NEWS UPDATE

6/recent/ticker-posts

അതിജീവനം: ആത്മ സംതൃപ്തി നഷ്ടപെടുന്ന പ്രവാസികൾ

നാട്ടിലെ വിപ്രവാസ ജീവിതത്തിനു ശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് സൗദിയിൽ എത്തിയത്.ഗൃഹാതുരത്ത ചിന്ത മനസ്സിൽ അവശേഷിച്ചു കൊണ്ട് തന്നെ ജോലിയുടെ ഭാഗമായുള്ള ഹെൽത്ത്‌ കാർഡ് പുതുക്കുന്നതിന്നു വേണ്ടിയുള്ള യാത്രയിൽ കൂടെ കൂട്ടിയത് ഒരു സ്വദേശി പൗരനെയായിരുന്നു.
പേര് അബൂമിശാൽ,ജോലി ടാക്സി സർവീസ്സ്, വയസ്സ് 50. മൂന്നു ആൺമക്കളും രണ്ട് പെണ്മക്കളും കൂടി അഞ്ചു മക്കളുള്ള ഒരു കുടുംബത്തിന്റെ കുടുംബ നാഥൻ. യാത്രയിൽ അദേഹത്തിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയായി....

മൂത്ത മകന്നു വയസ്സ് 25, ഒരു സ്വകാര്യ കമ്പനിയിൽ ജോലി. മറ്റുള്ള മക്കൾ എല്ലാവരും പഠിക്കുന്നു. ജീവിക്കുന്നത് ഇദ്ദേഹത്തിന്റെ ടാക്സി സർവീസിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട്. നേരത്തെ ഒരു കമ്പനിയിൽ ഡ്രൈവർ ആയിരുന്നു. ഇപ്പോൾ കമ്പനികൾക്ക് വേണ്ടത് മുപ്പതു വയസ്സിനു താഴെ ഉള്ളവരെയാണന്നു മിശാൽ പറയുന്നു. ടാക്സി സെർവീസിലൂടെ ഒരു ദിവസം എന്ത് കിട്ടുമെന്ന ചോദ്യത്തിന്നു അമ്പത് മുതൽ നൂറു റിയാൽ വരെ കിട്ടുമെന്നും മിശാൽ പറഞ്ഞു.ഈ മാസത്തെ കരന്റ് ബില്ല് എണ്ണൂറ് റിയാലും വാട്ടർ ബില്ല് മുന്നൂറ്‌ റിയാലും വന്നത് അടക്കാനുണ്ട്. അതായത് ഒരു മാസം മൂവായിരം റിയാൽ പരമാവധി സമ്പാദിച്ചാലും ആ മാസത്തെ ചിലവിനു ആ സംഖ്യ തികയാതെ വരുന്നു. ഇത് ഒരു സാദ സൗദി പൗരന്റെ ജീവിത കഥയാണ് എന്നാലും അദ്ദേഹം സന്തോഷവാനാണ്. കുടുംബവുമായി സന്തോഷത്തോടെ ജീവിക്കുന്നു...

ലോകത്തു ഏറ്റവും കൂടുതൽ പ്രവാസി ഇന്ത്യാക്കാരുള്ള സൗദി അറേബ്യയിൽ സ്വദേശികൾ തുച്ഛമായ വരുമാനത്തിലും സന്തോഷ ജീവിതം നയിക്കുമ്പോൾ-
പുറമ്പോക്കുകളില്‍ മാറ്റി നിര്‍ത്തപെട്ടുപോയേക്കാവുന്ന ഒരുപറ്റം ചെറുപ്പക്കാര്‍ക്ക് പ്രത്യാശയും പ്രതീക്ഷയും ജീവിതത്തെ കാണാനും അവസരം നൽകിയ പ്രവാസം, കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളില്‍ മുഴുവയറിന്റെ ആശ്വാസവും ഇന്ന് കാണുന്ന വര്‍ണ്ണപ്പൊലിമയും സൃഷ്ടിച്ചെടുത്ത ജീവസന്ധാരണം തേടിയുളള മലയാളിയുടെ കുടിയേറ്റമായ പ്രവാസം ഇന്ന് സമ്മാനിക്കുന്നത് അകാലത്തിൽ പൊലിഞ്ഞു പോകുന്ന മനുഷ്യ ജീവിതങ്ങളാണ്.

ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ വരുമാനം മിച്ചം വെക്കുന്നതിന്നു വേണ്ടി ഭക്ഷണത്തിൽ പോലും പലപ്പോഴുംപിശുക്കു കാണിക്കാറുണ്ട്. വിശപ്പടക്കാൻ ആശ്രയിക്കുന്നത് ഒരു റിയാലിന് ആറു എണ്ണം ലഭിക്കുന്ന ഖുബ്‌സിനെയാണ് ഒരു റിയാല്‍ ഖുബ്‌സും ഒരു റിയാല്‍ തൈരും ഉണ്ടെങ്കില്‍ ഒരു നേരത്തെ ഭക്ഷണം സുഭിഷമാണെന്ന് പ്രവാസികളുടെ അടക്കി പിടിച്ച സംസാരമാണ്...

ഇങ്ങനെയൊക്കെ കഷ്ടപ്പെട്ട് ഭാവി ജീവിതത്തിൽ സന്തോഷം കാണാൻ കൊതിക്കുന്ന പ്രവാസികൾക്ക് പലപ്പോഴും ലഭിക്കുന്നത് തിക്താനുഭവമാണ്, ഇത്തരത്തിൽ ഒരു സഹോദരൻ പങ്ക് വെച്ച അനുഭവ കുറിപ്പ് പ്രവാസികളെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

"പത്തുപതിനഞ്ചു വർഷം മുമ്പുള്ളൊരു അനുഭവമാണ്.
ഒരു സുഹൃത്തിനോടൊപ്പമാണ് ഞാനാ ചെറുപ്പക്കാരന്റെ വീട്ടിൽ ചെല്ലുന്നത്. കുവൈത്തിൽ ഒരു ചെറിയ ഹോട്ടലിൽ ജോലി ആയിരുന്നു സുഹൃത്തിന്റെ കൂട്ടുകാരനായ ആ ചെറുപ്പക്കാരന്. ബാപ്പ മരണപ്പെട്ട ശേഷം ഉമ്മ പലവീടുകളിലായി അടുക്കളപ്പണിയും മറ്റ് ജോലികളും ചെയ്താണ് അയാളെയും ഇളയ കുട്ടികളെയും പോറ്റിയത്. കഷ്ടപ്പാടും ദാരിദ്ര്യവും നന്നായറിഞ്ഞു വളർന്നത് കൊണ്ട് തന്നെ കുടുംബത്തെ കരകയറ്റാൻ ഒമ്പതാം ക്ലാസ്സിൽ തന്നെ പഠനം നിർത്തി കൂലിപ്പണിക്ക് പോയി തുടങ്ങി. ഹോട്ടലിൽ മേശ തുടച്ചും വെള്ളം കോരിയും തുടങ്ങിയ അധ്വാനം മികച്ച പൊറോട്ടക്കാരനിൽ എത്തി. അയാളുടെ മിടുക്കറിഞ്ഞു ഒരാൾ കൊടുത്ത വിസയിൽ ഇരുപത്തിരണ്ടാം വയസ്സിൽ ഗൾഫിലെ ഹോട്ടലിൽ പൊറോട്ടപ്പണിക്കാരനായി.

