ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വൃദ്ധദമ്പതിമാരെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തിലെ മുഖ്യസൂത്രധാരന്‍ 12 വയസ്സുകാരനെന്ന് പോലീസ്. കേസില്‍ മുഖ്യപ്രതിയായ 12-കാരനെയും മറ്റുരണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് പുറമേ മഞ്‌ജേഷ്, ശിവം എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികള്‍.[www.malabarflash.com]
നവംബര്‍ 22-ാം തീയതിയാണ് ഗാസിയാബാദിലെ ആക്രി വ്യാപാരിയായ ഇബ്രാഹി(60)മിനെയും ഭാര്യ ഹസ്‌റയെയും വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഇബ്രാഹിമിന്റെ മൃതദേഹം വീട്ടിനകത്തും ഭാര്യയുടെ മൃതദേഹം പുരയിടത്തിലെ ശൗചാലയത്തിന് സമീപത്തുമാണ് കണ്ടെത്തിയത്. കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തിയനിലയിലായിരുന്നു ഹസ്‌റയുടെ മൃതദേഹം. വീട്ടില്‍നിന്ന് പണവും സ്വര്‍ണാഭരണവും നഷ്ടപ്പെട്ടിരുന്നു.
കവര്‍ച്ചയ്ക്കിടെയാണ് രണ്ടുപേരെയും അതിദാരുണമായി കൊലപ്പെടുത്തിയതെന്ന് പ്രാഥമികഘട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് 12 വയസ്സുകാരന്‍ അടക്കമുള്ള പ്രതികളെ പിടികൂടിയത്.
ദമ്പതിമാരെ നേരത്തെ പരിചയമുള്ള 12-കാരനാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇബ്രാഹിമിന്റെ കൈയില്‍ ധാരാളം പണമുണ്ടെന്ന കണക്കുക്കൂട്ടലിലാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. ഇതിനായി കൂട്ടുപ്രതികളായ മൂന്നുപേരെയും ഒപ്പംകൂട്ടി. എന്നാല്‍ കവര്‍ച്ചാശ്രമം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
പ്രതികളില്‍നിന്ന് 12,000 രൂപയും മൊബൈല്‍ഫോണും ഒരു സ്വര്‍ണമാലയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസിലെ നാലാംപ്രതിയായ സന്ദീപ് ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
0 Comments