NEWS UPDATE

6/recent/ticker-posts

വി ഡി സവർക്കർക്കെതിരായ പരാമര്‍ശം; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പോലീസ്

മുംബൈ: വി ഡി സവർക്കർക്കെതിരായ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ കേസെടുത്ത് മഹാരാഷ്ട്ര പോലീസ്. ശിവസേന ഷിൻഡെ വിഭാഗത്തിൻ്റെ പരാതിയിലാണ് പോലീസ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിരിക്കുന്നത്.[www.malabarflash.com]

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സവർക്കറുടെ കൊച്ചുമകനും പോലീസിൽ പരാതി നൽകിയിരുന്നു. അതേസമയം, പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണ് കോൺഗ്രസ്.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് രാഹുൽ ​ഗാന്ധി സവർക്കർക്കെതിരെ അഭിപ്രായം പറഞ്ഞത്. വി ഡി സവർക്കർ എഴുതിയ കത്തിന്റെ പകർപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം. ബ്രിട്ടീഷുകാരോട് സവർക്കർ ക്ഷമ ചോദിച്ചു എന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ പരാമർശം. 

സവർക്കർ ജി എഴുതിയതാണിത്. അദ്ദേഹം ക്ഷമ ചോദിച്ച് എഴുതിയതാണ്. ഈ കത്തിൽ ഒപ്പുവെക്കുമ്പോൾ എന്തായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നതെന്ന് ചോദിച്ച രാഹുൽ ഗാന്ധി, അത് ഭയമായിരുന്നു എന്നും പറഞ്ഞിരുന്നു. അദ്ദേഹത്തിന് ബ്രിട്ടീഷുകാരെ ഭയമായിരുന്നു എന്നായിരുന്നു രാഹുലിൻറെ പരാമർശം. മഹാത്മാ​ഗാന്ധി, ദവഹർലാൽ നെഹ്റു, സർ​ദാർ വല്ലഭായി പട്ടേൽ തുടങ്ങിയവരൊക്കെ വർഷങ്ങളോളം ജയിലിൽ കിടന്നിട്ടുണ്ട്. പക്ഷേ, അവരാരും ഇങ്ങനെയൊരു കത്ത് എഴുതിയില്ലല്ലോ എന്നും രാഹുൽ പറഞ്ഞു.

അതേസമയം, പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണ് കോൺഗ്രസ്. എന്നാൽ, രാഹുൽ ​ഗാന്ധിയുടെ പരാമർശത്തെ തള്ളി കോൺ​ഗ്രസിന്റെ സഖ്യകക്ഷിനേതാവ് ഉദ്ധവ് താക്കറേ രംഗത്തെത്തി. താൻ നയിക്കുന്ന ശിവസേനയ്ക്ക് സവർക്കറോട് അതിയായ ബഹുമാനമുണ്ടെന്നാണ് ഉദ്ധവ് താക്കറേ അഭിപ്രായപ്പെട്ടത്. "രാഹുൽ ​ഗാന്ധി പറഞ്ഞതിനോട് ഞങ്ങൾ യോജിക്കുന്നില്ല. ഞങ്ങൾ വീർ സവർക്കറെ ബഹുമാനിക്കുന്നു. അതേസമയം, നിങ്ങൾ ഞങ്ങളുടെ സഖ്യത്തെ ചോദ്യം ചെയ്യുകയാണെങ്കിൽ എനിക്ക് ചോദിക്കാനുള്ളത് ബിജെപി എന്തുകൊണ്ടാണ് പിഡിപിയുമായി സഖ്യം ചേർന്നിരിക്കുന്നത് എന്നാണ്. പിഡിപി ഒരിക്കലും ഭാരത് മാതാ കീ ജയ് എന്ന് പറയില്ലല്ലോ. ഞങ്ങൾ കോൺ​ഗ്രസുമായി സഖ്യത്തിലായത് ബ്രിട്ടീഷുകാരിൽ നിന്ന് നേടിയെടുത്ത സ്വാതന്ത്ര്യം നിലനിർത്താനാണ്". ഉദ്ധവ് താക്കറേ പറഞ്ഞു. 

2019ലാണ് ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ഉദ്ധവ് താക്കറേയുടെ ശിവസേന കോൺ​ഗ്രസും എൻസിപിയുമായി ചേർന്ന് മഹാ വികാസ് അഖാഡി സഖ്യത്തിന്റെ ഭാ​ഗമായത്.

Post a Comment

0 Comments