ഗൾഫിലെത്തിയത് മുതൽ അയാൾ ഉമ്മയെ ജോലിക്ക് പറഞ്ഞയക്കുന്നത് നിർത്തി. പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും പാതിവഴിയിൽ നിർത്തേണ്ടി വന്ന തന്റെ അവസ്‌ഥ ഇല്ലാതിരിക്കാൻ ഇളയവരെ നന്നായി പഠിപ്പിച്ചു. കാണണമെന്നും നാട്ടിൽ വരണമെന്നും ഉമ്മയും കൂടപ്പിറപ്പുകളും നിർബന്ധിച്ചപ്പോഴൊക്കെ വീടുപണി കൂടെ തീർത്ത് വരാം എന്നയാൾ സമാധാനിപ്പിച്ചു. നല്ല അധ്വാനമുള്ള ജോലിയാണെങ്കിലും അതിലൂടെ കുടുംബം കര കയറുന്നതായിരുന്നു അയാളുടെ സന്തോഷം. സമ്പാദ്യത്തിന് പുറമെ കുറച്ചു കടം കൂടി ഉണ്ടായെങ്കിലും ചെറിയൊരു വീട് വെച്ച ശേഷമാണ് നാലു വർഷം കഴിഞ്ഞ് അയാൾ നാട്ടിലെത്തുന്നത്.

മോൻ നാട്ടിൽ വരുന്നതിന് മുമ്പ് തന്നെ മോന് പറ്റിയ ഒരു പെണ്ണിന് വേണ്ടി ഉമ്മ അന്വേഷണം തുടങ്ങിയിരുന്നു. പുറത്തിറങ്ങുമ്പോഴും കല്യാണ വീടുകളിലുമൊക്കെ മോന് ചേർന്ന പെൺകുട്ടിയെ ആ ഉമ്മയുടെ കണ്ണുകൾ പരതിക്കൊണ്ടിരുന്നു. ബന്ധുക്കളോടും പരിചയക്കാരോടും പറഞ്ഞുവെച്ചു. കുടുംബസ്നേഹിയും കഠിനാധ്വാനിയുമായ ആ ചെറുപ്പക്കാരനെ അവർക്കെല്ലാം അറിയുന്നതാണല്ലോ. അതുകൊണ്ട് തന്നെ നാട്ടിലെത്തി വൈകാതെ തന്നെ അയാളുടെ കല്യാണവും കഴിഞ്ഞു.

'ഓന് ചേർന്ന പെൺകുട്ടി' എല്ലാരും പറഞ്ഞു...
'ഓന്റുമ്മാന്റെ മനസ്സ് പോലെ ആയി' അറിയുന്നവർ കൂട്ടിച്ചേർത്തു.
അയാളുടെ ജീവിതത്തിന്റെ നിലാവും പൂക്കാലവുമായി അവൾ. സങ്കടവും വേദനയും നിറഞ്ഞ ബാല്യവും കൗമാരവും കഷ്ടപ്പാട് മാത്രമുള്ള യൗവ്വനവും മാത്രം അനുഭവിച്ച മോന്റെ സന്തോഷത്തിൽ ഉമ്മയുടെ മനസ്സും നിറഞ്ഞു. സ്നേഹമുള്ള പെൺകുട്ടി. അവൾക്കും ഉമ്മയോടും കൂടപ്പിറപ്പുകളോടും സ്വന്തം പോലെ സ്നേഹമായിരുന്നു. വിരുന്നുകളും യാത്രകളും ഷോപ്പിംഗുമൊക്കെയായി നവദമ്പതികളുടെ ദിവസങ്ങൾ പറന്നുപോയ്ക്കൊണ്ടിരുന്നു. അതിനിടെ അവൾ ഗർഭിണിയുമായി.

എപ്പോഴാണെന്നറിയില്ല അമ്മായിയമ്മക്കും മരുമകൾക്കും ഇടയിൽ നേരിയ തോതിലുള്ള അസ്വാരസ്യങ്ങൾ തുടങ്ങിയത്. അയാൾക്ക് തിരിച്ചു പോവാൻ ദിവസങ്ങളേ ഉണ്ടായിരുന്നുള്ളു. പരിഭവമായും പിന്നെ പരാതിയായും അയാളുടെ ചെവിയിലും അതെത്തി. ഒന്നും വലിയ കാര്യമുള്ള കാര്യങ്ങളായിരുന്നില്ല.

