NEWS UPDATE

6/recent/ticker-posts

അര്‍ജന്റീനയെ തകര്‍ത്തു, സൗദിയില്‍ ബുധനാഴ്ച ആഘോഷ ദിനം; പൊതു അവധി പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്


റിയാദ്: ലോകകപ്പ് ഫുട്‌ബോളിലെ കരുത്തന്മാരായ അര്‍ജന്റീനയെ തോല്‍പ്പിച്ചതിന്റെ ആഹ്ലാദത്തില്‍ മതിമറന്ന് സൗദി അറേബ്യ. ഇതിന്റെ ഭാഗമായി സൗദിയില്‍ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ്. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശത്തെ സല്‍മാന്‍ രാജാവ് അംഗീകരിക്കുകയായിരുന്നു.സ്വകാര്യ പൊതു മേഖല സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കുമാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.[www.malabarflash.com]


അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സൗദി ടീം നേടിയ അട്ടിമറി വിജയത്തില്‍ ആവേശത്തിലാണ് രാജ്യത്തെ ഫുട്‌ബോള്‍ ആരാധകര്‍.

പരേദസിനെ അബ്ദുള്‍ ഹമീദ് വീഴ്ത്തിയതിന് പത്താം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മെസ്സിയാണ് ആദ്യ ഗോളിട്ടത്. അര്‍ജന്റൈന്‍ നായകന്റെ പ്ലേസിങ്ങ് അനായാസേന സൗദി ഗോള്‍ കീപ്പര്‍ മൊഹമ്മദ് അലോവൈസിനെ കീഴടക്കി. ആദ്യ പകുതിയില്‍ സൗദി ഗോള്‍ മുഖത്ത് അര്‍ജന്റീന തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. സൗദിയുടെ പ്രതിരോധം കീറിമുറിച്ച് മെസ്സിയുതിര്‍ത്ത ത്രൂ പാസുകള്‍ സ്‌കോര്‍ പട്ടികയില്‍ ഇടം നേടിയില്ല. വാറിന്റെ സൂക്ഷ്മ ദൃഷ്ടിയില്‍ വലയില്‍ കയറിയ മൂന്ന് പന്തുകളും അസാധുവായി.

സൗദി വിരിച്ച ഓഫ് സൈഡ് ട്രാപ്പില്‍ അര്‍ജന്റൈന്‍ മുന്നേറ്റ നിര വീണുകൊണ്ടിരുന്നു. ലൗതാരോയും മെസ്സിയും അടിച്ച ബോളുകള്‍ ഓഫ് സൈഡായി. ആദ്യ പകുതിയില്‍ ഏഴ് തവണയാണ് ആല്‍ബിസെലസ്റ്റെ ഓഫ്‌സൈഡായത്. ക്യാപ്റ്റന്‍ സല്‍മാന്‍ അല്‍ഫരാജ് പരുക്കേറ്റ് പുറത്തായതോടെ സൗദി കൂടുതല്‍ ദുര്‍ബലമാകുമെന്ന കണക്കുകൂട്ടലുകള്‍ പക്ഷെ തെറ്റി. ഞെട്ടിക്കുന്ന രണ്ടാം പകുതിയാണ് അര്‍ജന്റീനയെ കാത്തിരുന്നത്. ഇടവേളയ്ക്ക് ശേഷം ആത്മവിശ്വാസം ഇരട്ടിച്ച സൗദിയെയാണ് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ കണ്ടത്. സൗദി സ്‌ട്രൈക്കര്‍ സലേ അല്‍ഷെഹ്‌റി 48ാം മിനുറ്റില്‍ സമനില പിടിച്ചു. മിഡ്ഫീല്‍ഡില്‍ നിന്ന് കിട്ടിയ പന്തുമായി കുതിച്ച സൗദി സ്‌ട്രൈക്കര്‍, റൊമറേയൊ മറികടന്ന് മാര്‍ട്ടിനെസിനെ കബളിപ്പിച്ച് പന്ത് വലയിലാക്കി. വീണ്ടും ലീഡ് എടുക്കാനുള്ള അര്‍ജന്റീനയുടെ ശ്രമങ്ങള്‍ക്കിടെ 53ാം മിനുറ്റില്‍ സലേം അല്‍ദസ്വാരി അടുത്ത ഗോളിട്ടു.

സമനില പിടിക്കാനുള്ള അര്‍ജന്റീനിയന്‍ മുന്നേറ്റങ്ങളെല്ലാം സൗദി തടഞ്ഞുകൊണ്ടിരുന്നു. മെസ്സി തൊടുത്ത ഫ്രീകിക്ക് സൗദി പോസ്റ്റിന് മുകളിലൂടെ പറന്നു. മെസ്സിയുടെ ഹെഡ്ഡര്‍ ഗോള്‍ കീപ്പര്‍ ഈസിയായി കൈയ്യിലൊതുക്കി. എക്‌സ്ട്രാ ടൈമില്‍ ലഭിച്ച എട്ട് മിനുറ്റുകളും അര്‍ജന്റീനയ്ക്ക് മുതലാക്കാനായില്ല. 36 കളി നീണ്ട് അപരാജിത അര്‍ജന്റീനയുടെ കുതിപ്പിന് ഇതോടെ വിരാമമായി. സൗദിയേക്കാള്‍ കരുത്തരായ പോളണ്ടിനേയും മെക്‌സിക്കോയേയുമാണ് മെസ്സിയും സംഘവും ഇനി നേരിടേണ്ടത്

Post a Comment

0 Comments