറിവിനെ വിശ്വാസിയും അവിശ്വാസിയും ഒരു പോലെ കൈവണങ്ങുന്നു. അറിവിലാണ് പ്രപഞ്ചത്തിന്റെ ഉത്പത്തിയും നിലനിൽപ്പും.ഹൈന്ദവ വിശ്വാസത്തിലൂടെ ചിന്തിക്കുമ്പോൾ മഹാജ്ഞാനത്തിന്റെ ഭാവങ്ങളാണ് സൃഷ്ടിയും സ്ഥിതിയും സംഹാരവും. അത് തന്നെയാണ് ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാർ.
ദേവിയുടെ വിദ്യാസ്വരൂപവും അവതാരവുമാണ് സരസ്വതി. അറിവിന്റെ കടാക്ഷമായി സരസ്വതി വിളങ്ങുമ്പോൾ നിരക്ഷരൻ പണ്ഡിതനാകുന്നു. മൂകൻ വാഗ്മിയാകുന്നു, കുചേലൻ കുബേരാനാകുന്നു. പണത്തിനും പ്രതാപത്തിനും പ്രശ്സ്തിക്കും പ്രവേശനമില്ലാത്തിടത്തും അറിവിനും വിദ്യയ്ക്കും രാജകീയ വരവേൽപ്പാണ് ലഭിക്കുന്നത്.

വിജയദശമി - എഴുത്തിനിരുത്ത്
അജ്ഞതയ്ക്ക് മേൽ ജ്ഞാനത്തിന്റെയും ഇരുളിന് മേൽ വെളിച്ചത്തിന്റെയും ദുരിതങ്ങൾക്കു മേൽ ഐശ്വര്യത്തിന്റെയും വിജയമാണ് വിജയദശമി. ജ്ഞാനത്തിനു മേൽ അറിവിന്റെ ആദ്യക്ഷരം പുണ്യമാണ്. ജീവിതത്തിൽ എന്തായി തീരുമെന്ന പുണ്യതീർഥത്തിന്റെ മധുരത്തിനായി കുരുന്നുകൾ വിദ്യാദേവതയ്ക്ക് മുന്നിൽ പ്രണമിക്കുന്ന നാൾ. അറിവില്ലാത്ത പ്രായത്തിൽ ഹരി എന്നൊരക്ഷരത്തെ അരി തന്നിൽ വരച്ചു കൊണ്ട് അറിവിന്റെ ലോകത്തേക്ക് അവരറിയാതെ ഒരു ചുവട് വെപ്പ്. തേനിൽ മുക്കിയ പവിത്ര മോതിരം കൊണ്ട് നാവിൽ സരസ്വതി മന്ത്രം എഴുതിയാണ്‌, കുരുന്നുകൾ അക്ഷരപുണ്യത്തിന്റെ ലോകത്തേക്ക് നവരാത്രിയുടെ അവസാന നാളായ വിജയദശമി ദിവസം പിച്ചവെച്ചു തുടങ്ങുന്നത് . വാദ്യ -നൃത്ത -സംഗീത കലകളുടെയും ആദ്യക്ഷരം കുറിക്കാനും ഈ നാളു തന്നെയാണ് ശ്രേഷ്ഠം. സരസ്വതി ചൈതന്യം നിറഞ്ഞു നിൽക്കുന്ന ക്ഷേത്ര നടയിൽ
വിദ്യാരംഭം കുറിക്കുന്നത് സുകൃതമായിട്ടാണ് കരുതുന്നത്. അവർ സമൂഹത്തിന്റെ ഉന്നതങ്ങളിൽ വിരാജിക്കുമെന്നാണ് പറയപ്പെടുന്നത്.
ഭേദ ചിന്തകളെല്ലാം വെടിഞ്ഞ് കാലുഷ്യ മകന്ന നല്ലൊരു സമൂഹ നിലനിൽപ്പിനായി നമുക്കും ഈ വിജയദശമി നാളിൽ കൈകൂപ്പാം.

പാലക്കുന്നിൽ കുട്ടി

Post a Comment

0 Comments