NEWS UPDATE

6/recent/ticker-posts

അപൂർവതകളുടെ മികവിൽ പള്ളിക്കര പ്രാദേശികം; ഇരുപതിന്റെ നിറവിൽ ഗുരുവാദ്യ സംഘം

പാലക്കുന്ന്: അപൂർവതകളുടെ മികവിലാണ് പള്ളിക്കര തെക്കേക്കുന്ന് പ്രാദേശിക സമിതി.ആ സമിതിയുടെ കീഴിൽ ഇരുപത് വർഷം പൂർത്തിയാക്കിയ നിറവിലാണ് ഗുരുവാദ്യ സംഘം.[www.malabarflash.com]

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര പരിധിയിൽ ചിത്താരി പുഴമുതൽ ചന്ദ്രഗിരി പുഴവരെ നാല് പഞ്ചായത്തുകളിലായി 32 പ്രാദേശിക സമിതികളുണ്ട്. ഓരോ സമിതിയുടെയും പ്രവർത്തനം അവരുടേതായ രീതിയിലാണെങ്കിലും ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം നാനാത്വത്തിൽ ഏകതാ ഭാവത്തിലാണ് ഇവയെല്ലാം ഒറ്റകെട്ടായി ക്ഷേത്ര നന്മക്കായ് പ്രവർത്തിച്ചു പോരുന്നത്. കഴകത്തിന്റെ ജീവനും തുടിപ്പും അഭിമാനവും സുസ്ഥിരതയും മൂന്ന് തറകളിൽ പെടുന്ന ഈ പ്രാദേശിക സമിതികൾ തന്നെയാണ്‌. പക്ഷേ, പള്ളിക്കര തെക്കേക്കുന്ന് പ്രാദേശിക സമിതി ഇതിൽ നിന്നെല്ലാം ഒരു പടി മുന്നിട്ടു നിൽക്കുന്നുവെന്ന് അഭിമാനിക്കാൻ അവർക്ക് കാരണങ്ങളുണ്ട്.

കാഴ്ചാ സമർപ്പണം:
ഭരണി ഉത്സവാഘോഷത്തിന്റെ ഭാഗമായി 65 വർഷം മുടക്കമില്ലാതെ
കാഴ്ച സമർപ്പണം നടത്തുന്ന കൂട്ടായ്മയാണിത്. പെട്രോമക്സിൽ നിന്ന് ട്യൂബ് ലൈറ്റ് വെളിച്ചത്തിൽ ആദ്യമായി പാലക്കുന്ന് ക്ഷേത്രത്തിലേക്ക് തിരുമുൽകാഴ്ച ഘോഷ നടത്തിയത് നിലവിലെ പ്രാദേശിക സമിതി പ്രസിഡന്റും ക്ഷേത്ര ഭരണ സമിതിയുടെ മുൻ സെക്രട്ടറിയുമായ കുമാരൻ പള്ളിക്കര ഓർക്കുന്നു. 

ബേക്കൽ പാലം വരും മുൻപേ കടപ്പുറത്തിലൂടെ നടന്നു ദേവിക്ക് കാഴ്ച സമർപ്പിച്ചതും അദ്ദേഹത്തിന്റെ ഓർമയിൽ തുരുമ്പെടുക്കാതെ കിടക്കുന്നുണ്ട്. രജത ജൂബിലിയും സുവർണ ജൂബിലിയും പിന്നിട്ട് 65 ന്റെ നിറവിലാണ് 2023ൽ പള്ളിക്കരക്കാരുടെ കാഴ്ച സമർപ്പണം. 

സ്വന്തമായി സ്ഥലവും അതിൽ ഇരുനില ഓഫീസ് കെട്ടിടവും പണിത കഴകത്തിലെ ആദ്യ സമിതിയാണിത്. അന്തിയുറങ്ങാൻ കൂര പോലും ഇല്ലാത്ത നിർധന കുടുംബത്തിന് വീട് നിർമിച്ചു നൽകി, ദേവിക്കുള്ള കാഴ്ച സമർപ്പണത്തിന് ജീവകാരുണ്യ സ്പർശം നൽകി ഇവ മാതൃകയായതും വാർത്തയായിരുന്നു. 