രണ്ടുപേർക്കും വേദനിക്കാത്ത രീതിയിൽ പരാതികൾ കൈകാര്യം ചെയ്തുവെങ്കിലും അവർക്കിടയിലെ അടുപ്പവും സ്നേഹവും പഴയ പോലെ ഇല്ല എന്ന സങ്കടത്തോടെയാണ് അയാൾ തിരിച്ചുപോയത്.

വിളികളിലോ കത്തുകളിലോ പ്രശ്നങ്ങളൊന്നും കാണാഞ്ഞപ്പോൾ അയാൾ സമാധാനിച്ചതാണ്. പക്ഷെ അതിന് വലിയ ആയുസ്സുണ്ടായിരുന്നില്ല. മാസങ്ങൾ കഴിയും മുമ്പ് തന്നെ വീട്ടിലേക്ക് വിളിക്കുമ്പോൾ ഭാര്യയുടെയും ഉമ്മയുടെയും വക പരിഭവങ്ങളും പരാതികളും പരസ്പരമുള്ള കുറ്റപ്പെടുത്തലുകളും തേടിയെത്തി. രണ്ടുപേരും പറയുന്നത് ന്യായങ്ങൾ. ആരെ തിരുത്തുമെന്ന് അയാൾ വിയർത്തു. അതിനിടെ പ്രസവം കഴിഞ്ഞു. കുഞ്ഞായതോടെ പ്രശ്നങ്ങൾ അടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ കാര്യങ്ങൾ പഴയതിലും വഷളായി എന്നു മാത്രം.

നിരന്തരം വഴക്കുകളും പൊട്ടിത്തെറികളുമായതോടെയാണ് അയാൾ അടുത്ത ബന്ധുകളിലൂടെ പരിഹരിക്കാൻ ശ്രമിച്ചത്. പക്ഷെ അതിനൊന്നും വലിയ ആയുസ്സുണ്ടായിരുന്നില്ല. ഒരേ കൂരക്ക് കീഴിലാണെങ്കിലും, ഒരിക്കലും പൊരുത്തപ്പെടാൻ കഴിയാത്ത അവസ്ഥയിലേക്കെത്തിയ രണ്ടു മനുഷ്യർക്ക് വഴക്കിന് വലിയ കാരണങ്ങൾ വേണ്ടല്ലോ.

രാത്രിയിൽ ഉറക്കമൊഴിഞ്ഞും പകൽ അല്പമുറങ്ങിയും തീച്ചൂട് കൊണ്ടുമുള്ള കഷ്ടപ്പാടുള്ള ജോലിയേക്കാളും അയാളെ തളർത്തിയത് വീട്ടിലെ വഴക്കും പ്രശ്നങ്ങളും ആയിരുന്നു. രണ്ടുപേരുടെയും പക്ഷം പിടിക്കാതെയും അകൽച്ച തോന്നിക്കാതെയും സൗമ്യമായി പരിഹരിക്കാൻ അയാൾ കഴിയും വിധം ശ്രമിച്ചു കൊണ്ടിരുന്നു. നാട്ടിലേക്ക് പോകണമെന്നും കുഞ്ഞിനെ കാണണമെന്നും വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും രണ്ട് വർഷത്തിലേ ലീവ് കിട്ടുമായിരുന്നുള്ളു. പോരാത്തതിന് വീട്ടിത്തീർക്കാനുള്ള കടങ്ങളും. രാത്രിയിലെ ജോലി കഴിഞ്ഞു തളർന്നു വന്നാൽ ഉറങ്ങാൻ നേരമില്ലാതെ മണിക്കൂറുകളോളം അയാൾ വീട്ടിലേക്ക് വിളിച്ചും രണ്ടുപേരോടും സംസാരിച്ചും സമാധാനിപ്പിച്ചും.....

ഇതിനിടെ രണ്ടുവട്ടം ഭാര്യ വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് പോവുകയും അയാൾ നല്ല വാക്കുകൾ പറഞ്ഞ് തിരിച്ചു കൊണ്ടുവരികയും ചെയ്തു. പക്ഷെ
അധികനാൾ നീണ്ടില്ല. വലിയൊരു വഴക്കിനൊടുവിൽ സഹിക്കാനാവാതെ ഈ വീട്ടിലേക്കിനി കാലുകുത്തില്ല എന്ന് ശപഥം ചെയ്ത് കരഞ്ഞുകൊണ്ടാണ് അവൾ വീട്ടിലേക്ക് പോയത്.

