ന്യൂഡൽഹി: തെലങ്കാനയിലെ ഓപ്പറേഷൻ താമരയുടെ ബന്ധപ്പെട്ട് തുഷാർ വെള്ളാപ്പള്ളിക്കെതിരേ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. എം.എൽ.എമാരെ ബി.ജെ.പി.യിൽ എത്തിക്കാൻ തുഷാർ ശ്രമിച്ചെന്നും ഇതിനായി ടി.ആർ.എസ്. നേതാക്കളുമായി തുഷാർ സംസാരിച്ചുവെന്നും ചന്ദ്രശേഖര റാവു ആരോപിച്ചു. ടി.ആർ.എസ്. എം.എൽ.എമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങളും പുറത്തുവിട്ടു.[www.malabarflash.com]
ടി.ആർ.എസ്. എം.എൽ.എ. രോഹിത് റെഡ്ഡിയെ വലവീശിപ്പിടിക്കാൻ ബി.ജെ.പി. ശ്രമം നടത്തി എന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. നൂറ് കോടി രൂപ ബി.ജെ.പിയുടെ ബ്രോക്കർമാർ വാഗ്ദാനം ചെയ്തു എന്നായിരുന്നു ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ തെലങ്കാന പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് തെലങ്കാന മുഖ്യമന്ത്രി വാർത്താ സമ്മേളനം വിളിച്ച് ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്തുവിട്ടത്.
നാല് എം.എൽ.എമാരെ ചാക്കിട്ട് പിടിക്കാൻ ശ്രമിച്ചു. ബി.ജെ.പിയുടെ നാല് ബ്രോക്കർമാർ ഇതിന്റെ ഭാഗമായി. അതിൽ ഒരാൾ തുഷാർ വെള്ളാപ്പള്ളിയാണ് എന്ന് ചന്ദ്ര ശേഖര റാവു ആരോപിച്ചു.
വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച വ്യക്തിയാണ് തുഷാർ വെള്ളാപ്പള്ളിയെന്നും തുഷാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പം ഇരിക്കുന്ന ചിത്രവും കെ ചന്ദ്രശേഖര റാവു വാർത്താ സമ്മേളനത്തിൽ ഉയർത്തിക്കാട്ടി. സി.ബി.ഐ. ഇ.ഡി. ഉൾപ്പെടെയുള്ളവർ തങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ആണ് എന്നുൾപ്പെടെയുള്ള കാര്യങ്ങൾ തുഷാർ പറഞ്ഞു എന്നും ആരോപണം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഒളിക്യാമറ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ദൃശ്യങ്ങളിലും തുഷാർ ഉണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളിലേക്ക് ചന്ദ്രശേഖര റാവു കടന്നു. തെലങ്കാന ഹൈക്കോടതിക്ക് വിവരങ്ങളൊക്കെ കൈമാറിയിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവർക്ക് തെളിവുകൾ കൈമാറുമെന്നും എല്ലാ അന്വേഷണ ഏജൻസികളൾക്കും കൈമാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷ പാർട്ടികളെ മുൻനിർത്തിക്കൊണ്ട് ഈ ശ്രമം രാജ്യവ്യാപക ക്യാമ്പയിൻ ആക്കി മാറ്റി നിയമപരമായി മുമ്പോട്ട് കൊണ്ടുപോകാനാണ് കെ ചന്ദ്രശേഖര റാവുവിന്റെ ശ്രമം.
0 Comments