NEWS UPDATE

6/recent/ticker-posts

സ്കൂളിൽ നിന്ന് ഒഴിഞ്ഞു പോകുന്ന ദിവസം പൊട്ടി കരഞ്ഞ പ്രിയപ്പെട്ട കുട്ടികളെ കാണാൻ ശിശുദിനത്തിൽ മധുരവുമായി അംസീറ എത്തി

കാസർകോട്: കല്യാണം നിശ്ചയിച്ചതോടെ സ്കൂളിൽ നിന്ന് ഒഴിഞ്ഞു പോകുന്ന ദിവസം പൊട്ടി കരഞ്ഞ പ്രിയപ്പെട്ട കുട്ടികളെ ഒരിക്കൽ കൂടി കാണാൻ ശിശുദിനത്തിൽ മധുരവുമായി അധ്യാപിക ആയിഷത്ത് അംസീറ എത്തി. വിദ്യാനഗർ ബെദിര പാണക്കാട് തങ്ങൾ എയുപി സ്കൂളിലാണ് അധ്യാപികയും വിദ്യാർത്ഥികളും തമ്മിലുള്ള സ്നേഹ ബന്ധത്തിന് സാക്ഷ്യം വഹിച്ചത്.[www.malabarflash.com]

സ്കൂളിലെ താൽക്കാലിക അധ്യാപിക ചെട്ടുംകുഴിയിലെ ആയിഷത്ത് അംസീറയുടെ കല്യാണം നവംബർ 27ന് നടത്താൻ നിശ്ചയിച്ചിരുന്നു. സ്കൂളിൽ നിന്ന് ഒഴിയുന്ന വിവരം പഠിപ്പിച്ചിരുന്ന രണ്ടാം ക്ലാസിലെ വിദ്യാർത്ഥികളോട് ഒക്ടോബർ 31ന്  അംസീറ പറഞ്ഞു. ഇത് കേട്ടയുടനെ കുട്ടികൾ ഒന്നടങ്കം കരയുകയായിരുന്നു. 

ഈ രംഗം സ്കൂളിലെ ഒരു അധ്യാപകൻ മൊബൈലിൽ പകർത്തി ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. ദിവസങ്ങൾക്കുള്ളിൽ ഈ വീഡിയോ വൈറലായി.

അംസീറ ടീച്ചർ ഇല്ലാത്ത ക്ലാസി ലേക്ക് ഞങ്ങൾ പോകില്ലെന്ന് ചിലർ വാശി പിടിച്ചു. ഇതിനിടയിലാണ് തിങ്കളാഴ്ച രാവിലെ തൻ്റെ കുട്ടികളെ കാണാൻ കൈ നിറയെ മധുരവുമായി അംസീറ രണ്ടാം ക്ലാസിലെത്തിയത്. ടീച്ചറെ കണ്ടതോടെ എല്ലാവരുടെയും മുഖത്ത് സന്തോഷം പകർന്നു. അൽപ നേരം ക്ലാസെടുത്തു. കുട്ടികളോട് ഒരിക്കൽ കൂടി യാത്ര ചോദിക്കാതെ പുറത്തിറങ്ങിയപ്പോൾ ഏതാനും കുട്ടികൾ അംസീറ യുടെ കൈ പിടിച്ച് ടീച്ചർ പോകല്ലേ... പോകല്ലേ എന്ന് പറഞ്ഞു. ഇനിയും വരാമെന്ന് പറഞ്ഞ് കുട്ടികളെ സമാധാന പ്പെടുത്തിയാണ് ഇവർ മടങ്ങിയത്.ചെട്ടുംകുഴിയിലെ സിഎ ഹസ്സൻ്റെയും ഫൗസിയയുടെയും മകളാണ് അംസീറ. ഉദുമ പാക്യാരയിലെ അബ്ബാസിൻ്റെയും ഷെരീഫയുടെയും മകൻ ഖത്തറിൽ ജോലി ചെയ്യുന്ന മുജീബ് റഹ് മാനാണ് പ്രതിശ്രുത വരൻ.

അഞ്ച് മാസം മുമ്പാണ് ബെദിര സ്കൂളിൽ താൽപിക അധ്യാപികയായി ജോലിയിൽ കയറിയത്. സ്വന്തം മക്കളെ പോലെയാണ് 47 കുട്ടികളെയും പഠിപ്പിച്ചത്.അതു കൊണ്ടു തന്നെ എല്ലാവർക്കും ഇവരെ ഇഷ്ടപ്പെട്ടു. 

അധ്യാപികയും വിദ്യാർത്ഥികളും തമ്മിലുണ്ടായിരുന്ന സുദൃഡബന്ധമാണ് പ്രിയപ്പെട്ട അധ്യാപിക ഒഴിഞ്ഞു പോകുമ്പോൾ കുട്ടികൾക്കുണ്ടായ വിഷമത്തിന് കാരണമെന്ന് ഹെഡ്മാസ്റ്റർ  എ ശിവാനന്ദൻ പറഞ്ഞു. 

കഴിഞ്ഞ ദിവസം മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഏതാനും സുഹൃത്തുക്കൾ കുട്ടികൾ കരയുന്ന വീഡിയോ അയച്ചപ്പോഴാണ് ഇത് വൈറലായ വിവരം അറിഞ്ഞത്. കുട്ടികൾ ഇത്രയും അധികം സ്നേഹിച്ച അംസീറ വിവാഹത്തിന് ശേഷം വീണ്ടും സ്കൂളിൽ വന്ന് പഠിപ്പിക്കണമെന്ന് ഹെഡ് മാസ്റ്റർ ആഗ്രഹം പ്രകടിപ്പിച്ചു.



Post a Comment

0 Comments