NEWS UPDATE

6/recent/ticker-posts

മംഗളൂരു സ്ഫോടനം ആസൂത്രണം ചെയ്തത് കൊച്ചിയിലും മധുരയിലും വച്ചെന്ന് കര്‍ണാടക പോലീസ്

മംഗളൂരു: മംഗളുരു സ്ഫോടന കേസ് പ്രതികള്‍ക്ക് കേരള ബന്ധമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. സ്ഫോടനത്തിനുള്ള ഗൂഢാലോചന പ്രതികള്‍ നടത്തിയത് കേരളത്തിലും തമിഴ്നാട്ടിലുമെത്തിയാണ്. കൊച്ചിയിലും മധുരയിലുമായാണ് ആസൂത്രണം നടന്നതെന്ന് കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് വ്യക്തമാക്കി.[www.malabarflash.com]

മംഗ്ലൂരുവില്‍ വലിയ സ്ഫോടനമാണ് ലക്ഷ്യമിട്ടത്. പ്രതികളുടെ തീവ്രവാദ ബന്ധം സംബന്ധിച്ച് കേരളത്തിലേക്കും എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചു.സമാധാനം അന്തരീക്ഷം തകര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി പറഞ്ഞു. എന്‍ഐഎയും വിശദമായ അന്വേഷണം തുടങ്ങി.

മംഗ്ലൂരു സ്ഫോടന കേസ് പ്രതി ഷാരിഖിന് കോയമ്പത്തൂര്‍ സ്ഫോടനത്തിലും പങ്കുണ്ടെന്ന് കര്‍ണാടക പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഫോടനത്തിൻ്റെ പ്രധാന സൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ ദുബായിലിരുന്നാണ് ഓപ്പറേഷനുകള്‍ നിയന്ത്രിച്ചതെന്നും പോലീസ് കണ്ടെത്തി. സ്ഫോടനത്തിന് തൊട്ടുമുമ്പ് ബോംബ് ഘടിപ്പിച്ച ബാഗുമായി ഷാരിഖ് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

കോയമ്പത്തൂര്‍ സ്ഫോടനത്തിലെ ചാവേര്‍ ജമേഷ മുബീനുമായി ഷാരീഖ് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൂടിക്കാഴ്ച നടത്തിയത്. തമിഴ്നാട്ടിലെ സിംഗനെല്ലൂരിലെ ലോഡ്ജില്‍ ദിവസങ്ങളോളം തങ്ങി. കോയമ്പത്തൂര് സ്ഫോടനത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഇരുവരും വാട്ട്സാപ്പ് സന്ദേശങ്ങള്‍ കൈമാറി. മംഗ്ലൂരുവിലെ നാഗൂരി ബസ്സ്റ്റാന്‍ഡില്‍ സമാനമായ സ്ഫോടനത്തിനായിരുന്നു പദ്ധതി. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അബ്ദുള്‍ മദീന്‍ താഹയെന്നയാളാണ് പിന്നിലെ സൂത്രധാരന്‍. ദുബായില്‍ നിന്ന് ഇരുവര്‍ക്കും താഹ പണം അയച്ചതിന്‍റെ വിവരങ്ങള്‍ അടക്കം പോലീസിന് ലഭിച്ചു.

മംഗ്ലൂരു സ്ഫോടനത്തിന് രണ്ട് ദിവസം മുമ്പ ഇയാള്‍ കര്‍ണാടകയിലെത്തി ഉടനടി ദുബായിലേക്ക് മടങ്ങി. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്കായും തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. വ്യാജആധാര്‍കാര്‍ഡും കോയമ്പത്തൂരില്‍ നിന്ന് സംഘടിപ്പിച്ച സിം ഉപയോഗിച്ചായിരുന്നു ഷാരിഖിന്‍റെ പ്രവര്‍ത്തനം.

പ്രംരാജ് എന്ന പേരിലാണ് മംഗ്ലൂരുവില്‍ കഴിഞ്ഞിരുന്നത്. ആദിയോഗി ശിവ പ്രതിമയുടെ ചിത്രമായിരുന്നു പ്രൊഫൈലില്‍. ഇഷ ഫൗണ്ടേഷന്‍റേത് എന്ന പേരിലൊരു വ്യാജ ഗ്രൂപ്പിലൂടെയായിരുന്നു പ്രവര്‍ത്തനം. ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങി മൈസൂരുവിലെ വാടവീട്ടില്‍ വച്ചാണ് ബോംബ് നിര്‍മ്മിച്ചത്. വലിയ സ്ഫോടനം ലക്ഷ്യമിട്ട് പ്രഷര്‍ കുക്കര്‍ ബോംബുമായി ബസ്സില്‍ മംഗ്ലൂരുവിലെത്തി ഓട്ടോയില്‍ പോകുന്നതിനിടെയായിരുന്നു സ്ഫോടനം

Post a Comment

0 Comments