കലം കനിപ്പ് മഹാനിവേദ്യ സമർപ്പണത്തിന് വാദ്യമേളത്തോടെ ആദ്യമായി ഘോഷയാത്ര ആരംഭിച്ചതും പള്ളിക്കരക്കരക്കാർ തന്നെയായിരുന്നു . മറ്റു പ്രാദേശിക സമിതികളും 'പള്ളിക്കര മാർഗം' സ്വീകരിച്ചതോടെയാണ്‌ കലം കനിപ്പ് നിവേദ്യ സമർപ്പണത്തിന് ഉത്സവഛായ കൈവന്നത്.

ഗുരുവാദ്യ സംഘം
സമിതിയുടെ കീഴിൽ യുവാക്കൾക്ക് ചെണ്ടമേള പരിശീലനം നൽകി ഗുരുവാദ്യസംഘം രൂപീകരിച്ചിട്ട് 20 വർഷം പൂർത്തിയാകുന്ന നിറവിലാണ് പള്ളിക്കര തെക്കേക്കുന്ന് പ്രാദേശിക സമിതിയും അതിന് കീഴിലെ ഗുരുവാദ്യസംഘവും. ചെണ്ടകൊട്ട് പാരമ്പര്യ കുലത്തൊഴിലല്ലാത്ത ഇവർ ആ കലയിലെ താളാത്മകമായ ശ്രുതിയിൽ ആകൃഷ്ടരായി ചെണ്ടകൊട്ട് പരിശീലനത്തിന് മുന്നോട്ട് വരികയായിരുന്നു. 

മഡിയൻ ഗോവിന്ദൻ മാരാരുടെ ശിക്ഷണത്തിലായിരുന്നു അതിന്റെ ആരംഭം കുറിച്ചത് .ഇരുപതാം വർഷികാഘോഷത്തിന്റെ ഭാഗമായി 50ൽ പരം കുട്ടികൾക്ക് ചെണ്ടമേളത്തിൽ പരിശീലനം നൽകി വരികയാണ്. 2002ൽ പാലക്കുന്ന് ഭരണി ഉത്സവ കൊടിയേറ്റ ദിവസം അരങ്ങേറ്റം കുറിച്ചു. ചെണ്ടകൊട്ടിൽ പ്രാവീണ്യം തെളിയിച്ചപ്പോൾ ശിങ്കാരി മേളത്തിലും ഇവർ മിടുക്ക് തെളിയിച്ചു.

ശിങ്കാരി മേളത്തിൽ പേരെടുത്തു:
ജില്ലയിലെ അറിയപ്പെടുന്ന പ്രൊഫഷണൽ ശിങ്കാരി മേള ട്രൂപ്പാണ് പള്ളിക്കരയിലെ ഗുരുവാദ്യസംഘം ഇപ്പോൾ. മുംബൈയിലെ ഷണ്മുഖാനന്ദ ഹാളിൽ ശിങ്കാരി മേളം അവതരിപ്പിക്കാൻ അവസരം കിട്ടിയത് നല്ലൊരു തുടക്കമായെന്ന് ഈ സംഘത്തിന്റെ പ്രസിഡന്റ് ബി. ടി. കമലാക്ഷനും ജനറൽ സെക്രട്ടറി ടി. കെ. സജിത്തും പറഞ്ഞു.

രാജ്യ തലസ്ഥാനമടക്കം ഇന്ത്യയിലെ ഒട്ടു മിക്ക പട്ടണങ്ങളിലും മേളം അവതരിപ്പിച്ച് കയ്യടിയും പുരസ്‌കാരങ്ങളും നേടി.

അഭിമാനപൂർവം ഇരുപത് വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷത്തിലാണ് ഈ ശിങ്കാരി മേളക്കാർ. ഞായറാഴ്ച അതിന്റെ സമാപനമാണ്.രാജ്മോഹൻ ഉണ്ണിത്താൻ എം. പി. ഉദ്ഘാടനം ചെയ്യും. നിരവധി കലാകാരന്മാരെ ആദരിക്കും. 

 ജില്ലയിലെ വിവിധ വാദ്യ സംഘങ്ങളിലെ 500 കലാകാരന്മാരെ അണിനിരത്തുന്ന ശിങ്കാരി പൂരത്തിന് പള്ളിക്കര ബീച്ച് പാർക്ക് ഞായറാഴ്ച വേദിയാകുമെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ പി.ബി.കുഞ്ഞിരാമൻ അറിയിച്ചു.

പാലക്കുന്നിൽ കുട്ടി

Post a Comment

0 Comments