ദോഹ: ഖത്തറില്‍ അട്ടിമറി ട്രെന്‍ഡ് തുടരുന്നു. ഒരു യൂറോപ്യന്‍ ടീം കൂടി ഏഷ്യന്‍ കരുത്തിന് കീഴടങ്ങി. സൂപ്പര്‍ സ്‌ട്രൈക്കര്‍ ഗരെത് ബെയ്ല്‍ നേതൃത്വം വഹിച്ച വെയ്ല്‍സിനെ ഇറാന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചു. ഗോള്‍ രഹിത സമനിലയില്‍ അവസാനിക്കുന്ന മറ്റൊരു മത്സരമാകുമെന്ന് തോന്നിപ്പിച്ച കളിയില്‍ അവസാന നിമിഷങ്ങളിലാണ് രണ്ട് ഗോളുകളും വീണത്.[www.malabarflash.com]
അധിക സമയത്തെ എട്ടാം മിനുറ്റില്‍ റൂസ്‌ബെ ചെഷ്മി ബോക്‌സിന് മുന്നില്‍ നിന്ന് തൊടുത്ത ലോങ് റേഞ്ചര്‍ വെല്‍ഷ് പ്രതിരോധത്തേയും ഗോള്‍ കീപ്പറേയും നിമിഷാര്‍ദ്ധം കൊണ്ട് മറികടന്ന് വലയില്‍ പ്രവേശിച്ചു.
ഗാലറിയിലേയും കളിക്കളത്തിലേയും ആരവം അടങ്ങും മുന്നേ രണ്ടാം നിമിഷത്തില്‍ തന്നെ അടുത്ത ഗോളെത്തി. പകച്ചുനിന്ന വെല്‍ഷ് മധ്യനിരയേയും പ്രതിരോധത്തേയും കാഴ്ച്ചക്കാരാക്കി ഇറാന്‍ നടത്തിയ മുന്നേറ്റം ഗോളായി. റാമിന്‍ റസായിയേന്‍ ആണ് വെല്‍ഷ് ബോക്‌സില്‍ പ്രവേശിച്ച് രണ്ടാം ഗോള്‍ സ്‌കോര്‍ ചെയ്ത്. വെയ്ല്‍സ് ഗോള്‍ കീപ്പര്‍ വെയ്ന്‍ ഹെന്നസി ഇറാന്റെ ഒമ്പതാം നമ്പര്‍ മെഹ്ദി തരേമിയെ ഫൗള്‍ ചെയ്ത് റെഡ് കാര്‍ഡ് വാങ്ങി പുറത്തുപോയത് കളിയിലെ വഴിത്തിരിവായി. 86-ാം മിനുറ്റിലായിരുന്നു ഇത്.
പന്തടക്കവും പാസുകളും കൊണ്ട് മുന്നിട്ടു നിന്നെങ്കിലും ആക്രമണത്തില്‍ മുന്നിട്ട് നിന്നത് ഇറാനാണ്. ബെയ്‌ലും സംഘവും 10 ഷോട്ടുകള്‍ മാത്രം ഉതിര്‍ത്തപ്പോള്‍ 21 ഷോട്ടുകള്‍ വെയ്ല്‍സിനെതിരെ വന്നു. ഇവയില്‍ ആറെണ്ണം ഓണ്‍ ടാര്‍ഗറ്റായിരുന്നു. മൂന്ന് വെല്‍ഷ് ഷോട്ടുകള്‍ മാത്രമാണ് ഇറാന്‍ പോസ്റ്റ് ലക്ഷ്യമാക്കി എത്തിയത്.
വെയ്ല്‍സിനെതിരെയുള്ള ജയത്തോടെ ഇറാന്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ട് ആണ് ഒന്നാമത്. വെയ്ല്‍സുമായി 1-1 സമനില പിടിച്ച യുഎസ്എ പോയിന്റ് പട്ടികയില്‍ മൂന്നാമതായി. സമനിലയ്ക്ക് പിന്നാലെ തോല്‍വി ഏറ്റുവാങ്ങിയതോടെ ബെയ്‌ലും സംഘവും ഏറ്റവും പിന്നിലാണ്. ഇംഗ്ലണ്ടിനോട് രണ്ട് ഗോളിന് ഇറാന്‍ തോറ്റിരുന്നു. അടുത്ത മത്സരത്തില്‍ അമേരിക്കയെ തോല്‍പിച്ചാല്‍ ഇറാന്‍ ചരിത്രം സൃഷ്ടിച്ച് പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം നേടും. നിലവില്‍ ഒരു കളിയില്‍ നിന്ന് ഒരു പോയിന്റുള്ള യുഎസ്എക്ക് രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്.
0 Comments