NEWS UPDATE

6/recent/ticker-posts

സുഹൃത്തുക്കളോട് പന്തയംവച്ച് വിവാഹ വേദിയില്‍വച്ച് ചുംബിച്ചു; വിവാഹത്തില്‍നിന്ന് വധു പിന്മാറി

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വിവാഹച്ചടങ്ങിനിടെ വരന്‍ ചുംബിച്ചതിനെ തുടര്‍ന്ന് ഇരുപത്തിമൂന്നുകാരി വിവാഹത്തില്‍ നിന്ന് പിന്‍മാറി. ചൊവ്വാഴ്ച രാത്രി നടന്ന വിവാഹച്ചടങ്ങില്‍ മൂന്നൂറോളം അതിഥികളുടെ മുന്നില്‍ വെച്ചാണ് വരന്‍ വധുവിനെ ചുംബിച്ചത്.[www.malabarflash.com]

ഇരുവരും പരസ്പരം വരണമാല്യം ചാര്‍ത്തിയതിന് പിന്നാലെയായിരുന്നു ചുംബനം. വരന്റെ അപ്രതീക്ഷിതമായ പ്രവൃത്തിയില്‍ അമ്പരന്ന വധു വേദിയില്‍ നിന്നിറങ്ങിപ്പോവുകയും വിവാഹം വേണ്ടെന്ന് വെക്കുകയുമായിരുന്നു. പിന്നീട് യുവതി പോലീസിനെ വിളിക്കുകയും ചെയ്തു. ബറേയ്‌ലിയിലാണ് സംഭവം. വിവേക് അഗ്നിഹോത്രി എന്ന ഇരുപത്താറുകാരനെയാണ് വധു തിരസ്‌കരിച്ചത്.

സുഹൃത്തുക്കളോട് പന്തയം വെച്ചാണ് വരന്‍ തന്നെ ചടങ്ങിനിടെ ചുംബിച്ചതെന്നും യുവാവിന്റെ സ്വഭാവത്തെക്കുറിച്ച് തനിക്കിപ്പോള്‍ സംശയമുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു. വിഷയത്തില്‍ പോലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും യുവതി വഴങ്ങാന്‍ തയ്യാറായില്ല. വേദിയിലായിരുന്ന സമയത്ത് വരന്‍ തന്നെ അനുചിതമായി സ്പര്‍ശിച്ചതായും ആദ്യം താനത് അവഗണിച്ചെങ്കിലും ചുംബിക്കുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും യുവതി പറഞ്ഞു. വരന്റെ പ്രവൃത്തി ഞെട്ടലുണ്ടാക്കിയതായും അപമാനിക്കപ്പെട്ടതായി തനിക്ക് തോന്നിയതായും യുവതി കൂട്ടിച്ചേര്‍ത്തു.

അതിഥികളുടെ മുന്നില്‍ വെച്ച് ഇത്തരത്തില്‍ പെരുമാറുന്നതിലൂടെ തന്റെ ആത്മാഭിമാനത്തിന് അയാള്‍ ഒരുതരത്തിലും വിലനല്‍കുന്നില്ലെന്ന് മനസിലായതായും ഭാവിയിലും ഇത്തരത്തില്‍ അയാള്‍ പെരുമാറാനിടയുണ്ടെന്നും അതിനാല്‍ യുവാവിനൊപ്പം പോകാന്‍ താന്‍ തയ്യാറല്ലെന്നും യുവതി വ്യക്തമാക്കി. സുഹൃത്തുക്കള്‍ പ്രകോപിച്ചതിനാലാവണം തന്റെ ഭാവി മരുമകന്‍ ഒരുപക്ഷെ അത്തരത്തില്‍ പെരുമാറിയതെന്ന് വധുവിന്റെ അമ്മ പ്രതികരിച്ചു. മകളെ പറഞ്ഞുമനസിലാക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നും കുറച്ചുദിവസം കാത്തിരിക്കാമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിവാഹത്തിന്റെ ചടങ്ങുകളെല്ലാം പൂര്‍ത്തിയായെങ്കിലും വിവേക് അഗ്നിഹോത്രിയെ സ്വീകരിക്കാന്‍ യുവതി തയ്യാറല്ലെന്നും കുറച്ചുദിവസങ്ങള്‍ക്ക് ശേഷം യുവതിയുടെ തീരുമാനത്തില്‍ മാറ്റമുണ്ടാകുമോയെന്ന് നോക്കുമെന്നും ബഹ്‌ജോയ് സ്‌റ്റേഷന്‍ ചുമതലയുള്ള പങ്കജ് ലവാനിയ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Post a Comment

0 Comments