NEWS UPDATE

6/recent/ticker-posts

'അപവാദ പ്രചരണം നടത്തുന്നവരെ തെരുവില്‍ നേരിടും'; മഅ്ദനിയുടെ ചോരയും പച്ചമാംസവുമാണ് ലീഗിന് പഥ്യമെന്ന് പിഡിപി

തിരുവനന്തപുരം: അബ്ദുല്‍ നാസര്‍ മഅ്ദനിക്കും അദ്ദേഹത്തിന്റെ ഭാര്യക്കുമെതിരെ യൂത്ത് ലീഗ് നേതാവ് നടത്തിയ പരാമര്‍ശം ലീഗിന്റെ നിലപാടാണോയെന്ന് സാദിഖലി തങ്ങള്‍ വ്യക്തമാക്കണമെന്ന് പിഡിപി.[www.malabarflash.com]

രോഗിയായ പിതാവിനെ പോലും കാണാന്‍ അനുമതിയില്ലാതെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട് ഗുരുതരമായ രോഗങ്ങളാല്‍ ക്ലേശപ്പെട്ട് കഴിയുന്നയാളാണ് മഅ്ദനി. അദ്ദേഹത്തോടുള്ള പരിഹാസം സാമാന്യ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് തിക്കോടി പറഞ്ഞു.

ഫാസിസം അതിന്റെ രൗദ്രഭാവങ്ങളോടെ ഉറഞ്ഞുതുള്ളുമ്പോഴും മഅ്ദനിയുടെയും കുടുംബത്തിന്റെയും ചോരയും പച്ചമാംസവുമാണ് ലീഗിന് പഥ്യമെന്നത് പൊതുസമൂഹം തിരിച്ചറിയണമെന്നും നൗഷാദ് പറഞ്ഞു. ഫാസിസത്തോട് സന്ധിചെയ്യാന്‍ തയ്യാറല്ലാത്തതിനാലാണ് അദ്ദേഹം കാല്‍ നൂറ്റാണ്ടായി ജയിലില്‍ കിടക്കുന്നത്. അങ്ങനൊരാളെയും കുടുംബത്തെയും കുറിച്ച് അപവാദ പ്രചാരണം തുടരാനാണ് ഭാവമെങ്കില്‍ അവരെ തെരുവില്‍ നേരിടുമെന്നും നൗഷാദ് മുന്നറിയിപ്പ് നല്‍കി.

ഫാസിസത്തിനെതിരെ ശബ്ദിക്കില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ അദ്ദേഹത്തിന് പുറത്തുവരാന്‍ സാധിക്കും. എന്നാല്‍ മരണം വരെയും അതുണ്ടാകില്ലെന്നും നൗഷാദ് വ്യക്തമാക്കി. ബെംഗളൂരു സ്‌ഫോടന കേസില്‍ മഅ്ദനി നിരപരാധിയാണെന്ന് ഭരണകൂടത്തിന് ബോധ്യമുണ്ടെന്നും അതുകൊണ്ടാണ് വിചാരണ പരമാവധി വൈകിപ്പിച്ച് കേസ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

മലപ്പുറം ചെമ്മാട് വെച്ച് നടന്ന മുസ്ലീം ലീഗ് പൊതുസമ്മേളനത്തില്‍ യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഫൈസല്‍ ബാബു നടത്തിയ പരാമര്‍ശം വിവാദത്തിന് വഴിവെച്ചിരുന്നു. സൂഫിയ മഅ്ദനി ലീഗിനെ തോല്‍പ്പിക്കാനായി കൈരളി ചാനലിലെ ടോക്ക് ഷോയ്ക്ക് നിന്ന് കൊടുത്തു. തന്റെ ഭര്‍ത്താവിന്റെ ദുര്യോഗത്തെ ലീഗിനെ ഇല്ലാതാക്കാന്‍ ഉപയോഗിക്കാമോ എന്നാണ് സഹധര്‍മ്മിണി പോലും ചിന്തിച്ചതെന്നുമായിരുന്നു ഫൈസല്‍ ബാബു പ്രസംഗിച്ചത്.

'ബെംഗളൂരുവില്‍ നിങ്ങള്‍ക്കാ മനുഷ്യനെ കാണാം. കരിമ്പൂച്ചയില്ല, ഒരകമ്പടിയുമില്ല. വലത്തും ഇടത്തും തന്റെ പ്രിയപ്പെട്ട മക്കള്‍ മാത്രം. ഭാര്യ പോലും ഒരു ഘട്ടത്തില്‍ ഇറങ്ങിപ്പോയി', ലീഗിന്റെ പൊതുസമ്മേളനത്തില്‍ ഫൈസല്‍ ബാബു പറഞ്ഞു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ക്ഷയരോഗത്തെ കുറിച്ച് ഒട്ടിച്ച പോസ്റ്ററില്‍ കാണുന്ന ചിത്രത്തിലേത് പോലെയാണ് മഅ്ദനിയുടെ അവസ്ഥയെന്ന് ഫൈസല്‍ ബാബു പരിഹസിച്ചു. എന്നാല്‍ തങ്ങളിത് സെലിബ്രേറ്റ് ചെയ്യുകയല്ലെന്നും അതിന് സമാനമായി ബെംഗളൂരുവിലെ സൗഖ്യ ആശുപത്രിയില്‍ കഴിയുകയാണ് ആ മനുഷ്യനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments