NEWS UPDATE

6/recent/ticker-posts

കൈക്കൂലി വാങ്ങുന്നതിനിടെ നേത്രരോഗ വിദഗ്ധന്‍ വിജിലന്‍സ് പിടിയില്‍

പത്തനംതിട്ട: കൈക്കൂലി കേസില്‍ ജനറല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധന്‍ പിടിയില്‍. ഡോ: ഷാജി മാത്യൂസിനെയാണ് ഒ പിയില്‍ വച്ച് രോഗിയുടെ ബന്ധുവില്‍ നിന്ന് കൈക്കൂലി കൈപ്പറ്റുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്.[www.malabarflash.com 

വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. കണ്ണിന് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇലവുംതിട്ട സ്വദേശിയുടെ മകന്‍ അജീഷിന്റെ പരാതിയിലാണ് അറസ്റ്റ്.]

ശസ്ത്രക്രിയക്ക് 3,000 രൂപയാണ് ഡോക്ടര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. സര്‍ജറിക്ക് മുമ്പ് തുക നല്‍കണമെന്നതാണ് ഡോക്ടറുടെ രീതി. അത് ലഭിക്കാതെ വന്നപ്പോഴാണ് ഡോക്ടര്‍ കൈക്കൂലി ചോദിച്ചത്. 3,000 രൂപ കൊടുത്താല്‍ ഡിസ്ചാര്‍ജ് എഴുതാമെന്ന് ഡോക്ടര്‍ അജീഷിനെ അറിയിക്കുകയായിരുന്നു. ഈ വിവരം അജീഷ് തൊട്ടടുത്ത് തന്നെ പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഓഫീസില്‍ അറിയിച്ചു.

തുടര്‍ന്ന് വിജിലന്‍സ് ഡി വൈ എസ് പി. ഹരി വിദ്യാധരന്റെ നേതൃത്വത്തില്‍ കെണിയൊരുക്കി. രാവിലെ ഒ പിയിലെത്തി പണം കൈമാറാനാണ് ഡോക്ടര്‍ ആവശ്യപ്പെട്ടത്. പരാതി വ്യാഴാഴ്ച തന്നെ ലഭിച്ചിരുന്നതിനാല്‍ രാവിലെ വിജിലന്‍സ് സംഘം മാര്‍ക്ക് ചെയ്ത നോട്ടുകള്‍ അജീഷിന് കൈമാറി. തുടര്‍ന്ന് ഇയാളെ ഡോക്ടറുടെ അടുത്തേക്ക് വിട്ട ശേഷം ഉദ്യോഗസ്ഥര്‍ മാറി നിന്നു. പണം കൈപ്പറ്റിയതിന് പിന്നാലെ ഡോക്ടര്‍ ഷാജി മാത്യൂസിനെ വിജിലന്‍സ് സംഘമെത്തി പിടികൂടുകയായിരുന്നു. 

ഡി വൈ എസ് പി. ഹരി വിദ്യാധരന് പുറമേ ഇന്‍സ്‌പെക്ടര്‍മാരായ രാജീവ്, അഷ്‌റഫ്, അനില്‍ എന്നിവരാണ് വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നത്.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്നതിലോ 8592900900 എന്ന നമ്പറിലോ വാട്സ് ആപ്പ് നമ്പറായ 9447789100 എന്നതിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ജനങ്ങളോട് അഭ്യര്‍ഥിച്ചു.

Post a Comment

0 Comments