മംഗളൂരു : വീട് വെക്കാൻ സ്ഥലം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് മലയാളിയായ പ്രവാസിയിൽനിന്ന് 2.40 കോടി രൂപ തട്ടിയ സംഭവത്തിൽ ബന്ധുവിനെതിരേ മംഗളൂരുവിൽ പോലീസ് കേസ്.[www.malabarflash.com]
മംഗളൂരുവിലെ താമസക്കാരനും ഗൾഫിൽ ജോലിക്കാരനുമായ കാസർകോട് മഞ്ചേശ്വരം സ്വദേശി അബ്ദുള്ള ഉദ്യാവര ബെള്ളിക്കുഞ്ഞിയാണ് ബന്ധുവായ കാസർകോട് അണങ്കൂർ സ്വദേശിയായ മുഹമ്മദ് അബ്ദുൽ മജീദ്, ഇയാളുടെ സുഹൃത്ത് മഞ്ചേശ്വരം സ്വദേശി മൊയ്തീൻ ഫർഹാദ് എന്നിവർക്കെതിരേ മംഗളൂരു പോലീസിൽ പരാതി നൽകിയത്. ഇരുവരും ഒളിവിലാണ്.
മംഗളൂരു പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അബ്ദുള്ളയുടെ സഹോദരിയുടെ മകളുടെ ഭർത്താവാണ് തട്ടിപ്പ് നടത്തി ഒളിവിൽപ്പോയ മജീദെന്ന് പോലീസ് പറഞ്ഞു.
മംഗളൂരു പോലീസ് മജീദിനെയും സുഹൃത്തിനെയും തേടി കേരളത്തിലേക്ക് പോയെങ്കിലും കണ്ടെത്താനായില്ല. ഇരുവരുടെയും മൊബൈൽ ഫോൺ ഓഫാണ്. 35 വർഷമായി ഗൾഫിൽ ജോലി ചെയ്യുന്ന അബ്ദുള്ള നാട്ടിൽ വീട് പണിയാനുള്ള ആഗ്രഹം പറഞ്ഞതോടെയാണ് മജീദ് തട്ടിപ്പിനുള്ള ആസൂത്രണം തുടങ്ങിയത്. മജീദ് തന്റെ സുഹൃത്തായ മൊയ്തീൻ ഫർഹാദിന്റെ മഞ്ചേശ്വരം ഉദ്യാവരയിൽ വില്പനയ്ക്കുവെച്ച 1.1 ഏക്കർ സ്ഥലം വാങ്ങാൻ അബ്ദുള്ളയോട് നിർദേശിക്കുകയായിരുന്നു.
2.84 കോടി രൂപയ്ക്ക് സ്ഥലം വാങ്ങാനായി അബ്ദുള്ള തയ്യാറായി. തുടർന്ന് സ്ഥലമുടമ മുൻകൂറായി പണം ആവശ്യപ്പെട്ടു. അബ്ദുള്ളയുടെ വിശ്വാസമാർജിച്ച മജീദ് സ്ഥലമുടമയുമായി ഒത്തുകളിച്ച് കരാർ സ്വന്തം പേരിലാക്കി. തുടർന്ന് പലതവണയായി മജീദ് വഴിയും നേരിട്ടും അബ്ദുള്ള സ്ഥലമുടമയായ മൊയ്തീൻ ഫർഹദിന് 2.40 കോടി രൂപ നൽകി. തുടർന്ന് നാട്ടിലെത്തി സ്ഥലം തന്റെ പേരിലേക്ക് രജിസ്റ്റർചെയ്യാനാവശ്യപ്പെട്ടപ്പോൾ ഉടമ കരാർ മജീദുമായാണെന്ന് പറഞ്ഞ് രജിസ്റ്റർചെയ്യാൻ അനുവദിച്ചില്ല.
ഇതോടെയാണ് അബ്ദുള്ള താൻ വഞ്ചിക്കപ്പെട്ടതായി അറിയുന്നത്. മജീദിനെ കാണാൻ അബ്ദുള്ള ശ്രമിച്ചെങ്കിലും നടന്നില്ല.
മജീദ് അതിനിടെ തന്റെ സുഹൃത്തുക്കളായ രണ്ടാളുടെ പേരിലേക്ക് സ്ഥലം രജിസ്റ്റർചെയ്തു. വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ അബ്ദുല്ല മംഗളൂരു പോലീസിനെ സമീപിക്കുകയായിരുന്നു.
0 Comments