NEWS UPDATE

6/recent/ticker-posts

ഭക്ഷണത്തില്‍ വിഷംചേര്‍ത്ത് കൊല്ലാന്‍ ശ്രമം, കാഴ്ച മങ്ങി; സരിതയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്. നായരെ പലതവണയായി ഭക്ഷണത്തില്‍ രാസപദാര്‍ഥം ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.[www.malabarflash.com]

സരിതയുടെ മുന്‍ ഡ്രൈവര്‍ വിനു കുമാറാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്ന് പരാതിയില്‍ പറയുന്നു. സരിത മുന്‍പ് നല്‍കിയ പരാതിയില്‍പ്പെട്ട ആളുകളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പരാതിയിലുണ്ട്.

പ്രതി വിനുകുമാര്‍ സരിതയ്ക്ക് പലതവണയായി ഭക്ഷണത്തിലും ജ്യൂസിലും വിഷപദാര്‍ഥം കലര്‍ത്തി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായും ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞതായും സരിത പരാതിയില്‍ പറയുന്നു. വിഷപദാര്‍ഥങ്ങളായ ആഴ്‌സനിക്, മെര്‍ക്കുറി, ലെഡ് എന്നിവ ശരീരത്തില്‍ കടന്നുകൂടാനും ഇത് കാരണമായി.

2014 സെപ്റ്റംബര്‍ ഒന്നുമുതല്‍ വിനു കുമാര്‍ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് സരിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പരാതിയിലുണ്ട്. അന്നുമുതല്‍ ഇയാള്‍ സരിതയുടെ ഡ്രൈവറായി ജോലി നോക്കി വന്നിരുന്നു. സരിത നല്‍കിയ പരാതിയിലെ പല പ്രതികളുമായും ചേര്‍ന്ന് ഗൂഢാലോചന നടത്തിയ ശേഷമാണ് ഡ്രൈവര്‍ ജോലിക്ക് ശ്രമിച്ചത്. തുടര്‍ന്ന് പലപ്പോഴായി സരിതയ്ക്ക് ഭക്ഷണത്തിലും ജ്യൂസിലും വിഷപദാര്‍ഥം കലര്‍ത്തി നല്‍കി. ഇതുവഴി വിനു കുമാര്‍ വലിയ തോതില്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി എഫ്.ഐ.ആറിലുണ്ട്.

സി.ബി.ഐ.ക്ക് മൊഴി നല്‍കാന്‍ പോയ ഒരു ദിവസം കരമനയിലെ ബേക്കറിയില്‍നിന്ന് സരിതയ്ക്കു നല്‍കാനായി വാങ്ങിയ ജ്യൂസില്‍ ഒരു പൊടി കലര്‍ത്തുന്നതു കണ്ടതോടെയാണ് സരിതയ്ക്ക് വിഷം കലര്‍ത്തുന്നതായി സംശയമുയര്‍ന്നത്. വിനു കുമാര്‍ കീശയില്‍നിന്നെടുത്ത പൊതിയിലെ പൊടി ജ്യൂസില്‍ ചേര്‍ക്കുന്നതായി സരിത കണ്ടു. ഇതോടെ സരിത ജ്യൂസ് കളഞ്ഞു. ഇത്തരത്തില്‍ പലപ്പോഴായി താന്‍ അറിയാതെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയതുമൂലം മരണംവരെ സംഭവിക്കാവുന്ന വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് സരിതയുടെ പരാതിയിലുണ്ട്.

Post a Comment

0 Comments