NEWS UPDATE

6/recent/ticker-posts

അരിവില നിയന്ത്രിക്കാന്‍ സർക്കാർ ഇടപെടല്‍; എട്ടു കിലോ അരി 10.90 രൂപയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിപണിയില്‍ അരിവില നിയന്ത്രിക്കുന്നതിന് ഭക്ഷ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി മന്ത്രി ജി.ആര്‍ അനില്‍. ഇതിന്റെ ഭാഗമായി ആന്ധ്രയില്‍ നിന്നും നേരിട്ട് അരി, മുളക് എന്നിവ ഇറക്കുമതി ചെയ്യുന്നതിനെ സംബന്ധിച്ച കാര്യങ്ങള്‍ ചൊവ്വാഴ്ച തലസ്ഥാനത്ത് എത്തുന്ന ആന്ധ്രപ്രദേശ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി കെ.പി. നാഗേശ്വര റാവുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു.[www.malabarflash.com]

രണ്ടാഴ്ച മുന്‍പ് ആന്ധ്ര സര്‍ക്കാരുമായി സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് ആന്ധ്ര ഭക്ഷ്യ വകുപ്പ് മന്ത്രി കേരളത്തിലെത്തുന്നത്. കേരളത്തിന് ആവശ്യമുള്ള ആന്ധ്ര ജയ അരി ഇടനിലക്കാരില്ലാതെ കുറഞ്ഞ വിലയ്ക്ക് കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. എത്ര ക്വിന്റല്‍ അരി, വില എന്നിവ ചര്‍ച്ച ചെയ്തു തീരുമാനിക്കും. 

രാവിലെ 10.30ന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ചര്‍ച്ചയില്‍ ആന്ധ്രപ്രദേശ് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ആന്ധ്ര മന്ത്രിയോടൊപ്പം പങ്കെടുക്കും.

പൊതുവിപണിയില്‍ അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച  മുതല്‍ എല്ലാ മുന്‍ഗണനേതര (വെള്ള, നീല) കാര്‍ഡുടമകള്‍ക്ക് എട്ടു കിലോ ഗ്രാം അരി സ്‌പെഷ്യലായി 10.90 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്നും മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. 

കൂടാതെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ 'അരിവണ്ടി' സംസ്ഥാനത്തെ 500 ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കില്‍ നാല് ഇനം അരി വിതരണം ചെയ്യും. ജയ, കുറുവ, മട്ട അരി, പച്ചരി എന്നീ നാല് ഇനങ്ങളായി കാര്‍ഡ് ഒന്നിന് 10 കിലോ വീതം അരി വിതരണം ചെയ്യും. ഓരോ താലൂക്കിലും സപ്ലൈകോയോ മാവേലിസ്‌റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുന്നതെന്നും മന്ത്രി അറിയിച്ചു.

Post a Comment

0 Comments