പഴയ പോലെ അയാളുടെ അനുനയത്തിനും ബന്ധുക്കളുടെ ഇടപെടലിനും അവളെ തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞില്ല. അവളങ്ങോട്ട് തിരിച്ചു വരണമെന്ന് ഉമ്മാക്കും നിർബന്ധമുണ്ടായിരുന്നില്ല.
രണ്ടുപേർക്കും തന്നോടുള്ള സ്നേഹം നന്നായി അറിയാമെങ്കിലും
എവിടെയാണെന്ന് പിഴച്ചതെന്ന് മനസ്സിലാവാതെ ആരെയും തള്ളാനാവാതെ ഇതിനിടയിൽ തകർന്നും തളർന്നും അയാളും....

മൂന്നാലു മാസങ്ങൾക്ക് ശേഷം ഒരു ദിവസം. ഭർത്താവിന്റെ ബന്ധുവും അയൽവാസിയുമായ പ്രായം ചെന്ന സ്ത്രീ ആശുപത്രിയിൽ നിന്നും മടക്കി
മരണാസന്നയായി വീട്ടിലാണെന്ന് ആങ്ങള അവളോട് വന്നു പറഞ്ഞു. അവളോട് നല്ല സ്നേഹമുണ്ടായിരുന്ന സ്ത്രീയാണ്. ഉമ്മയുമായി വഴക്കും പ്രശ്നങ്ങളും ആയ പല സമയത്തും ഇടപെട്ട് സമാധാനിപ്പിക്കുകയും രമ്യതയിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. പോയി കാണാതിരിക്കുന്നത് ശരിയല്ല.. പക്ഷെ.

കുഞ്ഞിനെയും എടുത്ത് ആങ്ങളയോടൊപ്പം ഇറങ്ങുമ്പോൾ അവൾക്ക് ഒറ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ. അവിടെ എത്തിയാൽ ഭർത്താവിന്റെ വീട്ടിൽ കയറാൻ പറയരുത്.

ഭർത്താവിന്റെ വീടിനു മുന്നിലാണ് വണ്ടി നിർത്തിയത്. വീടിനു മുന്നിലും ചുറ്റിലുമൊക്കെ ചെറിയ ആൾക്കൂട്ടങ്ങൾ. അവൾ ഇറങ്ങാൻ മടിച്ചു. കുഞ്ഞിനെയും എടുത്തു കൊണ്ട് ആങ്ങള ഭർത്താവിന്റെ വീട്ടിലേക്ക് നടക്കുമ്പോൾ ചുറ്റിലുള്ളവരുടെ കണ്ണുകൾ അവരുടെ നേരെയാണ് എന്നറിഞ്ഞത് കൊണ്ട് എതിർക്കാതെ അവളും പിറകെ നടന്നു.

വീടിന്റെ കോലായായിലും അകത്തും നിറയെ ആളുകൾ. ആ വീട്ടിലേക്ക് കയറാൻ മനസ്സറച്ചു. ആങ്ങള കുഞ്ഞിനെയും എടുത്തു വീട്ടിലേക്ക് കയറിയപ്പോൾ, ചുറ്റും അവളെ തുറിച്ചു നോക്കുന്ന സ്ത്രീകൾക്ക് ഇടയിലൂടെ അകത്തേക്ക് കയറിയ അവളെ ആരോ കൈ പിടിച്ചു കൊണ്ടുപോയി മുറിയിലെ കട്ടിലിൽ ഇരുത്തി. അപ്പുറത്തെ മുറിയിൽ ഉമ്മയുടെ തേങ്ങിക്കരച്ചിൽ കേട്ടു.

