NEWS UPDATE

6/recent/ticker-posts

യാചകരുടെ പക്കല്‍ നിന്ന് ഷാര്‍ജ പോലീസ് പിടിച്ചെടുത്തത് ഒരു കോടിയിലേറെ രൂപ

ഷാര്‍ജ: ഷാര്‍ജയില്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഇതുവരെ പിടികൂടിയത് 1,111 യാചകരെ. വിവിധ രാജ്യക്കാരാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. പിടികൂടിയ യാചകരില്‍ 875 പേര്‍ പുരുഷന്മാരും 236 പേര്‍ സ്ത്രീകളുമാണെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു. ഷാര്‍ജ പോലീസിന്‍റെ 80040, 901 എന്നീ നമ്പരുകള്‍ വഴി പൊതുജനങ്ങള്‍ നേരിട്ട് വിളിച്ച് അറിയിച്ചതിലൂടെയും കണ്‍ട്രോള്‍, പട്രോള്‍ സംഘങ്ങളുടെ ഫീല്‍ഡ‍് ക്യാമ്പയിനുകളിലൂടെയുമാണ് ഭിക്ഷാടകര്‍ പിടിയിലായത്.[www.malabarflash.com]


ഭിക്ഷാടകര്‍ക്കെതിരായ ക്യാമ്പയിന്‍ തുടരുകയാണ്. 2020-2021 കാലഘട്ടത്തില്‍ ആകെ 1,409 യാചകരെ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ആകെ 500,000 ദിര്‍ഹം (ഒരു കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് പിടിച്ചെടുത്തത്. വിസിറ്റ് വിസയില്‍ രാജ്യത്തെത്തിയവരാണ് പിടിയിലായവരില്‍ ഭൂരിഭാഗവുമെന്ന് ഷാര്‍ജ പോലീസ് വ്യക്തമാക്കി.

അസുഖബാധിതരാണെന്നും ചികിത്സയ്ക്കായി പണം ആവശ്യമുണ്ടെന്നും പറ‌ഞ്ഞാണ് ഭൂരിഭാഗം പേരും ഭിക്ഷാടനം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. ചിലര്‍ ഭക്ഷണം വാങ്ങാനുള്ള പണമാണ് ആവശ്യപ്പെടുക. അറസ്റ്റിലായവര്‍ക്കെതിരായ നിയമ നടപടികള്‍ സ്വീകരിക്കും. പൊതുജനങ്ങള്‍ യാചകര്‍ക്ക് പണം നല്‍കരുതെന്നും അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ വിവരം അറിയിക്കണമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments