NEWS UPDATE

6/recent/ticker-posts

പൂവന്‍കോഴി കൊത്തി പരിക്കൽപ്പിച്ച രണ്ട് വയസ്സുകാരന് ഗുരുതര പരിക്ക്; കോഴിയുടമക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: പൂവന്‍കോഴി കൊത്തി പരിക്കേല്‍പ്പിച്ച രണ്ട് വയസ്സുകാരന് ഗുരുതര പരിക്ക്. കോഴിയുടമക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം മഞ്ഞുമ്മല്‍ മുട്ടാര്‍ കടവ് റോഡിലാണ് സംഭവം. കുട്ടിയുടെ മുത്തച്ഛന്‍ നല്‍കിയ പരാതിയിലാണ് നടപടി.[www.malabarflash.com]


കുട്ടിയുടെ കണ്ണിനു താഴെയും തലയ്ക്ക് പിന്നിലും കോഴി കൊത്തി പരിക്കേല്‍പ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ മാസം പതിനെട്ടിനായിരുന്നു സംഭവം. മഞ്ഞുമ്മല്‍ താമസിക്കുന്ന പരാതിക്കാരന്റെ മകളുടെ മകനെയാണ് കൊത്തി പരിക്കേല്‍പ്പിച്ചത്. കുഞ്ഞ് ഒച്ചവെച്ച് കരഞ്ഞെങ്കിലും കോഴി കൊത്ത് നിര്‍ത്തിയില്ല. നിരവധി തവണ കോഴി കൊത്തുകയായിരുന്നു.

കണ്ണിനു തൊട്ടു താഴെയും കവിളിലും ചെവിക്കു പിന്നിലും തലയിലുമെല്ലാം ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. സംഭവം നടന്ന ഉടന്‍ തന്നെ കുട്ടിയെ മഞ്ഞുമ്മല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ ശിശുരോഗ വിദഗ്ധനെ കാണിക്കണമെന്ന ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. കണ്ണിനു താഴെ ആഴമേറിയ കൊത്ത് കിട്ടിയതിനാല്‍ കാഴ്ചയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചു. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയെ ഇന്നലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

അക്രമകാരിയായ കോഴി മുമ്പും ആളുകളെ ഉപദ്രവിച്ചിട്ടുണ്ട്. വിവരം ഉടമയെ അറിയിക്കുകയും കോഴിയെ കൂട്ടിലിട്ട് വളര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

ഉടമ അത് ​ഗൗരവമാക്കാതെ കോഴിയെ അഴിച്ച് വിടുകയായിരുന്നു. കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ നില കണക്കിലെടുത്ത് മുന്നോട്ട് പോവുകയായിരുന്നു. ആശുപത്രി ചിലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് പരാതി. ഐപിസി സെക്ഷന്‍ 324 വകുപ്പു പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.


Post a Comment

0 Comments