പിറ്റേദിവസം ആ വീട്ടിന് മുന്നിൽ ആംബുലൻസ് വന്ന് നിർത്തും മുമ്പേ അവൾ കാര്യങ്ങൾ അറിഞ്ഞിരുന്നു. വിശ്രമമില്ലാത്ത അധ്വാനത്തോടൊപ്പം ഭാര്യയും ഉമ്മയും തമ്മിലുള്ള പ്രശ്നങ്ങളുടെ ഭാരവും പേറി തളർന്ന പ്രിയപ്പെട്ടവന്റെ ഹൃദയം കടലിനക്കരെ ഉറക്കത്തിൽ നിലച്ചു പോയത്. ഏറെ വൈകിയിട്ടും ഡ്യൂട്ടിക്ക് കാണാഞ്ഞ് ഹോട്ടലിൽ നിന്ന് ആരോ ചെന്നു നോക്കുമ്പോൾ കട്ടിലിനു താഴെ നിലത്തു മരിച്ചു കിടക്കുകയായിരുന്നു.

ഒരുപാട് ജീവിതഭാരം പേറി, പ്രിയപ്പെട്ടവരുടെ വാശിയും പിണക്കവും ഉണ്ടാക്കിയ സംഘർഷങ്ങളിൽ വെന്ത്, സ്നേഹിക്കുന്നവരെ വേദനിപ്പിക്കാൻ മടിച്ച്, എല്ലാം ഉള്ളിലൊതുക്കി ഇരുപത്തിയെട്ടാം വയസ്സിൽ ആ ചെറുപ്പക്കാരന്റെ ജീവിതം അവസാനിച്ചു.

മരണം നടന്ന് മാസങ്ങൾക്ക് ശേഷം ഞാനാ വീട്ടിൽ പോയപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞറിഞ്ഞതാണ്.

ഞങ്ങൾ ചെല്ലുമ്പോൾ കോലായയിൽ പായയിൽ കിടത്തിയ കുഞ്ഞിനെയും ലാളിച്ച് അടുത്തിരിക്കുകയായിരുന്നു അയാളുടെ ഉമ്മ. അയാളുടെ ഭാര്യ അകത്തുണ്ടായിരുന്നു. പ്രിയപ്പെട്ടവന്റെ മരണശേഷം അവൾ ആ വീട്ടിൽ നിന്ന് പോയിരുന്നില്ല. ഉമ്മ ഒരു വാക്ക് കൊണ്ടുപോലും അവളെ മുറിവേല്പിച്ചുമില്ല. കാണാൻ അയാളില്ലായിരുന്നു എന്ന് മാത്രം.

ചെറിയൊരു വിട്ടുവീഴ്ച്ച കൊണ്ട്, ക്ഷമകൊണ്ട് അടുപ്പത്തോടെ സ്നേഹത്തോടെ മനോഹരമായി മുന്നോട്ടു കൊണ്ടുപോവാൻ കഴിയുന്ന ജീവിതം നിസ്സാരമായ കാര്യങ്ങൾ കൊണ്ട് വാശിയിലേക്കും വെറുപ്പിലേക്കും വഴക്കിലേക്കും അകൽച്ചയിലേക്കും പകയിലേക്കുമൊക്കെ എത്തിക്കുന്നവർ ചിന്തിക്കാറുണ്ടാകുമോ ഇതിനിടയിൽ പെട്ടുപോകുന്നവരുടെ അവസ്‌ഥ.

തിരുത്താനും തിരിച്ചെടുക്കാനും കഴിയാതെ കൈവിട്ടു പോയശേഷമാണ് പലരും ഓർക്കുക. എല്ലാ നഷ്ടങ്ങളെക്കാളും മരണം വരെ തീരാത്ത ഖേദവും കുറ്റബോധവും പേറി ജീവിക്കേണ്ടി വരിക എന്നതും വലിയ ശിക്ഷയാണ്.
പക്ഷെ.....
ആരാണ് ഇതൊക്കെ ഓർക്കുന്നത്.


മുഹമ്മദ്‌ വെള്ളൂർ (സൗദി അറേബ്യ )

Post a Comment

0 Comments