ദോഹ: അങ്ങനെ ബ്രസീലും വീണു. ഖത്തറില്‍ അട്ടിമറികള്‍ തുടരുന്നു. ഇന്‍ജുറി ടൈമില്‍ വലകുലുക്കി കാനറികളുടെ ചിറകരിഞ്ഞുകൊണ്ട് കാമറൂണ്‍ കരുത്തുകാട്ടി. ഏകപക്ഷീയമായ ഒരു ഗോളിനാണ് കാമറൂണിന്റെ വിജയം. സൂപ്പര്‍ താരം വിന്‍സന്റ് അബൗബക്കറാണ് കാമറൂണിനായി വിജയഗോള്‍ നേടിയത്. തോല്‍വി വഴങ്ങിയിട്ടും ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു.[www.malabarflash.com]
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സെര്‍ബിയയെ കീഴടക്കി സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിന് ദക്ഷിണ കൊറിയയാണ് എതിരാളികള്‍. സ്വിറ്റ്‌സര്‍ലന്‍ഡ് പോര്‍ച്ചുഗലിനെ നേരിടും. സ്വിറ്റ്‌സര്‍ലന്‍ഡിനും ബ്രസീലിനും ആറ് പോയന്റ് വീതമാണെങ്കിലും ഗോള്‍വ്യത്യാസത്തിന്റെ ബലത്തില്‍ ബ്രസീല്‍ ഒന്നാമതെത്തി.
ബ്രസീലിന്റെ താരസമ്പത്ത് പ്രകടമാക്കുന്നതായിരുന്നു മത്സരം. പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമമനുവദിച്ചിട്ടും ബ്രസീലിന്റെ കരുത്ത് ഒട്ടും ചോര്‍ന്നില്ല. ആന്റണിയും മാര്‍ട്ടിനെല്ലിയും ജെസ്യൂസും ആല്‍വസും റോഡ്രിഗോയും ഫ്രെഡും എഡേഴ്‌സണുമെല്ലാം അണനിരന്ന ലോകോത്തര ടീമിന് പക്ഷേ ഒത്തിണക്കം ഗ്രൗണ്ടില്‍ പുറത്തെടുക്കാനായില്ല. കാമറൂണ്‍ ഗോള്‍കീപ്പര്‍ ഡെവിസ് എപ്പാസിയുടെ തകര്‍പ്പന്‍ സേവുകളും ബ്രസീലിന് വിലങ്ങുതടിയായി.
ആദ്യ മിനിറ്റ് തൊട്ട് ബ്രസീല്‍ ആക്രമിച്ച് കളിച്ചു. കാമറൂണും ആക്രമണങ്ങളില്‍ ഒട്ടും പിറകിലല്ലായിരുന്നു. മത്സരം തുടങ്ങി ആദ്യ ഏഴ് മിനിറ്റിനുള്ളില്‍ തന്നെ രണ്ട് മഞ്ഞക്കാര്‍ഡുകള്‍ പിറന്നു. ബ്രസീലിന്റെ എഡര്‍ മിലിറ്റാവോയും കാമറൂണിന്റെ നൗഹു ടോളോയും മഞ്ഞക്കാര്‍ഡ് കണ്ടു. 14-ാം മിനിറ്റിലാണ് ബ്രസീലിന്റെ ആദ്യ ഗോള്‍ ശ്രമം പിറന്നത്. മാര്‍ട്ടിനെല്ലിയുടെ ഒന്നാന്തരം ഹെഡ്ഡര്‍ കാമറൂണ്‍ ഗോള്‍കീപ്പര്‍ ഡെവിസ് എപ്പാസി തട്ടിയകറ്റി.
22-ാം മിനിറ്റില്‍ ഫ്രെഡിന് ബോക്‌സിനുള്ളില്‍ വെച്ച് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 28-ാം മിനിറ്റില്‍ ബ്രസീലിന് കാമറൂണ്‍ ബോക്‌സിന് തൊട്ടുപുറത്തുവെച്ച് ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ കിക്കെടുത്ത് റോഡ്രിഗോയ്ക്ക് പിഴച്ചു. പന്ത് പ്രതിരോധമതിലില്‍ തട്ടിത്തെറിച്ചു. 32-ാം മിനിറ്റിലും ബ്രസീലിന് സമാനമായ ഫ്രീകിക്ക് ലഭിച്ചു. പക്ഷെ ഡാനി ആല്‍വസിന്റെ ദുര്‍ബലമായ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
38-ാം മിനിറ്റില്‍ യുവതാരം ആന്റണിയുടെ ദുര്‍ബലമായ ഷോട്ട് ഗോള്‍കീപ്പര്‍ ഡെവിസ് കൈയ്യിലൊതുക്കി. ബ്രസീല്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും കാമറൂണ്‍ പ്രതിരോധം അതിനെ സമര്‍ത്ഥമായി തന്നെ നേരിട്ടു. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ മാര്‍ട്ടിനെല്ലിയുടെ തകര്‍പ്പന്‍ ഷോട്ട് ഗോള്‍കീപ്പര്‍ ഡെവിസ് ഒരുവിധം തട്ടിയകറ്റി. പിന്നാലെ കാമറൂണ്‍ വലകുലുക്കിയെന്ന് തോന്നിച്ചെങ്കിലും ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ തകര്‍പ്പന്‍ സേവിലൂടെ രക്ഷകനായി. വൈകാതെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ കാമറൂണ്‍ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് ആക്രമണം അഴിച്ചുവിട്ടു. 50-ാം മിനിറ്റില്‍ സൂപ്പര്‍താരം അബൗബക്കറുടെ ഉഗ്രന്‍ ഷോട്ട് ബ്രസീല്‍ ഗോള്‍പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 56-ാം മിനിറ്റില്‍ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ മാര്‍ട്ടിനെല്ലി ഉഗ്രന്‍ ഷോട്ട് പോസ്റ്റിലേക്കുതിര്‍ത്തെങ്കിലും അവിശ്വസനീയമായി ഡെവിസ് അത് തട്ടിയകറ്റി. പിന്നാലെ മിലിറ്റാവോയ്ക്കും മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിനും ലക്ഷ്യം കാണാനായില്ല. പിന്നാലെ ആന്റണിയും ഒരു ശ്രമം നടത്തിയെങ്കിലും അതും പാളി. പിന്നാലെ ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും കളം നിറഞ്ഞെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. 85-ാം മിനിറ്റില്‍ റാഫീന്യയുടെ ക്രോസില്‍ ബ്രൂണോയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. 89-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം പെഡ്രോയും പാഴാക്കി.
എന്നാല്‍ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് കാമറൂണ്‍ ഗോളടിച്ചു. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ സൂപ്പര്‍ താരം വിന്‍സെന്റ് അബൗബക്കറാണ് കാമറൂണിനായി വലകുലുക്കിയത്. എന്‍ഗോം എംബെക്കെല്ലിയുടെ തകര്‍പ്പന്‍ ക്രോസിന് മനോഹരമായി തലവെച്ചുകൊണ്ട് അബൗബക്കര്‍ കാമറൂണിന് ചരിത്ര വിജയം സമ്മാനിച്ചു. ജഴ്‌സിയൂരി ആഹ്ലാദം പ്രകടിപ്പിച്ച അബൗബക്കര്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തായി. പിന്നാലെ ബ്രസീല്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി.
0 Comments