NEWS UPDATE

6/recent/ticker-posts

കൊടിയിലും പേരിലും മതചിഹ്നം: ഹര്‍ജിയില്‍ ലീഗിനെ കക്ഷിചേര്‍ത്തു; മറുപടി നല്‍കാന്‍ മൂന്നാഴ്ച നല്‍കി

ന്യൂഡല്‍ഹി: കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ മുസ്ലിം ലീഗിനെ കക്ഷി ചേര്‍ക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ചാണ് കക്ഷി ചേര്‍ക്കാന്‍ ഉത്തരവ് ഇറക്കിയത്. മറുപടി നല്‍കാന്‍ കോടതി മൂന്നാഴ്ച സമയം നല്‍കി. എന്നാല്‍ വിദ്വേഷ കേസിലെ പ്രതിയാണ് ലീഗിനെ നിരോധിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന് ലീഗിന്റെ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ സുപ്രീം കോടതിയില്‍ വാദിച്ചു.[www.malabarflash.com]


മതപരമായ ചിഹ്നങ്ങളും പേരും ഉപയോ ഗിക്കുന്ന മുസ്ലിം ലീഗ്, ഹിന്ദു ഏകതാ ദള്‍, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യദ് വാസിം റിസ്വിയാണ് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. എന്നാല്‍ ഹര്‍ജിയില്‍ ലീഗ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ കക്ഷിയാക്കിയിരുന്നില്ല. കഴിഞ്ഞതവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ലീഗിനെ ഉള്‍പ്പടെ കക്ഷിചേര്‍ക്കണെമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

ശിവസേന, ശിരോമണി അകാലിദള്‍ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ മതം ഉണ്ടെങ്കിലും അവരെ ഹര്‍ജിക്കാരന്‍ ബോധപൂര്‍വ്വം ഹര്‍ജിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണെന്ന് മുസ്ലിം ലീഗിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയും അഭിഭാഷകന്‍ ഹാരിസ് ബീരാനും സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ശിവസേനയിലെ ശിവന്‍ ദൈവം അല്ലെന്നും ശിവാജിയെ ആണ് ഉദ്ദേശിക്കുന്നതെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.


വിദേഷ്വപ്രസംഗം നടത്തിയതിന് അറസ്റ്റിലായ വ്യക്തിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയതെന്ന് ദുഷ്യന്ത് ദാവെ ആരോപിച്ചു. സുപ്രീം കോടതി അനുവദിച്ച ജാമ്യത്തിലാണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നത്. അതിനാല്‍ ഹര്‍ജി അനുവദിക്കരുതെന്നും ദാവെ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.

1948 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ലീഗ്. കേന്ദ്ര മന്ത്രിസഭയിലും കേരള മന്ത്രിസഭയിലും ലീഗിന് അംഗങ്ങള്‍ ഉണ്ടായിരുന്നു. നിലവില്‍ ലോക്‌സഭയിലും രാജ്യസഭയിലും കേരള നിയമസഭയിലും തങ്ങള്‍ക്ക് അംഗങ്ങള്‍ ഉണ്ടെന്നും ലീഗിന്റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ജനപ്രാതിനിധ്യ നിയമത്തിലെ 29 (എ), 123 (3) (3എ) എന്നീ വകുപ്പുകള്‍ പ്രകാരം മതപരമായ ചിഹ്നമോ പേരോ ഉപയോഗിച്ച് സ്ഥാനാര്‍ഥികള്‍ വോട്ടുതേടാന്‍ പാടില്ലെന്നാണ് ഹര്‍ജിക്കാർ ചൂണ്ടിക്കാട്ടിയത്.

Post a Comment

0 Comments